- Trending Now:
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ഏഴ് സ്കൂൾ വിദ്യാർത്ഥികൾക്ക് ജർമ്മൻ പാർലമെൻറായ ബുണ്ടെസ്റ്റാഗ് സന്ദർശിക്കാൻ അവസരം ലഭിച്ചു. ജർമ്മൻ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെൻട്രത്തിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച 'മോഡൽ ജർമ്മൻ പാർലമെൻറ് ' വിജയികൾക്കാണ് ഈ സുവർണാവസരം ലഭിച്ചത്.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും വിവിധ സ്കൂളുകളിൽ നിന്നുള്ള ആലാപ് പാർട്ടെ, ആദിത്യ സുന്ദരേശൻ, അനന്തപദ്മനാഭൻ ബിലു, അക്ഷയ് ജോർജ് സാം, മെഹ്രിൻ ഖുൽസം, വാണി ബൈജു, സുൽത്താൻ നെഹാൻ മൗലാന എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജർമ്മനിയിലെ ചരിത്ര-രാഷ്ട്രീയ പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളും സ്മാരകങ്ങളും വിദ്യാർത്ഥികൾ സന്ദർശിച്ചു.
മോഡൽ ജർമ്മൻ പാർലമെൻറ് ' പരിപാടിയിലെ സംവാദങ്ങൾ, ചർച്ചകൾ, നേതൃത്വ പ്രവർത്തനങ്ങൾ, പാർലമെൻററി അവബോധം തുടങ്ങിയവയിലെ മികവിനെ അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.
പരിപാടിയുടെ പ്രധാന ആകർഷണം ബെർലിനിലെ ബുണ്ടെസ്റ്റാഗിലേക്കുള്ള സന്ദർശനമായിരുന്നു. മെയ് 18 ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച സംഘത്തിന് ഗൊയ്ഥെ-സെൻട്രത്തിലെ ജർമ്മൻ ഫാക്കൽറ്റി വിദ്യ സുബ്രഹ്മണ്യൻ നേതൃത്വം നല്കി.
ജർമ്മൻ പാർലമെൻറ് അംഗം റാൽഫ് ബ്രിങ്ക്ഹൗസിനെ കാണാനും തത്സമയ പാർലമെൻററി സെഷനിൽ പങ്കെടുക്കാനും അവസരം ലഭിച്ചു. ജർമ്മൻ പാർലമെൻറ് നടപടിക്രമങ്ങളെക്കുറിച്ച് അവബോധം നേടാൻ വിദ്യാർത്ഥികൾക്ക് ഇത് സഹായകമായി.
ജർമ്മൻ പാർലമെൻറ് അംഗമായ റാൽഫ് ബ്രിങ്ക്ഹൗസ് വിദ്യാർത്ഥികൾക്കായി സമയം മാറ്റിവച്ചത് അത്ഭുതപ്പെടുത്തിയതായും അത്തരം മനുഷ്യരുടെ മികച്ച ഇടപെടൽ അനുഭവിക്കാനായത് പുതുമയായിരുന്നെന്നും ആദിത്യ പറഞ്ഞു.
ബെർലിൻ മതിലിന് മുന്നിൽ നിൽക്കാനും നഗരത്തിൻറെ ചരിത്രപരമായ വാസ്തുവിദ്യ കണ്ടു മനസ്സിലാക്കാനും സാധിച്ചത് അവിശ്വസനീയമായി തോന്നിയതായി മെഹ്രിൻ പറഞ്ഞു.
സാക്സെൻഹൗസൻ കോൺസെൻട്രേഷൻ ക്യാമ്പ് മെമ്മോറിയൽ സന്ദർശിച്ച വിദ്യാർത്ഥികൾ ഫ്രാങ്ക്ഫർട്ടിലേക്കും യാത്ര ചെയ്തു.
ജർമ്മനിയുടെ ചരിത്രം പുസ്തകങ്ങളിലൂടെ വായിച്ചറിയുന്നതിനേക്കാൾ വ്യത്യസ്തമാണ് നേരിട്ട് അനുഭവിച്ചറിയുന്നതെന്ന് വാണി പറഞ്ഞു.
അഭിമുഖങ്ങൾ, പുത്തൻ ചിന്തകൾ, മാധ്യമ അസൈൻമെൻറുകൾ എന്നിവയിലൂടെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാനും വിദ്യാർത്ഥികൾക്ക് ഇതിലൂടെ അവസരം ലഭിച്ചു. ജനാധിപത്യം, ചരിത്രപരമായ ഉത്തരവാദിത്തം, സാംസ്കാരിക ആശയവിനിമയം, യുവാക്കളുടെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനുള്ള വേദിയായി പരിപാടി മാറി.
ജർമ്മനിയിലെ ബഹുകക്ഷി ജനാധിപത്യത്തിനെ കുറിച്ച് മനസിലാക്കാൻ വിദ്യാർത്ഥി സംഘത്തിന് ഇതിലൂടെ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം/കൊച്ചി ഗൊയ്ഥെ-സെൻട്രം ഡയറക്ടറും കേരളത്തിലെ ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ഓണററി കോൺസലുമായ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.
കേരളത്തിലെ യുവതയുടെ ആഗോള കാഴ്ചപ്പാടുകളേയും സജീവ പൗരത്വത്തേയും പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര പഠന അവസരങ്ങൾക്ക് വഴിയൊരുക്കുന്നതിനായി ഇത്തരം പരിപാടികൾ വീണ്ടും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർലമെൻറ് അംഗങ്ങളുടേയും പാർട്ടി നേതാക്കളുടെയും നയരൂപീകരണക്കാരുടെയും ചുമതലകൾ വിദ്യാർത്ഥികൾ ഏറ്റെടുക്കുന്ന വിധത്തിൽ രണ്ടു ദിവസത്തെ പരിപാടി ആയാണ് മോഡൽ പാർലമെൻറ് രൂപകല്പന ചെയ്തിരുന്നത്.
'ജർമ്മനിയുടെ മുന്നോട്ടുള്ള പാത: അഭയാർത്ഥി സംരക്ഷണവും കുടിയേറ്റ സംയോജനവും സന്തുലിതമാക്കൽ' എന്നതായിരുന്നു് മോഡൽ പാർലമെൻറിൻറെ അജണ്ട. ഇന്തോ-ജർമ്മൻ വിദ്യാഭ്യാസ, സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തുന്നതിനൊപ്പം ജനാധിപത്യ സംവിധാനങ്ങളെയും അന്താരാഷ്ട്ര സഹകരണത്തെയും കുറിച്ചുള്ള ധാരണയും വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭിച്ചു.
ഇന്തോ-ജർമ്മൻ ഭാഷാ സാംസ്കാരിക സൊസൈറ്റിയുടെ (ഐജിഎൽസിഎസ്) കീഴിൽ പ്രവർത്തിക്കുന്ന ജർമ്മൻ ഭാഷാ സാംസ്കാരിക കേന്ദ്രമാണ് ഗൊയ്ഥെ-സെൻട്രം. ഭാഷാ കോഴ്സുകൾ, സാംസ്കാരിക പരിപാടികൾ, അക്കാദമിക് സംരംഭങ്ങൾ, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ എന്നിവയിലൂടെ ജർമ്മൻ ഭാഷാ പഠനം, സാംസ്കാരിക വിനിമയം, വിദ്യാഭ്യാസ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.