Sections

സന്ദർശകർക്ക് വൻ ഇളവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ

Thursday, Jan 29, 2026
Reported By Admin
Kochi Biennale Offers Free Entry on First, Third Mondays

  • ബിനാലെ പ്രദർശനങ്ങളിൽ മാസത്തിൽ രണ്ട് തിങ്കളാഴ്ചകൾ സൗജന്യ പ്രവേശനം

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളിൽ കൊച്ചി-മുസിരിസ് ബിനാലെ വേദികളിലെ സന്ദർശനം സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി മുതലാണ് ഇത് നടപ്പിൽ വരുന്നത്.

വിദ്യാർത്ഥികൾ, പ്രദേശവാസികൾ, സാധാരണക്കാർ തുടങ്ങിയവർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാരൂപങ്ങൾ ആസ്വദിക്കാൻ തീരുമാനം സഹായകമാകും. എല്ലാവരെയും ഉൾക്കൊള്ളുന്നതും പൊതുജനങ്ങളിലേക്ക് കലയെ എത്തിക്കുന്നതുമായ ബിനാലെയുടെ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന, കൊച്ചിയുടെ പൊതു സാംസ്കാരിക ഉത്സവമായാണ് തുടക്കം മുതൽ ഇതിനെ വിഭാവനം ചെയ്തിട്ടുള്ളതെന്നും ഫൗണ്ടേഷൻ വ്യക്തമാക്കി.

മുൻകൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന് എന്ത് സംഭവിക്കും?

പുതിയ പ്രഖ്യാപനപ്രകാരം സൗജന്യ പ്രവേശനം അനുവദിച്ച തിങ്കളാഴ്ചകളിലേക്ക് മുൻകൂട്ടി ടിക്കറ്റ് എടുത്തവർക്ക് തുക നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്ന് കെ.ബി.എഫ് അധികൃതർ പ്രത്യേകം അറിയിച്ചു. ബിനാലെ ടിക്കറ്റുകളിൽ തീയതി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ഫെബ്രുവരിയിലെ ഒന്നും മൂന്നും തിങ്കളാഴ്ചകളിലേക്ക് ടിക്കറ്റ് വാങ്ങിയവർക്ക് ആ ടിക്കറ്റുകൾ ബിനാലെയുടെ മറ്റേതൊരു ദിവസവും സന്ദർശനത്തിനായി ഉപയോഗിക്കാവുന്നതാണ്. ഒരിക്കൽ സ്കാൻ ചെയ്തുകഴിഞ്ഞാൽ ഒരു ടിക്കറ്റിന് ഒരു ദിവസം മുഴുവൻ സാധുത ഉണ്ടായിരിക്കും. ആദ്യമായി സ്കാൻ ചെയ്യുന്നത് വരെ ഈ ടിക്കറ്റുകൾ ഏത് ദിവസവും ഉപയോഗിക്കാമെന്നത് സന്ദർശകർക്ക് സൗകര്യപ്രദമാകും.

അന്താരാഷ്ട്ര തലത്തിലുള്ള പല പ്രദർശനങ്ങളിലും കർശനമായ തീയതി നിബന്ധനകൾ ടിക്കറ്റുകളിൽ ഉള്ളപ്പോൾ, കൊച്ചി ബിനാലെയിൽ ആദ്യ പ്രവേശന സമയത്ത് മാത്രം ടിക്കറ്റ് സ്കാൻ ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ ബിനാലെ വേദികൾ സന്ദർശിക്കാൻ നിശ്ചയിച്ച ദിവസം അവിചാരിതമായി മാറ്റം വന്നാലും തുക നഷ്ടപ്പെടാതെ ടിക്കറ്റ് ഉപയോഗിക്കാം. ടിക്കറ്റുകൾ കൈമാറ്റം ചെയ്യാവുന്നതാണെന്നും ആദ്യത്തെ സ്കാനിംഗ് വരെ അവയ്ക്ക് സാധുതയുണ്ടാവുമെന്നും ഫൗണ്ടേഷൻ ആവർത്തിച്ചു.

സന്ദർശകരോടുള്ള പ്രതിബദ്ധത ലക്ഷ്യമാക്കിയാണ് ഈ വിശദീകരണം നൽകുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.