Sections

പ്രമേഹ രോഗികളിൽ ഹൃദയ-വൃക്ക രോഗസാധ്യത പ്രവചിക്കുന്ന വെബ് ആപ്പ് വികസിപ്പിച്ച് ഡോക്ടർമാർ

Monday, Jul 13, 2026
Reported By Admin
New Web Tool Predicts Heart-Kidney Risk in Type 2 Diabetes

തിരുവനന്തപുരം: ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഹൃദയ-വൃക്ക സംബന്ധമായ രോഗസാധ്യത വിലയിരുത്താനും പ്രവചിക്കാനും കഴിയുന്ന വെബ് ആപ്പ് അധിഷ്ഠിത ഉപകരണം വികസിപ്പിച്ച് ഒരു സംഘം മെഡിക്കൽ വിദഗ്ധർ.

ഇൻറർനാഷണൽ കാർഡിയോ-റീനൽ റിസ്ക് അസസ്മെൻറ് ആൻഡ് സ്ട്രാറ്റിഫിക്കേഷൻ (ഐസിആർഎഎസ്) എന്ന ഈ ഉപകരണം കോവളം ഉദയ സമുദ്രയിൽ നടക്കുന്ന ആഗോള ഡയബറ്റീസ് കൺവെൻഷൻറെ പതിനാലാം പതിപ്പിലാണ് അവതരിപ്പിച്ചത്.

ജ്യോതിദേവ്സ് പ്രൊഫഷണൽ എജ്യുക്കേഷൻ ഫോറത്തിൻറെ (ജെപിഇഎഫ്) ഓർഗനൈസിങ് സെക്രട്ടറിയും ജ്യോതിദേവ് ഡയബറ്റീസ് റിസർച്ച് സെൻറർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവിൻറെ നേതൃത്വത്തിൽ ജൂലൈ 10 മുതൽ 12 വരെയാണ് സമ്മേളനം നടന്നത്. സംഘാടക ചെയർമാൻ ഡോ. അരുൺ ശങ്കർ, കോൺഫറൻസ് ചീഫ് ഓർഗനൈസറും ഡയറക്ടറുമായ സുനിത ജ്യോതിദേവ്, കൺവീനർ ഹരിപ്രസാദ്, സയൻറിഫിക് കോ ഓർഡിനേറ്റർ അഞ്ജന ബസന്ത് എന്നിവർ സംഘാടകരായിരുന്നു.'പരിചരണത്തിൽ ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കൽ' എന്നതാണ് ത്രിദിന ഡയബറ്റിസ് കൺവെൻഷൻറെ പ്രമേയം.

ക്ലിനിക്കുകളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന രോഗവിവരങ്ങൾ ഉപയോഗിച്ച് പ്രമേഹ വൃക്കരോഗം, കൊറോണറി ഹൃദ്രോഗം, ഗുരുതര ഹൃദയാഘാത സാധ്യത എന്നിവ ഉയർന്നിരിക്കുന്ന ടൈപ്പ് 2 പ്രമേഹ രോഗികളെ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്ന് ഐസിആർഎഎസ് എന്ന ഈ ഉപകരണം അവതരിപ്പിച്ച് കൊണ്ട് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

നിലവിലുള്ള മിക്ക മോഡലുകളും പ്രമേഹ രോഗികളിലെ ഹൃദയ-വൃക്ക രോഗങ്ങളുടെ പരസ്പര ബന്ധം സമഗ്രമായി വിലയിരുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന ക്ലിനിക്കൽ ബയോമാർക്കറുകളും ജീവിതശൈലിയുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളും സംയോജിപ്പിക്കുന്ന ഈ ഉപകരണം ഇന്ത്യൻ ടൈപ്പ് 2 പ്രമേഹരോഗികൾക്ക് അനുയോജ്യമായ രീതിയിൽ അപകടസാധ്യത വിലയിരുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെബ് ആപ്പ് സ്വയമേവ നൽകുന്ന വിവരങ്ങളിലൂടെ ചികിത്സാ തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെ എടുക്കുന്നതിനും രോഗസാധ്യത നേരത്തേ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ.ജ്യോതിദേവ് കേശവദേവിനൊപ്പം കർണാലിലെ ഭാരതി ഹോസ്പിറ്റലിലെ കൺസൾട്ടൻറ് എൻഡോക്രൈനോളജിസ്റ്റ് ഡോ. സഞ്ജയ് കൽറ, മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ ചെയർമാനും ചീഫ് ഡയബറ്റോളജിസ്റ്റുമായ ഡോ.വിശ്വനാഥൻ മോഹൻ, ഗംഗാനഗർ താന്തിയ ജനറൽ ഹോസ്പിറ്റലിലെ കൺസൾട്ടൻറ് എൻഡോക്രൈനോളജിസ്റ്റ് ഡോ. അതുൽ ധിംഗ്ര, ന്യൂഡൽഹി മാക്സ് ഹെൽത്ത്കെയർ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് ചെയർമാൻ ഡോ. ദിനേശ് ഖുള്ളർ, ഹൈദരാബ്ദ് കെയർ ഹോസ്പിറ്റലിലെ സീനിയൻ കൺസൾട്ടൻറ് എൻഡോക്രൈനോളജിസ്റ്റ് ഡോ. കീർത്തികുമാർ ഡി. മോദി, ഗുവാഹത്തി അപ്പോളോ എക്സൽകെയർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മനാഷ് പി ബറുവ, ബെംഗളൂരുവിലെ രാമയ്യ മെഡിക്കൽ കോളേജിലെ സീനിയർ കൺസൾട്ടൻറ് ഡോ. പ്രമീള കൽറ, മുംബൈ സൈഫി ഹോസ്പിറ്റൽ, എച്ച് എൻ റിലയൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ കൺസൾട്ടൻറ് എൻഡോക്രൈനോളജിസ്റ്റ് ഡോ. ഷെഹിയ ഷെയ്ഫ്, തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. ടൈനി നായർ, ഡൽഹി സിഇഡിഎആർ സൂപ്പർ സ്പെഷ്യാലിറ്റി ഹെൽത്ത്കെയർ ഡയറക്ടർ ഡോ. ദീപ് ദത്ത, സിഎംസി വെല്ലൂരിലെ കൺസൾട്ടൻറ് എൻഡോക്രൈനോളജിസ്റ്റും മേധാവിയുമായ ഡോ. നിതിൻ കപൂർ എന്നിവരാണ ഈ ഉപകരണത്തിൻറെ വികസനത്തിന് പിന്നിൽ പ്രവർത്തിച്ചത്.

5000 രോഗികളുടെ യഥാർത്ഥ ഡാറ്റ ഉപയോഗിച്ചാണ് ഈ മോഡൽ ആദ്യം വിലയിരുത്തിയത്. തുടർന്ന് ഒരു ലക്ഷത്തിലധികം പേരെ ഉൾപ്പെടുത്തി തയ്യാറാക്കിയ വെർച്ച്വൽ കൂട്ടായ്മയിലും പരീക്ഷിച്ചു. ഇന്ത്യൻ ജനസംഖ്യയുടെ പ്രായ-ലിംഗ ഘടനയും പ്രമേഹവ്യാപനവും അടിസ്ഥാനമാക്കിയാണ് ഈ വെർച്വൽ കൂട്ടായ്മ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വ്യത്യസ്ത വിഭാഗങ്ങളിലുള്ള രോഗികളിലും വിവിധ റിസ്ക് വിഭാഗങ്ങളിലും ഈ ഉപകരണം കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് വിപുലമായ പഠനം തെളിയിച്ചതായി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.

ടൈപ്പ് 2 പ്രമേഹ രോഗികളിലെ ഹൃദയ-വൃക്ക രോഗസാധ്യത കൂടുതൽ സമഗ്രമായി വിലയിരുത്താൻ പുതിയ സമീപനം ആവശ്യമായിരുന്നെന്നും നിലവിലെ മോഡലുകൾക്ക് ചില പരിമിതികൾ നിലനിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൈപ്പ് 2 പ്രമേഹരോഗികളിലെ ഹൃദയ-വൃക്ക ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയ ചോദ്യാവലിയെ അടിസ്ഥാനമാക്കിയാണ് ഈ ഉപകരണത്തിൻറെ പ്രവർത്തനം. ജനസംഖ്യാപരമായ വിവരങ്ങൾ, കുടുംബചരിത്രം, മെഡിക്കൽ-ലബോറട്ടറി പരിശോധനാ വിവരങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് അൽഗോരിതം അവ വിശകലനം ചെയ്ത് റിസ്ക് സ്കോർ നിർണയിക്കുന്നു.

എച്ച്ബിഎ1സി, എസ്ബിപി, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, പുകവലി, മദ്യപാനം, ലബോറട്ടറി പരിശോധനകൾ എന്നിങ്ങനെയുള്ള എല്ലാ ബയോമാർക്കറുകളും ഉൾപ്പെടുത്തിയാണ് ഈ ഉപകരണം വിലയിരുത്തൽ നടത്തുന്നത്.

ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൃദയ-വൃക്ക സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കണക്കാക്കി രോഗികളെ വിവിധ റിസ്ക് വിഭാഗങ്ങളായി തരംതിരിക്കുന്ന കോമ്പോസിറ്റ് സ്കോർ അൽഗോരിതം സൃഷ്ടിക്കും. പൂജ്യം മുതൽ 100 വരെയുള്ള ഈ സ്കോറിൽ ഉയർന്ന സ്കോർ ലഭിക്കുന്നവർക്ക് ഭാവിയിൽ ഹൃദയ-വൃക്ക സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിലയിരുത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.