Sections

'കലപില' സമ്മർ ക്യാമ്പിന് ഇന്ന് (ഏപ്രിൽ 26) സമാപനം; പുത്തൻ അനുഭവമായി റോബോട്ടിക്‌സ് ശിൽപശാല

Sunday, Apr 26, 2026
Reported By Admin
Kalapila 2026 Summer Camp Concludes at Kovalam

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'കലപില' സമ്മർ ക്യാമ്പിൻറെ മൂന്നാം പതിപ്പിന് ഇന്ന് (ഏപ്രിൽ 26) സമാപനമാകും. കുട്ടികളിൽ സർഗ്ഗാത്മകതയും സംരംഭകത്വ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജിൽ നടന്നുവരുന്ന ക്യാമ്പ് വ്യത്യസ്തത കൊണ്ടാണ് ഏറെ ശ്രദ്ധേയമായത്.

ക്യാമ്പിലെ ഏറ്റവും പ്രധാനപ്പെട്ട സെഷനുകളിൽ ഒന്നായ റോബോട്ടിക്സ് ശിൽപശാല വിദ്യാർത്ഥികൾക്ക് പുത്തൻ അറിവുകൾ പകർന്നുനൽകുന്നതായി മാറി. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'യൂണിക്ക് വേൾഡ് റോബോട്ടിക്സ്' എന്ന സ്റ്റാർട്ടപ്പാണ് ഈ ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്.

അത്യാധുനിക സാങ്കേതികവിദ്യകളെ ലളിതമായ രീതിയിൽ പരിചയപ്പെടുത്തുന്നതിനും കുട്ടികളിലെ ശാസ്ത്രീയ അഭിരുചി പരിപോഷിപ്പിക്കുന്നതിനും റോബോട്ടിക്സ് ശിൽപശാല സഹായിക്കുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.

ക്യാമ്പിൻറെ ഭാഗമായി സംഘടിപ്പിച്ച ബീച്ച് സന്ദർശനം വിനോദവും വിജ്ഞാനവും ഒത്തുചേർന്ന വേറിട്ട അനുഭവമായി മാറി. പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ള ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ സർഗ്ഗാത്മക ചിന്തകളെ ഉണർത്താൻ സഹായിച്ചു. അഞ്ച് മുതൽ 16 വയസ്സ് വരെയുള്ള നൂറ്റിഇരുപതോളം കുട്ടികളാണ് ആറ് ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്.

റോബോട്ടിക്സിന് പുറമെ പോട്ടറി, കളരിപ്പയറ്റ്, സംഗീതം, ക്രാഫ്റ്റ് വർക്ക് ഷോപ്പുകൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കുട്ടികളിലെ വ്യക്തിത്വ വികാസത്തിന് സഹായിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരുന്നതെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു ശ്രീപ്രസാദ് വ്യക്തമാക്കി.

പ്രശ്നപരിഹാര ശേഷി (പ്രോബ്ലം സോൾവിങ്), നവീകരണ മനോഭാവം, സംരംഭകത്വ ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുന്ന വർക്ക് ഷോപ്പുകളും സംവേദനാത്മക പ്രവർത്തനങ്ങളും 'കലപില-2026' ൽ ഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.