- Trending Now:
തിരുവനന്തപുരം: പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ബോഡി മാസ് ഇൻഡെക്സ് (ബി.എം.ഐ.) ഉള്ളവരായിട്ടും ഏഷ്യക്കാരിലും, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിലും ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗണ്യമായ വർധന അനുഭവപ്പെടുന്നതായി പ്രമുഖ പ്രമേഹ വിദഗ്ധൻ ഡോ. ബൻഷി സാബൂ. അതിനാൽ പ്രമേഹ ചികിത്സയിൽ എച്ച്ബിഎ1സി പരിശോധനാഫലത്തിൽ മാത്രം ആശ്രയിക്കാതെ കൂടുതൽ സമഗ്രമായ ചികിത്സാ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറം (ജെപിഇഎഫ്-2026) കോവളത്ത് സംഘടിപ്പിച്ച 14-ാമത് വാർഷിക ഗ്ലോബൽ ഡയബറ്റിസ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിതവണ്ണമില്ലാത്തവരായിരുന്നാലും ഇന്ത്യക്കാർക്ക് ബീറ്റാ സെല്ലുകളുടെ പ്രവർത്തനക്ഷമത നേരത്തേ കുറയുക, ഉദരഭാഗത്ത് കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുക, ഇൻസുലിൻ പ്രതിരോധം വർധിക്കുക, ഇൻസുലിൻറെ ആദ്യഘട്ട സ്രവണം കുറയുക തുടങ്ങിയ കാരണങ്ങളാൽ ഏകദേശം ഒന്നര വർഷം മുമ്പേ പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഡോ. ബൻഷി സാബൂ പറഞ്ഞു. ഇന്ത്യയിൽ കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണരീതിയാണ് ഭക്ഷണശേഷം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാൻ പ്രധാന കാരണമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഒരേ അളവിൽ കാർബോഹൈഡ്രേറ്റ് കഴിക്കുമ്പോൾ അറബ്, യൂറോപ്യൻ ജനവിഭാഗങ്ങളെ അപേക്ഷിച്ച് ഏഷ്യക്കാരിലാണ് ഭക്ഷണശേഷമുള്ള ഗ്ലൂക്കോസ് ഉയർച്ച ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളായ ഗ്ലൈസെമിക് വേരിയബിലിറ്റിക്ക് പ്രമേഹ ചികിത്സയിൽ കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഡോ. സാബൂ അഭിപ്രായപ്പെട്ടു. കണ്ടിന്യൂയസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) വ്യാപകമായി ഉപയോഗിക്കണം. രക്തത്തിലെ പഞ്ചസാരയിൽ വ്യതിയാനമുള്ള രോഗികളെ തിരിച്ചറിയാനും എല്ലാവർക്കും ഒരേ ചികിത്സ നൽകുന്നതിനുപകരം വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ചികിത്സാ പദ്ധതി തയ്യാറാക്കാനും ഇത് സഹായിക്കും. ഭക്ഷണശേഷമുള്ള രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും ഗ്ലൈസെമിക് വേരിയബിലിറ്റി കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്ന ചികിത്സാരീതികൾ ഇന്ത്യക്കാരും മറ്റ് ഏഷ്യൻ ജനവിഭാഗങ്ങളും നേരിടുന്ന പ്രത്യേക ഉപാപചയ വെല്ലുവിളികളെ മറികടക്കുന്നതിൽ പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎഫ് ഡിസി ചെയർമാൻ ജി. കൃഷ്ണകുമാർ ഡോ. ബൻഷി സാബൂവിന് ഉപഹാരം നൽകി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ ഡോ. സ്മിത ജോഷി, ഡോ. ജ്യോതിദേവ് കേശവദേവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറത്തിൻറെ (ജെപിഇഎഫ്) ഓർഗനൈസിങ് സെക്രട്ടറിയും ജ്യോതിദേവ് ഡയബറ്റീസ് റിസർച്ച് സെൻറർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിൻറെ നേതൃത്വത്തിലാണ് ജൂലൈ 10 മുതൽ 12 വരെ സമ്മേളനം നടന്നത്. സംഘാടക ചെയർമാൻ ഡോ. അരുൺ ശങ്കർ, കോൺഫറൻസ് ചീഫ് ഓർഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കൺവീനർ ഹരിപ്രസാദ്, സയൻറിഫിക് കോ ഓർഡിനേറ്റർ അഞ്ജന ബസന്ത് എന്നിവർ സംഘാടകരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.