Sections

പ്രാചീന സമ്പ്രദായങ്ങളും ഗീതോപകരണങ്ങളും ബിനാലെയിൽ കലയായി മാറുന്നു: സെലിബ്രിറ്റി സന്ദർശകർ

Friday, Jan 02, 2026
Reported By Admin
Celebrities Praise Art Exhibitions at Kochi-Muziris Biennale 2025

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ (കെഎംബി 2025) കലാ പ്രദർശനങ്ങളെ പ്രശംസിച്ച് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ. ബിനാലെ നൽകുന്ന അനുഭവം ഉന്മേഷദായകവും സൃഷ്ടികൾ അത്ഭുതം നിറയ്ക്കുന്നതുമാണെന്ന് സെലിബ്രിറ്റി സന്ദർശകർ അഭിപ്രായപ്പെട്ടു.

പ്രാചീന സമ്പ്രദായങ്ങളും കരകൗശല വസ്തുക്കളും കലയായി രൂപാന്തരപ്പെടുന്നത് ശ്രദ്ധിച്ചതായി ഓസ്ട്രേലിയൻ ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവും അക്കാദമി അവാർഡ് ജേതാവുമായ എമിൽ ഷെർമാൻ പറഞ്ഞു. കലാപരമായ വഴികൾ വെല്ലുവിളി നിറഞ്ഞതും കാര്യങ്ങൾ വ്യത്യസ്തമായി അനുഭവിക്കാൻ പ്രാപ്തമാക്കുന്നതുമാണ്. ഇന്ത്യയുടെയും ഗ്ലോബൽ സൗത്തിന്റെയും വിശാലത യൂറോപ്പിൽ കണ്ടുപരിചയിച്ച ചില കലകളെ പൂർണമാക്കുന്നതായി അനുഭവപ്പെട്ടു. ബിനാലെയിൽ നിരവധി മികച്ച മൾട്ടിമീഡിയ വർക്കുകളും സിനിമകളും ആസ്വദിക്കാനായി.

നഗരത്തിന്റെ ആകർഷകമായ ഘടനയും ഫോർട്ട് കൊച്ചിയിലെ വ്യത്യസ്ത സംസ്കാരങ്ങളുടെയും ചരിത്രത്തിന്റെയും വംശങ്ങളുടെയും പാരസ്പര്യവും പുരാതന കെട്ടിടങ്ങൾ സൃഷ്ടികളുടെ പരസ്പരബന്ധത്താൽ ജീവസുറ്റതാകുന്നതും അനുഭവിക്കാനായെന്ന് എമിൽ ഷെർമാൻ പറഞ്ഞു. പുരാതന ഫോർട്ട് കൊച്ചി പട്ടണത്തിന്റെ ഊർജ്ജം അവിശ്വസനീയമാണ്. ബിനാലെയിലൂടെ അത് കൂടുതൽ ആഴത്തിലുള്ള അനുഭവമാകുന്നു.

മുമ്പ് പലതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഷെർമാൻ കൊച്ചിയും കെഎംബിയും സന്ദർശിക്കുന്നത്. പ്രദർശനം മുഴുവനായി കാണാൻ രണ്ട് ദിവസമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎംബി 2025 ഒരു സംഗീത പ്രകടന അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് സംഗീതജ്ഞനും മോഹനവീണ വാദകനുമായ പോളി വർഗീസ് സാക്ഷ്യപ്പെടുത്തുന്നു.

ആസ്പിൻവാൾ ഹൗസിൽ കണ്ട എല്ലാ കലാസൃഷ്ടികളിലും പ്രത്യേകിച്ച് സറീന മുഹമ്മദിന്റെ ഇൻസ്റ്റലേഷനിൽ സംഗീതം കേൾക്കാൻ കഴിഞ്ഞു. സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ഇൻസ്റ്റലേഷൻ ആദ്യമായിട്ടാണ് കാണുന്നത്. കലാകാരനും നർത്തകിയും സ്ഥലത്തെ വ്യാഖ്യാനിക്കുന്നതു പോലെയാണ് ഒരു സംഗീതജ്ഞൻ നിശബ്ദതയെ വ്യാഖ്യാനിക്കുന്നത്. ശൂന്യതയും നിശബ്ദതയും ധാരാളം സംസാരിക്കുന്നു. സൗന്ദര്യശാസ്ത്രം, രാഷ്ട്രീയം, തത്വചിന്ത തുടങ്ങിയ കാര്യങ്ങളിലൂടെ സ്വയം വ്യാഖ്യാനിക്കുമ്പോഴാണ് കൃതികളുമായി ബന്ധപ്പെടാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകം എല്ലാവർക്കുമുള്ളതാണെന്ന സന്ദേശം കെഎംബി പങ്കുവയ്ക്കുന്നതായി അസമിലെ ഉൾഫ പ്രസ്ഥാനത്തെക്കുറിച്ചും കത്തുന്ന ഒരു ഗ്രാമത്തിന്റെ ചിത്രത്തെക്കുറിച്ചുമുള്ള ധീരജ് റഭയുടെ സൃഷ്ടി ചൂണ്ടിക്കാട്ടി പോളി വർഗീസ് പറഞ്ഞു.

ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികൾ ഉള്ളിൽ തുളച്ചുകയറുന്നതും ശക്തവുമായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് ബിനാലെയിലെത്തിയ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ബി കാശി വിശ്വനാഥൻ ചൂണ്ടിക്കാട്ടി. ഓരോ പെയിന്റിംഗിനും ശില്പത്തിനും പിന്നിൽ ഭാവനയും സമർപ്പണവും കഠിനാധ്വാനവും പ്രകടമാണ്. ഓരോ സൃഷ്ടിയും ആഴത്തിലുള്ള അഭിനിവേശത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതിശയകരവും ചിന്തനീയവുമായ കലാ പ്രദർശനത്തിന് കൊച്ചി ബിനാലെ ടീം അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2025 ലെ അവസാന ദിവസം ബിനാലെ വേദികളിൽ വൻതിരക്കാണ് പ്രദർശനം കാണാൻ അനുഭവപ്പെട്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.