Sections

കേരളത്തിലെ സാമ്പത്തിക അച്ചടക്കം മ്യൂച്വൽ ഫണ്ടിന്റെ വളർച്ചയ്ക്ക് അവസരമൊരുക്കുന്നു: ആംഫി

Saturday, Jul 12, 2025
Reported By Admin
Kerala’s Mutual Fund Investments Cross ₹94,000 Cr

കൊച്ചി: അച്ചടക്കത്തോടെയുള്ള ദീർഘകാല നിക്ഷേപത്തിനായി മ്യൂച്വൽ ഫണ്ടുകളെ സ്വീകരിച്ച് കേരളത്തിലെ ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രേരിപ്പിച്ച് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി). വർധിച്ചു വരുന്ന സാമ്പത്തിക അവബോധം, ഡിജിറ്റൽ സൗകര്യങ്ങൾ, ശക്തമായ സമ്പാദ്യ രീതികൾ എന്നിവയുടെ പിൻബലത്തിലാണ് കേരളമിന്ന് ഇന്ത്യയുടെ തന്നെ മ്യൂച്വൽ ഫണ്ട് മേഖലയിൽ മികച്ച സാന്നിധ്യമായത്. 2025 മെയ് 31-ലെ ആംഫിയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള മ്യൂച്വൽ ഫണ്ടുകളുടെ ആകെ ആസ്തികൾ 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികളായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനമാണിത്. 16,229.30 കോടി രൂപയുമായി കൊച്ചിയാണ് സംസ്ഥാനത്ത് ഏറ്റവുമധികം മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. 10,163.09 കോടി രൂപയുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്.

കേരളത്തിൽ എസ്ഐപി സംസ്ക്കാരവും ശക്തമാവുകയാണ്. സംസ്ഥാനത്തു നിന്നുള്ള ആകെ ഫോളിയോകളുടെ 45 ശതമാനം വരുന്ന രീതിയിൽ 23.2 ലക്ഷം എസ്ഐപി ഫോളിയോകളാണുള്ളതെന്ന് 2025 മാർച്ചിലെ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്നുള്ള എസ്ഐപി വിഭാഗത്തിൽ ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 28,788.69 കോടി രൂപയാണ്. കേരളത്തിൽ നിന്നുള്ള ആകെ മ്യൂച്വൽ ഫണ്ട് ആസ്തികളുടെ 34 ശതമാനമാണിത്. വാർഷികാടിസ്ഥാനത്തിൽ 27 ശതമാനത്തോളം വളർച്ചയും ഇവിടെ ദൃശ്യമാണ്. കേരളത്തിൽ നിന്നുള്ള പ്രതിമാസ എസ്ഐപി നിക്ഷേപം 635 കോടി രൂപയിലെത്തിയതായും മാർച്ച് മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നു.

കേരളത്തിലെ നിക്ഷേപകരുടെ കാര്യത്തിലെ വൈവിധ്യവും വളർന്നു വരികയാണ്. വ്യത്യസ്ത നിക്ഷേപകരുടെ കാര്യത്തിൽ 23 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 2014 മാർച്ചിൽ 10.45 ലക്ഷം നിക്ഷേപകർ ഉണ്ടായിരുന്നത് 2025 മാർച്ചിച്ച് ആയപ്പോൾ 13.13 ലക്ഷമായി വർധിച്ചു. കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ 28.5 ശതമാനവും വനിതകളാണ്. ദേശീയ ശരാശരിയായ 25.7 ശതമാനത്തേക്കാൾ മികച്ച നിലയിലാണിതെന്നത് വനിതകളെ ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്കു കൊണ്ടു വരുന്നതിലുണ്ടായ വളർച്ചയെ ആണു ചൂണ്ടിക്കാട്ടുന്നത്.

വലിയ തോതിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരമാണ് കേരളത്തിലുള്ളതെന്ന് ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട് ചലാസനി പറഞ്ഞു. ഡിജിറ്റൽ സൗകര്യങ്ങൾ, വിദ്യാഭ്യാസം, അച്ചടക്കത്തോടെയുള്ള സമ്പാദ്യ ശീലങ്ങൾ തുടങ്ങിയവ മികച്ച രീതിയിൽ മ്യൂച്വൽ ഫണ്ടുകൾ സ്വീകരിക്കാനാവുന്ന സ്ഥിതിയിലേക്കു സംസ്ഥാനത്തെ എത്തിച്ചിട്ടുണ്ട്. ഓരോ നിക്ഷേപകനേയും സംരക്ഷിക്കുകയും അറിവിന്റെ അടിസ്ഥാനത്തിൽ ദീർഘകാലത്തേക്കു മ്യൂച്വൽ ഫണ്ടിൽ പങ്കെടുപ്പിച്ച് അവരുടെ ആസ്തികളെ വളർത്താൻ ശാക്തീകരിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൽ സൗകര്യങ്ങൾ, സാമ്പത്തിക സാക്ഷരത, അച്ചടക്കത്തോടെയുള്ള സമ്പാദ്യത്തിന്റെ ശക്തമായ സംസ്ക്കാരം തുടങ്ങിയവയുടെ പിൻബലത്തോടെ കേരളം മ്യൂച്വൽ ഫണ്ടുകളിലേക്കു തിരിയുന്നത് കേവലം വരുമാനത്തിനു വേണ്ടി മാത്രമല്ല, മറിച്ച് സാമ്പത്തിക സ്ഥിരതയ്ക്കും വൈവിധ്യവൽക്കരണത്തിനും സഹായിക്കുന്ന ഒരു മാർഗമാണിതെന്നു മനസിലാക്കുന്നതു കൊണ്ടു കൂടിയാണ്. ഇന്ത്യയുടെ മ്യൂച്വൽ ഫണ്ട് മേഖല കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 2025 ജൂണിലെ കണക്കുകൾ പ്രകാരം 74 ട്രില്യൺ രൂപയിലേക്കു വളർന്നിട്ടുണ്ട്. നിക്ഷേപകരുടെ എണ്ണം 5.52 കോടിയിലുമെത്തി.

ദേശീയ തലത്തിൽ എസ്ഐപികൾ അച്ചടക്കത്തോടെയുള്ള നിക്ഷേപത്തിനുള്ള ശക്തമായ അടിത്തറയായി മാറിയിട്ടുണ്ട്. 2025 ജൂണിലെ കണക്കുകൾ പ്രകാരം എസ്ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം 27,269 കോടി രൂപയാണ്.

പ്രൊഫഷണലായി കൈകാര്യം ചെയ്യാനാവുന്നതും ചെലവു കുറഞ്ഞ രീതിയിൽ വൈവിധ്യവൽക്കരണം സാധ്യമാക്കുന്നതുമായതിനാൽ മ്യൂച്വൽ ഫണ്ടുകളോട് കേരളത്തിലെ നിക്ഷേപകർ, പ്രത്യേകിച്ച് യുവാക്കളും വനിതകളും കൂടുതലായി താൽപര്യം പ്രകടിപ്പിക്കുകയും അവരുടെ സാമ്പത്തിക പദ്ധതികളിലെ പ്രധാന ഭാഗമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. സമ്പത്ത് സംരക്ഷിക്കുക എന്നത് ലളിതമായി സമ്പാദിക്കുന്നതു മാത്രമല്ല, മറിച്ച് അവബോധത്തിന്റെ അടിസ്ഥാനത്തിൽ നിക്ഷേപിക്കുകയും ശരിയായ പദ്ധതികളിലൂടെ ശക്തമായ രീതിയിൽ അതു കെട്ടിപടുക്കുകയുമാണ് വേണ്ടത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.