Sections

ഹായ് ഗയ്സ്, യൂട്യൂബേര്‍സിനെ പുഛിക്കല്ലേ; രാജ്യത്തിന് സംഭാവന ചെയ്തത് 6,800 കോടി രൂപ

Saturday, Mar 05, 2022
Reported By Admin
youtubers

ഈ കണക്ക് ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കാന്‍ കാരണമാകുന്നു

 

രാജ്യത്ത് ഉയര്‍ന്നുവരുന്ന സാമ്പത്തിക, തൊഴില്‍ മേഖലയായി യൂട്യൂബ്  കണ്ടന്റ് ക്രിയേറ്റര്‍മാര്‍ മാറുന്നുവെന്ന് റിപ്പോര്‍ട്ട്. യൂ ട്യൂബ് ക്രിയേറ്റര്‍മാര്‍ 2020ല്‍ ഇന്ത്യന്‍ ജിഡിപിയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്യുകയും 6.83 ലക്ഷത്തിലധികം ജോലികള്‍ സൃഷ്ടിക്കുകയും ചെയ്തതായി ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. 6,000-ത്തിലധികം ഇന്ത്യന്‍ ഉപയോക്താക്കളും ബിസിനസുകാരുമായി നടത്തിയ സര്‍വേകളെ അടിസ്ഥാനമാക്കയാണ് പഠനം പുറത്തുവിട്ടത്. 

''ഇന്ത്യയിലെ വിവിധ തരം ആളുകളുമായി യൂട്യൂബ് വീഡോയകള്‍ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിനെക്കുറിച്ച് ഇപ്പോള്‍  ഞങ്ങള്‍ക്ക് ആഴത്തിലുള്ള ബോധ്യമുണ്ട്.  2020-ല്‍ യൂ ട്യൂബില്‍ കണ്ടന്റ് സൃഷ്ടിക്കുന്നവര്‍ സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റം പഠിക്കാന്‍ ഞങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിലെ വിദഗ്ധരോട് ആവശ്യപ്പെട്ടു'- അപാക് യൂട്യൂബ് പാര്‍ട്ട്ണര്‍ഷിപ്പ് റീജിയണല്‍ ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍ ദേശീയമാധ്യമമായ ദ ഹിന്ദുവിനോട് പറഞ്ഞു. 'എ പ്ലാറ്റ്ഫോം ഫോര്‍ ഇന്ത്യന്‍ ഓപ്പര്‍ച്യുണിറ്റി: ഇന്ത്യയിലെ യുട്യൂബിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക സ്വാധീനം വിലയിരുത്തല്‍' എന്ന തലക്കെട്ടില്‍ യൂട്യൂബും റിപ്പോര്‍ട്ട് പുറത്തുവിട്ടു. 

രാജ്യത്തെ കണ്ടന്റ് ക്രിയേറ്റേഴ്സിന് സാമ്പത്തിക വളര്‍ച്ചയെയും തൊഴിലവസരത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്ന ശക്തിയായി ഉയര്‍ന്നുവരാനുള്ള കഴിവുണ്ട്. ക്രിയറ്റേഴ്സും കലാകാരന്മാരും ആഗോളതലത്തില്‍ കാഴ്ചക്കാരുള്ള അടുത്ത തലമുറ മാധ്യമങ്ങളെ സൃഷ്ടിക്കും. അതുകൊണ്ടുതന്നെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വിജയത്തില്‍ അവരുടെ സ്വാധീനവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ന്, കുറഞ്ഞത് ഒരുലക്ഷം രൂപ വരുമാനം നേടുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം വര്‍ഷം തോറും 60% ശതമാനം വരെ വര്‍ധിച്ചു. ഈ കണക്ക് ഈ മേഖലയിലേക്ക് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കാന്‍ കാരണമാകുന്നു. ക്രിയാത്മകമായി ചിന്തിക്കുന്നവരെയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരെയും പ്രചോദിപ്പിക്കുന്നതാണ് വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. 

പരസ്യം, പരസ്യേതര വരുമാനം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയ െഅടിസ്ഥാനമാക്കിയായിരുന്നു ഓക്സ്ഫഡിന്റെ പഠനം. യൂട്യൂബ് ക്രിയേറ്റര്‍മാര്‍  പരോക്ഷമായും പ്രത്യക്ഷമായും തൊഴില്‍ ദാതാക്കളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.