- Trending Now:
തിരുവനന്തപുരം: മുൻവർഷങ്ങളിലുടനീളം സർക്കാർ സ്വീകരിച്ച നയങ്ങൾ കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയെ കരുത്തുറ്റതാക്കിയെന്നും എംഎസ്എംഇകളും യുണികോൺ സ്റ്റാർട്ടപ്പുകളും കൂടിച്ചേർന്ന് 'കേരള മോഡൽ' നടപ്പാക്കണമെന്നും ഹഡിൽ ഗ്ലോബൽ 2025 ൽ പങ്കെടുത്ത വിദഗ്ധർ.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ ഏഴാം പതിപ്പിൽ ' കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻറെ വളർച്ചയും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ മേഖലയിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും 10-15 വർഷങ്ങളായി സർക്കാർ നയങ്ങളാണ് ഈ ഇക്കോസിസ്റ്റത്തിന് ശക്തി പകർന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
എംഎസ്എംഇകളും യുണികോൺ സ്റ്റാർട്ടപ്പുകളും ചേർന്നുള്ള 'കേരള മോഡൽ' അനിവാര്യമാണെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ മൂല്യമെത്താൻ കഴിയുന്ന 100 സ്റ്റാർട്ടപ്പുകളെ കെഎസ്യുഎം കണ്ടെത്തണം. ഒരു ബാങ്കും സ്റ്റാർട്ടപ്പുകൾക്ക് നേരിട്ട് ഫണ്ടിംഗ് നൽകാറില്ല. സ്റ്റാർട്ടപ്പുകൾ ആദ്യം എംഎസ്എംഇ ആകണമെന്നാണ് ബാങ്കുകളുടെ നിലപാട്. ഇതിൽ മാറ്റം വരുത്താൻ സർക്കാരും സ്റ്റാർട്ടപ്പ് മിഷനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വർഷക്കാലം കൊണ്ട് ഐപിഒയിൽ ഇടംപിടിക്കാൻ സാധിക്കുന്ന 10 സ്റ്റാർട്ടപ്പുകളെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,
സ്റ്റാർട്ടപ്പ് മോഡലാണോ, എംഎസ്എംഇ മോഡലാണോ സ്വീകരിക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ശാസ്ത്ര സർവകലാശാല മുൻ വൈസ് ചാൻസലറും കോഴിക്കോട് ഐഐഎം ഫാക്കൽറ്റിയുമായ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
ഗ്രാൻറുകൾക്കായി സർക്കാരിനെ ആശ്രയിക്കുന്നത് സ്റ്റാർട്ടപ്പുകൾക്ക് അഭികാമ്യമല്ലെന്ന് അനലിറ്റിക്‌സ് ലീഡർ തപൻ രായ്ഗുരു അഭിപ്രായപ്പെട്ടു.
കെഎസ്യുഎം സ്വയംഭരണ സ്ഥാപനമായി മാറേണ്ടതുണ്ടെന്ന് സെൻറർ ഫോർ മാനേജ്‌മെൻറ് ഡവലപ്‌മെൻറ് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് പറഞ്ഞു. പത്ത് വർഷത്തിലേറെയായി ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റാർട്ടപ്പുകൾ വിദേശ മേളകളിൽ പങ്കെടുക്കുന്നത് അവരുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും വിപണന ശൃംഖല ശക്തിപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മുൻ ചെയർമാൻ പി എച്ച് കൂര്യൻ പറഞ്ഞു. കെഎസ്യുഎം സിഇഒ അനൂപ് അംബിക മോഡറേറ്ററായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.