Sections

വിലക്കയറ്റം പിടിച്ചു നിര്‍ത്തിയ കേരളം രാജ്യത്തിന് തന്നെ മാതൃക

Wednesday, Jun 15, 2022
Reported By admin

25 വർഷംകൊണ്ടു ലോകത്തിലെ വികസിതരാഷ്ട്രങ്ങളുടെ കൂട്ടത്തിലുള്ള മധ്യവരുമാന രാഷ്ട്രങ്ങളുടെ തലത്തിലേക്കു കേരളത്തെ ഉയർത്തുകയെന്നതാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

അതിശക്തമായ പ്രതിസന്ധികള്‍ക്കിടയിലും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചത് രാജ്യത്ത് തന്നെ വലിയ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ വിലക്കയറ്റം രാജ്യത്താകെ സംഭവിക്കുമ്പോള്‍ ജനങ്ങളെ കയ്യൊഴിയാത്ത സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പുതുക്കിയ എ.എ.വൈ., പി.എച്ച്.എച്ച്, പട്ടിക പ്രകാരമുള്ള ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യന്‍.


രാജ്യത്തെ മൊത്ത വില സൂചിക 3 ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 15.8 ശതമാനമാണ് ഇപ്പോഴത്തെ മൊത്ത വിലസൂചിക. ഭക്ഷ്യ വിലസൂചിക 17 മാസത്തെ ഉയര്‍ന്ന നിലയിലാണ്.

21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണു ധാന്യവില. ദേശീയ സാഹചര്യം ഇതായിരിക്കെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയെന്നതു പ്രധാന കര്‍ത്തവ്യമായികണ്ടുള്ള വലിയ ഇടപെടല്‍ കേരളം നടത്തി. സംസ്ഥാനത്തെ വിലക്കയറ്റ സൂചിക 5.1 ശതമാനം മാത്രമാണ്.

2016 മുതലുള്ള ആറു വര്‍ഷത്തിനിടെ സപ്ലൈകോ വിതരണം ചെയ്യുന്ന 13 ഇനം അവശ്യ സാധനങ്ങള്‍ക്കു വില വര്‍ധിപ്പിച്ചിട്ടില്ല. 2016 മേയിലെ അതേ വിലയ്ക്കാണ് ഇപ്പോഴും നല്‍കുന്നത്. വിശേഷ അവസരങ്ങളില്‍ പൊതുവിപണികളിലൂടെ സബ്‌സിഡി നല്‍കി സാധനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നുണ്ട്.പൊതുവിതരണ രംഗത്തെ ശക്തിപ്പെടുത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2016ല്‍ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി രാജ്യത്താകെയുള്ള റേഷന്‍ സംവിധാനം മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു മാത്രമായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി.

ഇതുപ്രകാരം സംസ്ഥാനത്തെ 43 ശതമാനം ജനങ്ങള്‍ക്കു മാത്രമാണു റേഷന് അര്‍ഹതയുള്ളവരായി കണ്ടിട്ടുള്ളത്. കേരളത്തില്‍ 1,54,8040 പേര്‍ മാത്രമാണു നിലവില്‍ ഈ റേഷന്‍ സമ്പ്രദായത്തിനു കീഴില്‍ വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ ടൈഡ് ഓവര്‍ വിഹിതമായി നല്‍കുന്നതില്‍നിന്നാണു നിലവിലെ ഘടനയില്‍ റേഷന്‍ സമ്പ്രദായത്തിനു പുറത്തായ 57 ശതമാനം വരുന്ന മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്.

എല്ലാ ജനങ്ങള്‍ക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന നയത്തിന്റ ഭാഗമായാണിത്. എല്ലാ വിഭാഗങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിനായി കേരളത്തിനുള്ള കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്നു സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയം ടൈഡ് ഓവര്‍ വിഹിതമായി സംസ്ഥാനത്തിനു നല്‍കിവരുന്ന 6459 മെട്രിക് ടണ്‍ ഗോതമ്പ് നിര്‍ത്തലാക്കി.

മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെട്ട 50 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഇതുമൂലം റേഷന്‍ കടകളില്‍നിന്നു ഗോതമ്പ് ലഭിക്കാത്ത സാഹചര്യമാണ്. ഗോതമ്പ് വിഹിതം നിര്‍ത്തലാക്കുന്നതിനു മുന്‍പുതന്നെ 2022-23 വര്‍ഷത്തെ ആദ്യ പാദത്തില്‍ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 40 ശതമാനത്തിന്റെ കുറവു വരുത്തി.

പൊതുസംവിധാനങ്ങളിൽനിന്നു പിൻവാങ്ങുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെ ഭാഗമായാണിത്. ഇതിനുള്ള ബദലാണു കേരളത്തിലെ സർക്കാർ അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി വിപണി ഇടപെടൽ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും.

കഴിഞ്ഞ രണ്ടു വർഷംകൊണ്ട് 9,702 കോടി രൂപ വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ ചെലവഴിച്ചെന്നു മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ 5,210 കോടി രൂപ സപ്ലൈകോയ്ക്ക് അനുവദിച്ചു. 1,444 കോടി രൂപയ്ക്ക് സപ്ലൈകോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽനിന്ന് അരി വാങ്ങി.

നെല്ല് സംഭരണത്തിന് 1,604 കോടി രൂപ ചെലവാക്കി. ഉത്സവച്ചന്തകൾക്കായി 106 കോടി രൂപ നൽകി. തീരമൈത്രി സൂപ്പർമാർക്കറ്റുകൾക്കു 46 ലക്ഷം രൂപ നൽകി. 32 ഇനം ഭക്ഷ്യസാധനങ്ങൾ 20 മുതൽ 30 ശതമാനം വരെ സബ്സിഡിയിൽ 1623 സപ്ലൈകോ യൂണിറ്റുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. 1929 കൺസ്യൂമർഫെഡ് കോ-ഓപ്പറേറ്റിവ് സൊസൈറ്റികളാണു കോവിഡ് കാലത്തു സംസ്ഥാനത്തു പ്രവർത്തിച്ചത്. ജനകീയ ഹോട്ടലുകളും വില പിടിച്ചുനിർത്താൻ വലിയ സഹായം നൽകി. ഉത്പാദനം, സംഭരണം, വിതരണം തുടങ്ങി സമസ്ത മേഖലകളിലുമുള്ള കാര്യക്ഷമമായ ഇടപെടലാണു സർക്കാർ നടത്തുന്നത്.

കാർഷിക മേഖലയേയും സഹകരണ മേഖലയേയും സംയോജിപ്പിച്ച് കോ-ഓപ്പറേറ്റിവ് ഇനിഷ്യേറ്റിവ് ഇൻ ടെക്നോളജി ഡ്രിവൻ അഗ്രികൾച്ചർ എന്ന പദ്ധതിക്കായി 22 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത്തവണത്തെ ബജറ്റിൽ പൊതുവിതരണത്തിനായി 2063 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

25 വർഷംകൊണ്ടു ലോകത്തിലെ വികസിതരാഷ്ട്രങ്ങളുടെ കൂട്ടത്തിലുള്ള മധ്യവരുമാന രാഷ്ട്രങ്ങളുടെ തലത്തിലേക്കു കേരളത്തെ ഉയർത്തുകയെന്നതാണു ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് 2,53,999 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ 1,53,242 കാർഡുകൾ വിതരണം ചെയ്തിരുന്നു.

ഇതിനു പുറമേയാണ് 1,00,757 കാർഡുകൾ ഇപ്പോൾ വിതരണം ചെയ്യുന്നത്. ഇതിൽ 680 എണ്ണം ഗുരുതര രോഗങ്ങളുള്ള അംഗങ്ങളുള്ള കുടുംബങ്ങൾക്കാണ്. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശംവച്ചിരുന്നവർക്ക് അവ തിരികെ ഏൽപ്പിക്കാൻ സർക്കാർ നൽകിയ അവസരം പ്രയോജനപ്പെടുത്തി 1,82,312 പേർ കാർഡുകൾ തിരികെ ഏൽപ്പിച്ചു. 2,14,274 പുതിയ റേഷൻ കാർഡുകൾ ഈ സർക്കാരിന്റെകാലത്തു നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.