- Trending Now:
എല്ലാം ഓണ്‍ലൈനില്‍ കിട്ടുന്ന എല്ലാത്തിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന കാലമാണ്.ഫാഷനും ഓണ്‍ലൈന്‍ ലോകത്ത് വലിയ മാര്‍ക്കറ്റാണ്. കേരളത്തില്‍ പോലും നൂറിലധികം ഓണ്‍ലൈന്‍ സ്‌റ്റോറുകളുണ്ട്.ഈ ലോകത്താണ് വരരോഹ എന്ന വ്യത്യസ്തമായ പേരുമായി ചിത്ര കടന്നു വരുന്നത്.എത്‌നിക്ക്,ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് പകരം സിംപിളായ കാഷ്വല്‍വെയറുകളുമായി ഓണ്‍ലൈന്‍ ഫാഷന്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ നവസംരംഭക.കുട്ടിക്കാലം തൊട്ടെ മനസില്‍ പതിഞ്ഞ ബിസിനസ് എന്ന സ്വപ്നത്തെ കൈനീട്ടിപിടിച്ച കഥ ചിത്ര തന്നെ പറയട്ടെ....
ചിത്ര മുരളീധരന്‍, പാലക്കാട് ജില്ലയിലെ മലമക്കാവ് എന്ന് പറയുന്ന ഗ്രാമത്തിലാണ് ചിത്ര ജനിച്ചതും വളര്‍ന്നതും.സ്‌കൂള്‍ പഠനത്തിനു പിന്നാലെ ബികോമില്‍ ഡിഗ്രി ചെയ്തു.കൊച്ചിയിലെ SCMS ബിസിനസ് കോളേജില്‍ നിന്ന് പിജിഡിഎം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ജോലിയില്‍ പ്രവേശിച്ചു.സാധാരണ പോലെ പോയ്‌ക്കൊണ്ടിരുന്ന ചിത്രയുടെ ജീവിതത്തില്‍ വഴിത്തിരിവ് സംഭവിക്കുന്നത് പിന്നെയും കുറച്ചുകാലം കൂടി കഴിഞ്ഞിട്ടാണ്.ബാംഗ്ലൂരില്‍ മൂന്ന് വര്‍ഷത്തോളം ജോലി ചെയ്ത ചിത്ര പിന്നെ നേരെ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലൊരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു അഞ്ച് വര്‍ഷക്കാലം കോര്‍പറേറ്റ് കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് ബിസിനസ് എന്ന മോഹത്തിനു പിന്നാലെ ചിത്ര പറന്നു തുടങ്ങിയത്.
ബിസിനസിലേക്ക് സ്ത്രീകള്‍ മുന്നോട്ടു വരുന്ന സമയമാണ് എങ്ങനെയാണ് ബിസിനസ് തുടങ്ങാം എന്ന ചിന്ത തുടങ്ങുന്നത് ? കുടുംബം ?
എന്റെ അച്ഛന്‍ ഗള്‍ഫിലായിരുന്നു കുറേക്കാലം മുന്‍പെ പുള്ളി നാട്ടിലെത്തി.അമ്മയും ഒരു സാധാരണ വീട്ടമ്മ തന്നെയായിരുന്നു.ഞാനൊറ്റ മകളാണ്.മിഥുന്‍ ശേഖര്‍ ആണ് ഭര്‍ത്താവ് ഇന്‍ഫോസിസിലാണ് വര്‍ക്ക് ചെയ്യുന്നത്.മിഥുന്റെ വീട് തിരുവനന്തപുരത്തായതുകൊണ്ട് ഇപ്പോള്‍ ഞാനും ഇവിടെ തന്നെയാണ്.
എന്റെ മനസില്‍ പഠിക്കുന്ന കാലം തൊട്ടേ സ്വന്തമായൊരു ബിസിനസ് ചെയ്യണമെന്ന മോഹം ഉണ്ടായിരുന്നു.എന്നെ കൊണ്ട് പക്ഷെ ഒരു ബിസിനസ് ചെയ്യാനും അതിലേക്കായുള്ള റിസ്‌ക്ക് എടുക്കാനുമൊക്കെ സാധിക്കുമോ എന്ന ഭയം കാരണം ഈ ആഗ്രഹം മനസില്‍ തന്നെ വെച്ചുപൂട്ടി.അന്നെനിക്ക് ശരിക്കും ബിസിനസ് എന്താണോ, എന്ത് ചെയ്യണമെന്നോ പോലും അറിയാത്തതു കൂടിയായപ്പോള്‍ ആ്ത്മവിശ്വാസം തീരെയില്ലാതായി.ഒരാഗ്രഹമായി തന്നെ അവസാനിക്കുമായിരിക്കും എന്ന ചിന്തയിലായിരുന്നു പിന്നീട്.ജോലിയില്‍ പ്രവേശിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍ സ്വന്തം ബിസിനസ് എന്ന വലിയ സ്വപ്‌നമുണ്ടായിരുന്നു.
വീട്ടില്‍ എന്റെ അച്ഛനും അമ്മയും ഒന്നും അത്രവിശാലമായ ചിന്താഗതിയുള്ളവരായിരുന്നില്ല, അതുമാത്രമല്ല കുടുംബത്തില്‍ അങ്ങനെ ബിസിനസുകാരോ, ആമേഖലയിലേക്ക് താല്‍പര്യമുള്ളവരോ ഒന്നും ഉണ്ടായിട്ടില്ല.അതുകൊണ്ട് തന്നെ എന്റെയീ മോഹത്തെ കുറിച്ച് വീട്ടില്‍ പറയാന്‍ പോലും കഴിഞ്ഞിരുന്നില്ല.ബിസിനസുമായി ഒരുബന്ധവുമില്ലാത്ത ആളുകളോട് ഒരു പുതിയ ബിസിനസ് തുടങ്ങുന്നതിന്റെ കുറിച്ച് പങ്കുവെച്ചാല്‍ വിജയിച്ചില്ലെങ്കില്‍ എന്താകും? റിസ്‌ക്കെടുക്കേണ്ടതുണ്ടോ? ജീവിതം പ്രതിസന്ധിയിലായി പോകോ ? തുടങ്ങി അവര്‍ക്ക്, നൂറോളം സംശയങ്ങളും വലിയ ആശങ്കകളാകും സമ്മാനിക്കുകയെന്ന് എനിക്ക് തോന്നുന്നു.
പിന്നെ വളരെ പ്രധാനമായും എന്നെ പിന്നോട്ട് വലിച്ചത് ഞാന്‍ അന്ന് ജോലിയില്‍ കയറിയിട്ടെയുള്ളു.സേവിംഗ്‌സ് ഒന്നും ഇല്ല.സ്വന്തം ബിസിനസ് തുടങ്ങുമ്പോള്‍ ചെറിയ രീതിയിലെങ്കിലും പ്രാരംഭഘട്ടത്തില്‍ ഒരു തുക നിക്ഷേപിക്കണമല്ലോ.ഇതൊക്കെ കാരണം സാമ്പത്തികമായി ഞാന്‍ എന്നെങ്കിലും സ്റ്റേബിള്‍ ആകുന്ന സമയത്ത് ചെയ്യാം എന്ന തീരുമാനത്തില്‍ വെയിറ്റ് ചെയ്തു.അപ്പോഴും എന്ത് സ്റ്റാര്‍ട്ട് ചെയ്യണം എന്നൊന്നുമല്ല എന്തെങ്കിലും ഒരു ബിസിനസ് എന്റെ സ്വന്തമായി ചെയ്യണം എന്നതുമാത്രമായിരുന്നു ചിന്ത.
2021ല്‍ ആണ് ഞാന്‍ ബിസിനസ് തുടങ്ങുന്നത്.അതിനൊരു ഏകദേശം ഒരു വര്‍ഷം മുന്‍പ് തന്നെ പ്ലാനിംഗ് ഒക്കെ തുടങ്ങിയിരുന്നു.പ്ലാനിംഗ് എന്നു കേള്‍ക്കുമ്പോള്‍ കംപ്ലീറ്റ് ബിസിനസ് പ്ലാനൊന്നുമല്ല.വരരോഹ എന്ന പേര് പക്ഷെ അക്കാലത്തേ തിരുമാനിച്ച് ഉറപ്പിച്ചിരുന്നു.മിഥുന്‍ ആണ് പേര് കണ്ടുപിടിച്ചത്.ആ പേരില്‍ വല്ലാത്ത ആത്മവിശ്വാസം തോന്നിയപ്പോഴേ ബിസിനസ് ഏതായാലും പേര് വരരോഹ മതിയെന്ന് ഉറപ്പിച്ചു.ഞാന്‍ ആ ഒരു വര്‍ഷക്കാലം എന്നെ തന്നെ പഠിപ്പിക്കുകയായിരുന്നു,എന്താണ് ബിസിനസ് എന്നും അതിലെ വിജയവും ലാഭത്തിനുമപ്പുറം കാത്തിരിക്കുന്ന ബുദ്ധിമുട്ടുകളും പരാജയങ്ങളെ കുറിച്ചും ഒക്കെ മനസിനെ ബോധിപ്പിച്ചു.ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും റിസ്‌ക്കെടുക്കാനും മനസിനെ പ്രാപ്തമാക്കാന്‍ ആ ഒരു കൊല്ലം കൊണ്ട് കഴിഞ്ഞു.
വല്ലാത്തൊരുതരം ഭീതി കാരണം നാളുകള്‍ അങ്ങനെ കഴിഞ്ഞു പോയി.ഒടുവില്‍ ഒരു പോയിന്റില്‍ എനിക്ക് എന്റെ സ്വന്തം സേവിംഗ്‌സില്‍ നിന്ന് തന്നെ ചെറിയ രീതിയിലെങ്കിലും ഒരു തുക ഇന്‍വെസ്റ്റ് ചെയ്യാന്‍ കഴിയും എന്ന വിശ്വാസം വന്നപ്പോള്‍ ബിസിനസ് തുടങ്ങാം എന്ന് തീരുമാനിച്ച്.ഇരു കുടുംബങ്ങളെയും വേണ്ടപ്പെട്ടവരെയും ഒക്കെ ഞാനൊരു ബിസിനസ് തുടങ്ങാന്‍ പോകുന്നു എന്ന കാര്യം അറിയിക്കുക വലിയ കടമ്പ തന്നെയായിരുന്നു.പ്രത്യേകിച്ച് അവര്‍ക്ക് ബിസിനസുമായി ഒരുതരത്തിലുള്ള ബന്ധവും ഇല്ലാത്തതുകൊണ്ട് അവരില്‍ നിന്നുണ്ടാകുന്ന പലതരം ചോദ്യങ്ങളും നേരിടേണ്ടതായി വരും.അതിനൊക്കെ വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയും എന്ന ആത്മവിശ്വാസം അപ്പോഴേക്കുമുണ്ടായി.അതിന് നൂറുശതമാനം സപ്പോര്‍ട്ടുമായി മിഥുനും അടുത്ത സുഹൃത്തുക്കളും കൂടെ നിന്നു.
ഇന്നത്തെക്കാലത്ത് ഒരുപാട് സ്ത്രീകള്‍ ബിസിനസിലേക്ക് വരുന്നുണ്ട്.അവരിലൊരുപാട് പേര്‍ വലിയ വിജയങ്ങള്‍ നേടുന്നു.പലതരം പുതിയ ആശയങ്ങളുമായി എത്തുന്നു.ഇന്നത്തെ സ്ത്രീകള്‍ റിസ്‌ക്ക് എടുക്കാന്‍ റെഡിയാണ്.ബിസിനസ് മേഖലയില്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍,കഠിനാധ്വാനം ചെയ്യാന്‍ വില്‍പവറുള്ളവരാണ്.
സ്ത്രീകള്‍ മാത്രമല്ല ഒരുപാട് പുരുഷന്മാരും ഇതുപോലെ ബിസിനസ് മേഖലയില്‍ തിളങ്ങുന്നുണ്ട്.ബിസിനസ് ഫാമിലിയുടെ പിന്‍ബലമോ,വലിയ അറിവോ ഇല്ലാതെ വര്‍ക്ക് ചെയ്യാനുള്ള മനശക്തിയും പ്രവര്‍ത്തനമികവും കൊണ്ട് ബിസിനസ് വളര്‍ത്തി വിജയങ്ങളായി മാറ്റിയിട്ടുള്ള ഒരുപാട് പേര്‍..ഇത്തരത്തിലുള്ള സ്ത്രീകളും പുരുഷന്മാരും എനിക്ക് വലിയ പ്രചോദനം തന്നെയാണ് സമ്മാനിക്കുന്നത്.ഒരുപക്ഷെ ഞാനും ഒരു ബാക്ക്ഗ്രൗണ്ടോ, സാമ്പത്തിക ലഭ്യതയോ ഒന്നുമില്ലാതെ ഈ രംഗത്തേക്ക് കടന്നുവന്നയാളായതുകൊണ്ടാകും.ആകെ എന്റെ പക്കലുള്ളത് ഒരു നല്ല ബിസിനസ് ഐഡിയയും പിന്നെ ബിസിനസ് ചെയ്യാനുള്ള ആത്മവിശ്വാസവും റിസ്‌ക്കെടുക്കാനുള്ള ധൈര്യവും.
ബിസിനസില്‍ എപ്പോഴും വിജയം മാത്രമല്ല, പരാജയങ്ങളുണ്ടാകാം,തകര്‍ച്ചകളുണ്ടാകാം.അപ്പോഴേക്കും ബിസിനസ് വിട്ടുപോകാതെ അതിജീവിച്ച് പുതിയ കാര്യങ്ങള്‍നടപ്പിലാക്കി വലിയ തിരിച്ചുവരവ് നടത്താന്‍ കഴിയണം.പരാജയം എപ്പോഴും കടന്നുവരാം എന്നത് മനസിനെ പഠിപ്പിക്കുകയാണ് പ്രധാനം.ഞാന്‍ ബിസിനസ് തുടങ്ങിയിട്ടേയുള്ളു.സാധാരണ പോലെ പോകുന്ന ബിസിനസ് ആണ് ഒരുപാട് കാര്യങ്ങള്‍ ഇനിയും പഠിച്ചെടുക്കാനുണ്ട്.
ക്ലോത്തിംഗ് ബ്രാന്‍ഡാണ് ചിത്രയുടേത്.ഈ രംഗത്ത് മത്സരം തീഷ്ണമാണ്.എന്നിട്ടും ഇത് തന്നെ മതി ബിസിനസ് ചെയ്യാന്‍ എന്ന തോന്നലിനു പിന്നില്‍ ?
അതെ, ഒരുപാട് പേര്‍ ക്ലോത്തിംഗ് ബിസിനസ് ചെയ്യുന്നുണ്ട് നൂറുക്കണക്കിന് ബ്രാന്‍ഡുകള്‍ വിപണിയിലുണ്ട്.അതിശക്തമായ കോംപറ്റീഷന്‍ നടക്കുന്നു.തുടക്കത്തില്‍ ഞാന്‍ ഒരു ക്ലോത്തിംഗ് ബിസിനസ് ആണ് ചെയ്യാന്‍ പോകുന്നത് എന്ന ചിന്തിച്ചപ്പോഴേ ഈ കാര്യങ്ങളൊക്കെ മനസിലുണ്ടായിരുന്നു.എങ്ങനെ എന്റെ വസ്ത്രങ്ങള്‍ ആളുകളിലേക്ക് എത്തിക്കും.ഒരുപാട് ബ്രാന്‍ഡുകളെ മറികടന്ന് ഉത്പന്നത്തിലേക്ക് ജനത്തെ ആകര്‍ഷിക്കാന്‍ മികച്ച ഗുണമേന്മയുള്ള, യുണീക്കായ പ്രോഡക്ട്‌സ് കൊടുത്താല്‍ പോരേ എന്ന മറുചിന്തയില്‍ പരിഹാരം കണ്ടെത്താന്‍ സാധിച്ചു.എന്തൊക്കെ മത്സരം നടന്നാലും നമ്മള്‍ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാതിരുന്നാല്‍ ആളുകള്‍ വരുക തന്നെ ചെയ്യും.അതുപോലെ മാര്‍ക്കറ്റില്‍ പ്ലെയിസ് ചെയ്യുമ്പോഴും ഈ മികവ് ഫോക്കസ് ചെയ്യാന്‍ മറക്കരുത്.
ഡിസൈനര്‍ വെയറോ,സാരിയോ ഒന്നും ഞാന്‍ ചെയ്യുന്നില്ല.കാഷ്വല്‍സ് മാത്രമാണ് വില്‍പ്പന നടത്തുന്നത്.അതുകൊണ്ട് തന്നെ കൃത്യമായ ടാര്‍ജറ്റിനെ മാത്രം ശ്രദ്ധിച്ച് ,ആ പ്രത്യേക ഏജ് ഗ്രൂപ്പിലേക്ക് മാത്രം ബിസിനസ് ചെയ്യാന്‍ കഴിയുന്നു. അതുകൊണ്ട് തന്നെ എല്ലാവരിലേക്കും എന്റെ ഉത്പന്നം എത്തിക്കാനുള്ള ഓവര്‍ലോഡ് ജോലി ചെയ്യേണ്ട ആവശ്യവരുന്നില്ല.ടാര്‍ജറ്റ് ഗ്രൂപ്പിനെ ഫോക്കസ് ചെയ്ത് കൃത്യമായി പ്ലാന്‍ ചെയ്ത് മാര്‍ക്കറ്റ് ചെയ്താല്‍ വിപണിയില്‍ നിന്ന് പിന്നോട്ട് പോകേണ്ടിവരില്ല.ഒരു ബിസിനസ് തുടങ്ങുമ്പോള്‍ നമ്മുടെ താല്‍പര്യം പരിഗണിക്കേണ്ട പ്രധാന വസ്തുതയാണ്.എല്ലാവരും തുണിക്കട തുടങ്ങുന്നു എന്നാല്‍ ഞാനും എന്ന ശീലം പാടില്ല.നമുക്ക് താല്‍പര്യമുള്ള മേഖലയില്‍ ബിസിനസ് ചെയ്താലേ അത് നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ആര്‍ജവമുണ്ടാകു.എന്റെ കാര്യം തന്നെ നോക്കിയാല്‍, എനിക്ക് കാഷ്വല്‍സിനോട് ആണ് താല്‍പര്യം അതുകൊണ്ട് അതു ബിസിനസ് ചെയ്യാനായി തെരഞ്ഞെടുത്തു.ഹെവി വര്‍ക്കുള്ള ഡിസൈനര്‍ വെയറോ,ബ്രൈഡല്‍ വെയറോ ചെയ്തു തുടങ്ങാനുള്ള അറിവോ,പരിചയമോ എനിക്കിപ്പോള്‍ ഇല്ല.
വരരോഹ, പേര് കേള്‍ക്കുമ്പോള്‍ എത്നിക് എന്ന് തോന്നുമെങ്കിലും മോഡേണ്‍ വസ്ത്രങ്ങളുടെ ശേഖരം തന്നെ അവതരിപ്പിക്കുന്ന ബ്രാന്‍ഡാണ് വരോഹ പേരിനു പിന്നില്‍ ?
എലഗന്റെ വുമണ്‍ എന്നാണ് വരരോഹ എന്നതിന്റെ അര്‍ത്ഥം.ഈ പേര് കണ്ടെത്തിയത് മിഥുന്‍ ആണ്.ഞാന്‍ നേരത്തെ പറഞ്ഞല്ലോ, വരരോഹ തുടങ്ങുന്നതിന് ഒരു കൊല്ലം മുന്‍പെ ബിസിനസിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും പ്ലാനിംഗും ഒക്കെ തുടങ്ങിയിരുന്നു.ആ സമയത്ത് ഞങ്ങള്‍ ഒരുപാട് പേരുകള്‍ നോക്കി,ഇന്ത്യനും അല്ലാത്തതും പലതും പക്ഷെ ഒന്നും മനസിലേക്ക് പതിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഭര്‍ത്താവ് വരരോഹ എന്ന പേര് പറഞ്ഞപ്പോള്‍ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരു കൊല്ലം കഴിഞ്ഞ് ബിസിനസ് ആരംഭിക്കുമ്പോഴും വരരോഹ എന്ന പേര് മറ്റണമെന്ന ചിന്ത വെറുതെപോലുമുണ്ടായില്ല.
പേര് കേള്‍ക്കുമ്പോള്‍ എത്‌നിക് വെയര്‍ ബ്രാന്‍ഡ് പോലെ തോന്നും പക്ഷെ ഞാന്‍ പക്കാ മോഡേണ്‍ വസ്ത്രങ്ങള്‍ ഇംപോര്‍ട്ട് ചെയ്താണ് വരരോഹ വഴി വില്‍പ്പന നടത്തുന്നത്.നിലവില്‍ ഞാന്‍ സ്വന്തമായി ഡിസൈന്‍ ചെയ്തു തുടങ്ങിയിട്ടില്ല.പക്ഷെ ഞങ്ങള്‍ സ്വന്തം പ്രൊഡക്ഷനിലേക്ക് കടന്നിട്ടുണ്ട്.വരരോഹ എന്ന ബ്രാന്‍ഡില്‍ തന്നെ വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.മോഡേണ്‍ വസ്ത്രങ്ങള്‍ ആണെങ്കില്‍ കൂടി പൂര്‍ണമായും ഇന്ത്യന്‍ ബ്രാന്‍ഡായി വരരോഹയെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ജന്‍ഔഷധി ആ കാലത്ത് ഒരു പരീക്ഷണമായിരുന്നു; ജനങ്ങള്‍ അകന്നു പോയപ്പോള്‍ ബുദ്ധിമുട്ടി പക്ഷെ നിരന്തര പ്രയത്നം വിജയം സമ്മാനിച്ചു കാര്ത്തികേയന് പറയുന്നു
... Read More
പഠിക്കുന്ന കാലത്തുള്ള സ്വപ്നം തന്നെയാണോ വരോഹ ? സംരംഭ മോഹം എന്നാണ് സീരിയസായി ചിന്തിച്ചു തുടങ്ങുന്നത് ?
പഠിക്കുന്ന കാലം തൊട്ടെ ഒരു ക്ലോത്തിംഗ് സ്‌റ്റോര്‍ തുടങ്ങണമെന്ന ആഗ്രഹം ഒന്നും ഉണ്ടായിട്ടില്ല.സ്വന്തമായി ഒരു ബിസനസ് ചെയ്യണം എന്നതല്ലാതെ അതെകുറിച്ച് വലിയ പ്ലാനുകളോ സ്വപ്നങ്ങളോ കണ്ടിട്ടില്ല.കൂടുതലായി ചിന്തിക്കാനുള്ള പ്രായമോ,പരിചയമോ അന്നുണ്ടായിരുന്നില്ല. ബിസിനസ് സ്റ്റാര്‍ട്ട് ചെയ്യണമെന്ന മോഹം സീരിയസായി തുടങ്ങുന്നത് ജോലിയൊക്കെ ചെയ്യുന്ന സമയത്താണ്.എനിക്ക് ഇന്‍വെസ്റ്റ് ചെയ്ത് ബിസിനസ് ചെയ്യാം എന്ന ആത്മവിശ്വാസം കൈവന്ന സമയത്താണ് ബിസിനസ് എന്ന സ്വപ്‌നം ഗൗരവമായി എടുക്കാന്‍ തീരുമാനിച്ചത്.
ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുമ്പോള്‍ എന്തായിരുന്നു ആളുകളുടെ പ്രതികരണം ?
ഞാന്‍ ഇതു തുടങ്ങുന്നതിന് മുന്‍പ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു.ഭൂരിഭാഗം ആളുകളും നല്ല രീതിയിലാണ് റെസ്‌പോണ്ട് ചെയ്തത്.പ്രത്യേകിച്ച് കോവിഡ് നാളുകളില്‍ ആളുകള്‍ കൂടുതലും ഓണ്‍ലൈന്‍ റെസ്‌പോണ്ട് ചെയ്തത്.
ഒറ്റയ്ക്ക് നില്‍ക്കാതെ കുറച്ചു വനിത സംരംഭകരെ കൂടി ചേര്‍ത്ത് ഒരു കുടക്കീഴില്‍ സഞ്ചരിക്കുന്ന സംരംഭം എന്ന ഐഡിയ എവിടെ നിന്ന് കിട്ടി ?
ശരിക്കും അതെന്റെ ഐഡിയ അല്ലകേട്ടോ, ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആയി മാത്രം മുന്നോട്ടുപോകാം എന്ന പ്ലാനില്‍ തന്നെയായിരുന്നു.അതിനിടയിലാണ് എന്നെ തിരുവനന്തപുരത്ത് തന്നെയുള്ള രണ്ട് മൂന്ന് വനിതാ സംരംഭകര്‍ കോണ്‍ടാക്ട് ചെയ്യുന്നത്.അവരെ എനിക്ക് നേരത്തെ പരിചയമുണ്ട്. അവര് തുടങ്ങിയ കളക്ടീവ് വെഞ്ച്വറില്‍ ഇടമുണ്ട്.എന്റെ പ്രൊഡ്ക്ടും ഉള്‍പ്പെടുത്താം എന്ന ആശയം മുന്നോട്ടു വെച്ചു. എട്ടോളം വനിതകള്‍ വ്യത്യസ്തമായ ബിസിനസുകള്‍ ചെയ്യുന്നു. എക്‌സിബിഷനുകളും മീറ്റ് അപ്പുകളിലൂടെയുമുള്ള ബന്ധം കാരണം അവര്‍ എന്നെ വിളിച്ചു അതിന്റെ പേരില്‍ കുറച്ചു മാസം ആ ഗ്രൂപ്പില്‍ നില്‍ക്കാം എന്ന പ്ലാനില്‍ ആണ് ഞാന്‍ ചേര്‍ന്നിരിക്കുന്നത്.
തുടക്കം മുതലെ ഇതൊരു ഹ്രസ്വകാല ഐഡിയ മാത്രമായിട്ടാണ് ഞാന്‍ ചിന്തിച്ചത്. പബ്ലിക്കിനിടയില്‍ തിരിച്ചറിയാന്‍ എനിക്ക് ആ കുറഞ്ഞ കാലം കൊണ്ട് സാധിക്കുമെങ്കില്‍ നടക്കട്ടെ. സ്വന്തം ബ്രാന്‍ഡ് സ്വതന്ത്ര്യമായി രൂപപ്പെടുത്താനുള്ള ഡ്രീമിനു പിന്നാലെയാണ് ഇപ്പോഴും.
ബിസിനസ് ചെയ്യാന്‍ പോകുന്നു എന്ന കാര്യം കുടുംബത്തിലുണ്ടാക്കിയ പ്രതികരണം ? സാമ്പത്തികമായി ചെറിയൊരു ഇന്‍വെസ്റ്റ്മെന്റില്ലാതെ ബിസിനസിലേക്ക് കടക്കാനാകില്ലല്ലോ തുടക്കത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ?
ഞാന്‍ തുടക്കത്തില്‍ പറഞ്ഞതു പോലെ എന്റെ കുടുംബത്തിലാണെങ്കിലും ഭര്‍ത്താവിന്റെ കുടുംബത്തിലാണെങ്കിലും ബിസിനസിനെ കുറിച്ച് ഒരുവിധത്തിലുള്ള അറിവുമില്ല.അതുകൊണ്ട് തന്നെ ഇത്രവലിയ റിസ്‌ക്ക് എടുക്കുന്നതിനെ ചുറ്റിപറ്റി വലിയ സംശയങ്ങളും ആശങ്കകളും അവര്‍ക്ക് ഉണ്ടായിരുന്നു.ജോലി ഉപേക്ഷിക്കാതെ തന്നെ ഒരു സൈഡ് ബിസിനസായി മാത്രം ചെയ്യാവുന്നതല്ലെ? അങ്ങനെയൊക്കെ പലതരം സംശയങ്ങള്‍.എന്നെ കൊണ്ട് പറ്റാവുന്ന പോലെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും സാധിച്ചില്ല.പക്ഷെ ഭര്‍ത്താവ് കൂടെ നിന്നു സമ്മര്‍ദ്ദങ്ങളിലൊക്കെ താങ്ങായി നിന്നു.എന്റെ വിശ്വാസം അനുസരിച്ച് നമുക്ക് ഒരു ആഗ്രഹമുണ്ട്,അത് നടപ്പിലാക്കാന്‍ റിസ്‌ക്ക് എടുക്കാന്‍ തയ്യാറായി കഴിഞ്ഞു.അതിനു വേണ്ടി മനസിനെ പറഞ്ഞും സെറ്റ് ചെയ്തു നമ്മള്‍ അത് ചെയ്യാന്‍ പോകുന്ന സമയത്ത് ഒരുപാട് പേര് നിരുത്സാഹപ്പെടുത്തും അതുകേട്ട പിന്തിരിഞ്ഞാല്‍ ആ ആഗ്രഹം അവിടെ അവസാനിക്കും. ഈ പറയുന്നതിലെ നല്ല കാര്യങ്ങളെടുത്തിട്ട് നമ്മള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക,ഒന്ന് ട്രൈ ചെയ്ത് എന്റെ പ്രവൃത്തിയിലൂടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ശ്രമിക്കാം എ്ന്നാണ്. എന്ത് ആഗ്രഹമുണ്ടെങ്കിലും അതിനായി ട്രൈ ചെയ്തിട്ട് ഒട്ടും കഴിയുന്നില്ലെങ്കില്‍ മാത്രം ഉപേക്ഷിക്കുക.അതും കറക്ട് സമയത്ത് തന്നെ പരീക്ഷിക്കണം.
തുടക്കത്തില്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഏതൊരു ബിസിനസിനും ആവശ്യമാണ്. അഞ്ച് വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തു സമ്പാദിച്ച സേവിംഗ്‌സില്‍ നിന്നൊരു ഭാഗമെടുത്താണ് ഞാന്‍ ബിസിനസിലേക്ക് ഇന്‍വെസ്റ്റ് ചെയ്തത്.ഞാന്‍ അന്ന് ജോലി ചെയ്യുമ്പോള്‍ ഒന്നും സേവ് ചെയ്തില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഈ ബിസിനസ് തുടങ്ങാന്‍ കഴിയില്ലായിരുന്നു.
സോഷ്യല്‍മീഡിയ എത്രമാത്രം ബിസിനസില്‍ സഹായിക്കുന്നുണ്ട് ?
സോഷ്യല്‍മീഡിയ വലിയ രീതിയില്‍ ഹെല്‍പ് ചെയ്യുന്നുണ്ട്.ഉദാഹരണത്തിന് ഞങ്ങളുടെ ഒരു ഡ്രസ്സ് ആരെങ്കിലും വാങ്ങി ഉപയോഗിച്ച് റിവ്യുവോ ഒരു ഫോട്ടോയോ ഇട്ടാല്‍ ഒരുപാട് അന്വേഷണങ്ങളുണ്ടാകും.പലരും ഷെയര്‍ ചെയ്തു പോകും.നമ്മുടെ പേജിലേക്കും ഫോളോവേഴ്‌സെത്തും.ബിസിനസ് വളരും.അതുപോലെ ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഓര്‍ഡറുകള്‍ കിട്ടും.എപ്പോഴും ഒരുപോലെ ആയിരിക്കില്ല.ചില സമയത്ത് നല്ല ഡിമാന്റുണ്ടാകാറുണ്ട്.
ഓര്‍ക്കിഡുകളുടെ കാവല്ക്കാരന്; ആനന്ദത്തിനൊപ്പം ആദായവും-സാബുവിന്റെ വിജയഗാഥ... Read More
പെണ്‍കുട്ടികള്‍ പ്രത്യേകിച്ച് ബിസിനസൊക്കെ സ്വപ്‌നം കാണുന്നവര്‍ തങ്ങളാലാവുന്ന തുക ചെറിയ രീതിയില്‍ സമ്പാദിച്ചാല്‍ വലിയ തട്ടുമുട്ടും ഇല്ലാതെ ബിസിനസിലേക്ക് കടക്കാന്‍ സാധിക്കും.വരരോഹയിലൂടെ ചിത്ര പകര്‍ന്നു നല്‍കുന്ന വഴി ഒരുപാട് പേര്‍ക്ക് മുന്നോട്ടു വരാനുള്ള ശക്തി തന്നെയാണ്.ആത്മവിശ്വാസവും റിസ്‌ക്ക് എടുക്കാനുള്ള കരുത്തും സമ്പാദിച്ചെടുത്താല്‍ സ്വന്തം ആഗ്രഹങ്ങള്‍ പിടിച്ചടക്കുക തന്നെ ചെയ്യാം..
ഇന്‍സ്റ്റഗ്രാം : https://www.instagram.com/vararoha_wardrobe/?fbclid=IwAR1RQXTF2s8bWddkSPKcVv8Hi6RRIlm4-VBa2F0T9v8zHGL0_RwNtSFrY_E
ഫെയ്‌സ്ബുക്ക്: https://www.facebook.com/vararohawardrobe
Story highlights: The brilliant entrepreneur and an energetic young woman Chithra Muraleedharan owning Vararoha. Please read her happy business journey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.