Sections

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്‌ഷോ നടന്നു

Saturday, Oct 17, 2026
Reported By Admin
Kerala IT Startups Explore Dubai Business Opportunities

കൊച്ചി: ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ബിസിനസ് ഹബ്ബായ സെൻട്രലിന്റെ നേതൃത്വത്തിൽ ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ സംഘടിപ്പിച്ചു. കേരളത്തിലെ ഐ ടി കമ്പനികൾക്ക് യു.എ.ഇയിലെ ബിസിനസ് അവസരങ്ങൾ മനസ്സിലാക്കുന്നതിനും ആഗോള നിക്ഷേപകരുമായി ബന്ധപ്പെടുന്നതിനുമുള്ള അവസരമാണ് പരിപാടിയിലൂടെ ലഭിച്ചത്.

യു.എ.ഇ മാർക്കറ്റ് എൻട്രി, നിക്ഷേപങ്ങൾ, കസ്റ്റമർ അക്വിസിഷൻ, സഹകരണം, ദുബായിലെ ആഗോള സാങ്കേതിക ആവാസവ്യവസ്ഥയിലൂടെ ലഭ്യമാകുന്ന അവസരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകളിൽ ടെക്നോളജി കമ്പനി സംരംഭകരും നിക്ഷേപകരും പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-നിക്ഷേപക കണക്ടർ ഇവന്റായ എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2026 ഡിസംബർ 8 മുതൽ 10 വരെ ദുബായ് എക്സ്പോ സിറ്റിയിൽ ജൈടെക്സ് ഗ്ലോബലിനോടനുബന്ധിച്ചാണ് നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദുബായിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ എക്സ്പോയിൽ സംസ്ഥാന ഐടി വകുപ്പും സർക്കാർ ഐടി പാർക്കുകളിലെ കമ്പനികളും സ്ഥിരം സാന്നിധ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം, കന്യാകുമാരി, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങൾ ഉൾപ്പെടുന്ന ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ് കൊച്ചി റോഡ്ഷോ.

ദുബായ് യാത്രയ്ക്ക് മുൻപ് സ്ഥാപകർക്ക് അനുയോജ്യമായ വാണിജ്യ അവസരങ്ങൾ തിരിച്ചറിയാൻ പരിപാടി സഹായകരമാണ്. സെൻട്രൽ ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്മത്തുല്ല, എക്സ്പാൻഡ് നോർത്ത് സ്റ്റാർ സീനിയർ സെയിൽസ് മാനേജർ ജൂലിയൻ ആൻഡേഴ്സൺ എന്നിവർ പരിപാടിയിൽ സംസാരിച്ചു. കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട് ഗവ. സൈബർപാർക്ക് എന്നിവയുടെ സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സെൻട്രൽ ബിസിനസ് ഹെഡ് ദു അ ദേഖൈദി, ഹെഡ് ഓഫ് ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് അബീർ അൽ അലവി, പാർട്ണർഷിപ്പ് മാനേജർ ആയിഷ സുഹ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

ഇൻഫോപാർക്ക്, സൈബർപാർക്ക്, ടെക്നോപാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക്, കാഫിറ്റ്, ജിടെക്, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ വേൾഡ് ട്രേഡ് സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചു വരുന്നത്.

ഇന്ത്യയിലെ തിരഞ്ഞെടുത്ത 100 സ്ഥാപകർക്ക് എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ജൈടെക്സ് ഗ്ലോബൽ 2026 എന്നിവ കേന്ദ്രീകരിച്ചുള്ള പ്രത്യേക ദുബായ് അനുഭവം നൽകാൻ പദ്ധതിയുണ്ടെന്ന് റഫീസ് റഹ്മത്തുള്ള പറഞ്ഞു. കേരളത്തിലെ മികച്ച പ്രതിഭാശേഷിയും വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയും അന്താരാഷ്ട്ര തലത്തിൽ ശക്തമായ അടിത്തറയാണ് നൽകുന്നതെന്ന് അബീർ അൽ അലവി പറഞ്ഞു. കമ്പനികളുടെ ബിസിനസ് മോഡലുകളും യു.എ.ഇയിലെ ലക്ഷ്യങ്ങളും മനസ്സിലാക്കി മാർക്കറ്റ് എൻട്രി യാത്ര സുഗമമാക്കാനും ആവശ്യമായ റിസോഴ്സുകളുമായി ബന്ധിപ്പിക്കാനും സെൻട്രൽ ഒപ്പമുണ്ടെന്ന് ദു അ ദേഖൈദി വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.