- Trending Now:
തിരുവനന്തപുരം: പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനായി ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും ശാസ്ത്രീയ മുന്നേറ്റങ്ങളും ചർച്ചചെയ്ത് ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറം (ജെപിഇഎഫ്-2026) സംഘടിപ്പിച്ച 14-ാമത് വാർഷിക ഗ്ലോബൽ ഡയബറ്റിസ് കൺവെൻഷന് കോവളത്ത് സമാപനം. പ്രമേഹ രോഗ ചികിത്സയിലെ നൂതന പ്രവണതകൾ കേരളവും ഇന്ത്യയും എങ്ങനെ സ്വീകരിക്കുന്നുവെന്നും അതിലെ വെല്ലുവിളികളും സാധ്യതകളും ജെപിഇഎഫ് കൺവെൻഷനിൽ ചർച്ച ചെയ്തു.
പ്രമേഹ പരിചരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയ തെളിവുകൾ, ക്ലിനിക്കൽ വൈദഗ്ദ്ധ്യം, നൂതനാശയങ്ങൾ എന്നിവ പങ്കിടുന്നതിനുള്ള സുപ്രധാന വേദിയായി ജെപിഇഎഫ്-2026 കൺവെൻഷൻ മാറി. 'പരിചരണത്തിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കൽ' (Helping You Choose the Best in Care) എന്നതായിരുന്നു ഈ വർഷത്തെ ജെപിഇഎഫ് കൺവെൻഷൻറെ പ്രമേയം.
പ്രമേഹം, അമിതവണ്ണം, കാർഡിയോമെറ്റബോളിക് കെയർ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വളർന്നുവരുന്ന ചികിത്സാ രീതികൾ, കണ്ടുപിടുത്തങ്ങൾ, ഡയബറ്റിക് ടെക്നോളജി എന്നിവയിലെ പുതിയ കണ്ടെത്തലുകൾ കൺവെൻഷനിൽ അവതരിപ്പിച്ചു. പ്രമേഹചികിത്സാ മാർഗങ്ങൾക്കൊപ്പം അമിതവണ്ണം നിയന്ത്രിക്കേണ്ടതിൻറെ ആവശ്യകതയും കൺവെൻഷനിൽ ചർച്ചചെയ്തു. ദേശീയ, അന്തർദേശീയ തലത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, ഹെൽത്ത് കെയർ ഇന്നൊവേറ്റർമാർ എന്നിവർ ത്രിദിന പരിപാടിയിൽ പങ്കെടുത്തു.
ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറത്തിൻറെ (ജെപിഇഎഫ്) ഓർഗനൈസിങ് സെക്രട്ടറിയും ജ്യോതിദേവ് ഡയബറ്റീസ് റിസർച്ച് സെൻറർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിൻറെ നേതൃത്വത്തിലാണ് ജൂലൈ 10 മുതൽ 12 വരെ സമ്മേളനം നടന്നത്. സംഘാടക ചെയർമാൻ ഡോ. അരുൺ ശങ്കർ, കോൺഫറൻസ് ചീഫ് ഓർഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കൺവീനർ ഹരിപ്രസാദ്, സയൻറിഫിക് കോ ഓർഡിനേറ്റർ അഞ്ജന ബസന്ത് എന്നിവർ സംഘാടകരായിരുന്നു.
ആധുനിക ശാസ്ത്രം, പ്രാക്ടിക്കൽ വർക്ക്ഷോപ്പ്, സഹകരണ പഠനം എന്നിവയിലൂടെ പ്രമേഹ പരിചരണം മെച്ചപ്പെടുത്തുന്നതിനും പ്രമേഹരോഗികളായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന രാജ്യത്തെ മുൻനിര അക്കാദമിക് ഒത്തുചേരലുകളിൽ ഒന്നായി ജെപിഇഎഫ്-2026 മാറിയെന്ന് സമാപന സമ്മേളനത്തിൽ കൺവെൻഷൻ ഓർഗനൈസിങ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.
സമ്മേളനത്തിലെ പ്രബന്ധാവതരണങ്ങളിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമാപന ചടങ്ങിൽ ഡോ. ജ്യോതിദേവ് സമ്മാനിച്ചു. ഓറൽ പ്രസൻറേഷനിൽ ഡോ. ആനന്ദ് രാജ് (തിരുവനന്തപുരം) ഒന്നാം സ്ഥാനം നേടി. ഡോ. ശിവാനി പലിവാൾ (ചെന്നൈ), ഡോ. അശ്വിൻ കറുപ്പൻ വിശ്വനാഥൻ (ചെന്നൈ) എന്നിവർ രണ്ടാം സ്ഥാനത്തിന് അർഹരായി. ഡോ. ശ്രേയ ശാസ്തകുമാറിനാണ് (തിരുനെൽവേലി) മൂന്നാം സ്ഥാനം. പോസ്റ്റർ പ്രസൻറേഷനിൽ ഡോ. അഫ്രിൻ ഷബീർ (ചെന്നൈ), ഡോ. സുമയ്യ ബീഗം (കോഴിക്കോട്), ഡോ. ശിവരാമ പരിപൂർണൻ (തിരുനെൽവേലി) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി.
പ്രമേഹ രോഗവും പരിചരണവും ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ സെഷനുകൾ സമ്മേളനത്തിൽ നടന്നു. തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണത്തിലെ പുരോഗതി, എഐ നിയന്ത്രിത വ്യക്തിഗത പരിചരണം, ഓട്ടോമേറ്റഡ് ഇൻസുലിൻ ഡെലിവറി മാർഗങ്ങൾ, സ്റ്റെം സെൽ ഗവേഷണം, ടൈപ്പ് 1 പ്രമേഹത്തിനുള്ള ടെപ്ലിസുമാബ്, ബേസൽ ഇൻസുലിൻ, ഇൻഹേൽഡ് ഇൻസുലിൻ, ജെറിയാട്രിക് ഡയബറ്റിസ് മാനേജ്മെൻറ് എന്നിവയുമായി ബന്ധപ്പെട്ട സെഷനുകൾ പരിപാടിയുടെ പ്രധാന സവിശേഷതയായിരുന്നു.
ഓസ്ട്രിയ, സിംഗപ്പൂർ, മലേഷ്യ, ഈജിപ്റ്റ്, ഒമാൻ, നേപ്പാൾ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമേഹ രോഗ വിദഗ്ധർ വിവിധ സെഷനുകളിൽ പങ്കെടുത്തു. ഇതിനു പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധൻമാരും സമ്മേളനത്തിൻറെ ഭാഗമായി.
ആരോഗ്യ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ഡിബേറ്റ്, മെഡിക്കൽ ക്വിസ്, രോഗികളുമായുള്ള തത്സമയ ഇടപെടലുകൾ, ഹാൻഡ്സ്-ഓൺ സിജിഎം, ഇൻസുലിൻ പമ്പ് വർക്ക് ഷോപ്പ്, ഡയബറ്റിസ് ടെക്നോളജി എക്സ്പോ, പോസ്റ്റർ പ്രസൻറേഷൻ തുടങ്ങിയ പരിപാടികൾ ത്രിദിന സമ്മേളനത്തിൻറെ ഭാഗമായി നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.