Sections

ഡയബറ്റിക് റെറ്റിനോപ്പതി ചികിത്സയിൽ എഐ സാങ്കേതികവിദ്യ നിർണായകമെന്ന് വിദഗ്ധർ

Monday, Jul 13, 2026
Reported By Admin
AI Transforming Diabetic Retinopathy Screening: Dr Jyothidev

തിരുവനന്തപുരം: പ്രമേഹവുമായി ബന്ധപ്പെട്ട നേത്രരോഗമായ ഡയബറ്റിക് റെറ്റിനോപ്പതിയുടെ പരിശോധനയിലും ചികിത്സയിലും എഐ സാങ്കേതികവിദ്യ വലിയ മാറ്റം സൃഷ്ടിക്കുന്നതായി പ്രശസ്ത എൻഡോക്രൈനോളജിസ്റ്റ് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

കോവളത്തെ ഉദയ സമുദ്രയിൽ നടന്ന മൂന്ന് ദിവസത്തെ ആഗോള ഡയബറ്റീസ് കൺവെൻഷൻറെ പതിനാലാം പതിപ്പിനോടനുബന്ധിച്ച് ഡയബറ്റീസ് നേത്രപരിചരണത്തിൽ എഐയുടെ സ്വാധീനം എന്ന വിഷയത്തിൽ നടന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഈ രോഗം പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയായി ഉയർന്നുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ എൻഡോക്രൈനോളജിയുടെയും ഡയബറ്റിസ് ഇന്ത്യയുടെയും ഫെലോ കൂടിയായ ഡോ. ജ്യോതിദേവ് എഐ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗിൽ പുതുയുഗത്തിന് തുടക്കമായെന്നും അഭിപ്രായപ്പെട്ടു.

ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറത്തിൻറെ (ജെപിഇഎഫ്) ഓർഗനൈസിങ് സെക്രട്ടറിയും ജ്യോതിദേവ് ഡയബറ്റീസ് റിസർച്ച് സെൻറർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിൻറെ നേതൃത്വത്തിൽ ജൂലൈ 10 മുതൽ 12 വരെയാണ് സമ്മേളനം നടക്കുന്നത്. സംഘാടക ചെയർമാൻ ഡോ. അരുൺ ശങ്കർ, കോൺഫറൻസ് ചീഫ് ഓർഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കൺവീനർ ഹരിപ്രസാദ്, സയൻറിഫിക് കോ ഓർഡിനേറ്റർ അഞ്ജന ബസന്ത് എന്നിവർ സംഘാടകരാണ്.

'പരിചരണത്തിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കൽ' എന്നതാണ് ത്രിദിന ഡയബറ്റിസ് കൺവെൻഷൻറെ പ്രമേയം. പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, ഹെൽത്ത് കെയർ ഇന്നൊവേറ്റർമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

എഐയുമായി ബന്ധിപ്പിച്ച കയ്യിൽ കൊണ്ടുനടക്കാവുന്ന വൈഡ്-ഫീൽഡ് റെറ്റിനൽ ഇമേജിംഗ് ഉപകരണമായ ഫണ്ടസ് ഓൺ ഫോൺ, നേത്രവിദഗ്ധരുടെ പരിചരണം ആവശ്യമുള്ള രോഗികളെ വേഗത്തിൽ കണ്ടെത്താനും വിപുലമായ റെറ്റിനൽ പരിചരണം ഉറപ്പാക്കാനും സഹായിക്കുന്നു. എഫ്ഒപി എൻഎം10 സ്മാർട്ട്ഫോൺ അധിഷ്ഠിതവും കയ്യിൽ കൊണ്ടുനടക്കാവുന്നതുമായ ക്യാമറയാണ്. ഇതിൽ ഓൺ-ദ-എഡ്ജ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്.

എവിടെയും എപ്പോൾ വേണമെങ്കിലും ആർക്കും പരിശോധന നടത്താൻ കഴിയുന്നതിലൂടെ ആശുപത്രികൾക്ക് പുറത്തും നേത്രപരിശോധന എളുപ്പത്തിൽ ഇത് സാധ്യമാകുന്നു. ഓൺ-ദി-എഡ്ജ് എഐ ഘടിപ്പിച്ച പോർട്ടബിൾ ഫണ്ടസ് ക്യാമറകൾ ഏതാനും സെക്കൻറുകൾക്കുള്ളിൽ ചിത്രങ്ങൾ പകർത്തി വിശകലനം ചെയ്ത് പത്ത് സെക്കൻറിനകം റഫറൽ റിപ്പോർട്ട് തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ സഹായത്തോടെ നടത്തുന്ന റെറ്റിന പരിശോധനയിലൂടെ പ്രായാധിക്യവുമായി ബന്ധപ്പെട്ട കാഴ്ചപ്രശ്നമായ മാക്കുലാർ ഡീജനറേഷൻ, ഗ്ലോക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ നേരത്തേ കണ്ടെത്താൻ സാധിക്കുമെന്നതിനാൽ ഒറ്റ രോഗനിർണയത്തിനപ്പുറം ഇതിൻറെ പ്രയോജനം വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉയർന്ന നിലവാരത്തിലുള്ള ചിത്രീകരണം, എളുപ്പത്തിൽ കൊണ്ടുനടക്കാൻ കഴിയുന്ന സൗകര്യം, ഓഫ് ലൈൻ എഐ അൽഗോരിതം എന്നിവ കൂടിച്ചേർന്നതാണ് ഈ സംവിധാനം. ഇതിലൂടെ വിദൂര പ്രദേശങ്ങളിലും പരിമിത സൗകര്യങ്ങളുള്ള മേഖലകളിലും കൃത്യമായ നേത്രപരിശോധന സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ അന്ധതയ്ക്ക് കാരണമാകുന്ന പ്രധാന രോഗങ്ങളിൽ ഒന്നായി ഡയബറ്റിക് റെറ്റിനോപ്പതി മാറിയെന്നും പ്രമേഹമുള്ള അഞ്ച് പേരിൽ ഒരാൾക്കെങ്കിലും ഇതിൻറെ ലക്ഷണങ്ങൾ കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എഎംഡി കണ്ടെത്തുന്നതിൽ എഫ്ഒപി എൻഎം-10 മികച്ച കൃത്യത കാട്ടിയിട്ടുണ്ടെന്നും ഇന്ത്യയിൽ എഎംഡി സ്ക്രീനിങ്ങിന് സിഡിഎസ്സിഒയുടെ അംഗീകാരം ലഭിച്ച ഏക എഐ സംവിധാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയോസ് ഗ്ലോക്കോമ എഐ എന്ന മറ്റൊരു എഐ പ്ലാറ്റ് ഫോമും ഗ്ലോക്കോമ കണ്ടെത്തുന്നതിൽ മികച്ച ഫലം കാഴ്ചവെച്ചിട്ടുണ്ടെന്നും യൂറോപ്യൻ യൂണിയനിലും സിംഗപ്പൂരിലും ഇതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഡോ. ജ്യോതിദേവ് പറഞ്ഞു. സിഡിഎസ് സിഒയുടെ അംഗീകാരം ലഭിച്ച ആദ്യത്തെയും ഒരേയൊരു എഐ അധിഷ്ഠിത ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് സംവിധാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.