Sections

വിദ്യാർഥികൾക്കായുള്ള 'കലപില' സമ്മർ ക്യാമ്പിന് തുടക്കമായി; കോവളം ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ ഏപ്രിൽ 26 വരെ

Wednesday, Apr 22, 2026
Reported By Admin
Kalapila 2026 Summer Camp Begins in Kovalam

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന 'കലപില' സമ്മർ ക്യാമ്പിൻറെ മൂന്നാം പതിപ്പിന് തുടക്കമായി.

കോവളം വെള്ളാറിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കുന്ന കലപില -2026 ൽ അഞ്ച് മുതൽ 16 വയസ്സ് വരെ പ്രായമുള്ള 120 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളിൽ സർഗാത്മകത, നവീകരണം, സംരംഭകത്വ മനോഭാവം എന്നിവ വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത സംരംഭമാണ് 'കലപില'. ആറ് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് ഏപ്രിൽ 26 ന് അവസാനിക്കും.

പ്രശസ്ത കലാകാരൻ പരാഗ് പന്തീരാങ്കാവ് രൂപകൽപ്പന ചെയ്ത ഭീമാകാരമായ നാടൻ സ്ലേറ്റിൻറെ ഇൻസ്റ്റലേഷൻ ക്രാഫ്റ്റ് വില്ലജ് ക്യാമ്പസ്സിൽ സ്ഥാപിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പിലെത്തിയ കുരുന്നുകൾ ഒത്തുകൂടി ഈ സ്ലേറ്റിൽ ചിത്രങ്ങൾ വരച്ചുകൊണ്ട് കലയുടെയും വിനോദത്തിൻറെയും ലോകത്തേക്ക് ആദ്യ ചുവടുവെച്ചു. കുട്ടികളുടെ ഭാവനയെയും സ്വതന്ത്രമായ ആവിഷ്കാരങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ലേറ്റ് ഇൻസ്റ്റലേഷൻ ഒരുക്കിയത്.

ക്യാമ്പിൻറെ ആദ്യദിവസം പരാഗ് നയിച്ച ജയൻറ് പപ്പട്രി, വിപിൻ ദാസ് പരപ്പനങ്ങാടി, ജിത്തു കൊടക്കാട് എന്നിവർ നേതൃത്വം നൽകിയ തിയേറ്റർ വർക്ക് ഷോപ്പ് എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി.

വരുംദിവസങ്ങളിൽ റോബോട്ടിക്സ് ശിൽപശാല, പോട്ടറി, കളരിപ്പയറ്റ്, സംഗീതം, ക്രാഫ്റ്റ് വർക്ക് ഷോപ്പുകൾ, കമ്മ്യൂണിറ്റി സന്ദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നതെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി.യു ശ്രീപ്രസാദ് പറഞ്ഞു.

പരമ്പരാഗത അവധിക്കാല പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി കല, കരകൗശലം, വൈദഗ്ദ്ധ്യം, സർഗാത്മകത, സംരംഭകത്വം എന്നിവ സംയോജിപ്പിച്ച് കുട്ടികളിൽ വ്യക്തിത്വവും നവീകരണവും പരിപോഷിപ്പിക്കാൻ സഹായിക്കുന്ന രീതിയിലാണ് 'കലപില' ക്യാമ്പ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പ്രശ്നപരിഹാരം (പ്രോബ്ലം സോൾവിങ്), സർഗാത്മകത, സംരംഭക ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുന്ന വർക്ക് ഷോപ്പുകളും സംവേദനാത്മക പ്രവർത്തനങ്ങളും ക്യാമ്പിൽ ഉൾപ്പെടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.