Sections

ബസിന്റെ വളയം മാത്രമല്ല ക്യാമറയും പിടിക്കും; നന്മയുടെ കഥകളുമായി ബിജുവും ഫാമിലിയും സമൂഹത്തെ ചിന്തിപ്പിക്കുന്നു

Sunday, Jun 26, 2022
Reported By Jeena S Jayan
interview ,content creator

ബിജു അഭിനയിക്കാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനാണ്.പക്ഷെ ഇപ്പോള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട കെഎല്‍ ബ്രോയാണ്.ബിജു മാത്രമല്ല ഭാര്യ കവിയും അമ്മയും കുഞ്ഞുങ്ങളും ഒക്കെ കൂടി ഒരു നാട്ടിന്‍പുറത്തെ നന്മകള്‍ ഏറെയുള്ള കുടുംബത്തിന്റെ ഒത്തു ചേരലാണ് വീഡിയോകളായി ഫെയ്‌സ്ബുക്കിലും യൂട്യൂബിലും നമുക്ക് മുന്നിലേക്ക് എത്തുന്നത്.

 

മലയാളികള്‍ പൊതുവെ റിയലിസ്റ്റിക്കിനോട് വലിയ താല്‍പര്യം കാണിക്കുന്നവരാണ്.ഏച്ചുകെട്ടിയ കഥകളൊക്കെ തള്ളിക്കളയുന്നവര്‍.ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാനും പച്ചയായതിനെ സ്വീകരിക്കാനും താല്‍പര്യപ്പെടുന്നവര്‍.യൂട്യൂബിലെ പതിനായിരത്തോളം വരുന്ന ചാനലുകളില്‍ പച്ചയായ കഥകള്‍ തെരഞ്ഞാല്‍ അക്കൂട്ടത്തില്‍ മുന്നിലുണ്ടാകും കണ്ണൂരില്‍ നിന്നുള്ള കെഎല്‍ ബ്രോ ബിജു റിത്വിക് എന്ന ചാനല്‍.നിഷ്‌കളങ്കമായ കഥകളിലൂടെ നന്മ തെളിയിക്കുന്ന, കുട്ടിക്കഥകളിലൂടെ സമൂഹത്തെ തിരുത്തുന്ന ആ വിശേഷങ്ങള്‍ നമുക്ക് അറിയാം.

ബിജു അഭിനയിക്കാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരനാണ്.പക്ഷെ ഇപ്പോള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട കെഎല്‍ ബ്രോയാണ്.ബിജു മാത്രമല്ല ഭാര്യ കവിയും അമ്മയും കുഞ്ഞുങ്ങളും ഒക്കെ കൂടി ഒരു നാട്ടിന്‍പുറത്തെ നന്മകള്‍ ഏറെയുള്ള കുടുംബത്തിന്റെ ഒത്തു ചേരലാണ് വീഡിയോകളായി ഫെയ്‌സ്ബുക്കിലും യൂട്യൂബിലും നമുക്ക് മുന്നിലേക്ക് എത്തുന്നത്.


കണ്ണൂരും കന്നടയും ആകെ വല്ലാത്തൊരു ചേരുവയാണ് നിങ്ങളുടെ ചാനല്‍.യൂട്യൂബില്‍ ഫാമിലിയെ കൂടി ഉള്‍പ്പെടുത്തി വീഡിയോകള്‍ ചെയ്യാം എന്ന് എപ്പോഴാണ് തോന്നി തുടങ്ങിയത് ?


എന്റെ നാട്ടില്‍ ഒരു വായനശാലയുണ്ട്, പണ്ട് വായനയോട് വല്ലാത്ത താല്‍പര്യം ഉണ്ടായിരുന്നു.ചെറിയ പ്രായത്തില്‍ ബാലരമയും ചെറുകഥകളും വായിച്ചു തുടങ്ങി പിന്നീട് നാടകം പോലുള്ള കുറച്ചുകൂടി സീരിയസായി വായിക്കാന്‍ കഴിയുന്ന രീതിയിലേക്ക് ആ താല്‍പര്യം വളര്‍ന്നു.എനിക്ക് ആര്‍ട്‌സ് വിഷയങ്ങളോടും പ്രിയം കൂടുതലായിരുന്നു.പ്ലസ്ടുവിന് പഠിക്കുന്ന സമയത്തൊക്കെ മോണോ ആക്ട് പോലുള്ള ഇനങ്ങളില്‍ പങ്കെടുത്തിരുന്നു.നാട്ടിലെ വായനശാലയില്‍ നാടകം കളിക്കുന്നവരുണ്ട്.അവരുടെ പ്രാക്ടീസൊക്കെ പലപ്പോഴും ഒരുപാട് സമയം നോക്കി നിന്നിട്ടുണ്ട്.അവര്‍ എന്നെയും കൂട്ടിയെങ്കില്‍ എന്നൊക്കെ ആശിച്ചിട്ടുണ്ട്.മുതിര്‍ന്നതോടെ ഞാനും വായനശാലയുടെ നാടകഗ്രൂപ്പിന്റെ ഭാഗമായി കുറച്ചധികം നാടകങ്ങളില്‍ നാടകശാലയുടെ പേരില്‍ അഭിനയിക്കാനും സാധിച്ചു.ഓണം,വിഷു പോലുള്ള വര്‍ഷത്തിലെ ആഘോഷങ്ങളിലാണ് നാടകശാലയില്‍ ഒരു സ്‌റ്റേജ് കിട്ടുന്നത്.ഒരു കൊല്ലത്തെ കാത്തിരിപ്പാണ്.കാലം കടന്നുപോയതോടെ ആ നാടക ടീമൊക്കെ പലവഴിക്കായി, ഞാന്‍ ചെറിയ ചെറിയ കഥകളൊക്കെ എഴുതുമായിരുന്നു. അങ്ങനെയിരിക്കെയാണ് ടിക്ക് ടോക്ക് ആപ്ലിക്കേഷന്‍ എന്റെ ജീവിതത്തിലേക്ക് കടന്നെത്തുന്നത്. എന്റെ ചെറിയ കഥകളൊക്കെ ഒരു മിനുട്ട് ദൈര്‍ഘ്യത്തില്‍ ചെയ്യാന്‍ തുടങ്ങി.മുന്‍പ് ഒരു ഷോര്‍ട്ട്ഫിലിം സുഹൃത്തുക്കളുമായി ചേര്‍ന്ന് പുറത്തിറക്കിയിരുന്നു അതെല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു ആ ആത്മവിശ്വാസത്തിലാണ് ടിക്ക് ടോക്കില്‍ വീഡിയോകള്‍ ചെയ്തു തുടങ്ങുന്നത്.പക്ഷെ ക്യാമറ കൈകാര്യം ചെയ്യാനോ,മറ്റ് ടെക്‌നിക്കല്‍ വശങ്ങളെ കുറിച്ചോ വലിയ അറിവില്ലെങ്കിലും കഥയും അതെങ്ങനെ അവതരിപ്പിക്കണം എന്നകാര്യത്തിലും എനിക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു.ആദ്യത്തെ വീഡിയോ അമ്മയും ഭാര്യയും കൂടി അഭിനയിച്ചിരുന്നു.അവര്‍ക്ക് ഇങ്ങനെയൊരു സംഗതിയാണെന്ന് അറിയില്ലായിരുന്നു. ഒരു മിനുട്ട് എന്ന ടൈം ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല, ചിത്രീകരിച്ചത് വൃത്തിയായി കട്ട് ചെയ്ത് എഡിറ്റ് ചെയ്യാന്‍ അറിയാത്തതു കൊണ്ട് ആ വീഡിയോ ശരിക്കും ആരും കണ്ടില്ല.

പിന്നീട് ഞാന്‍ ഓരോ പാട്ടിന് കഥകള്‍ പോലെ ചിത്രങ്ങള്‍ ചേര്‍ത്ത് വീഡിയോ ചെയ്യാന്‍ തുടങ്ങി.ശബ്ദം ഇല്ലാതെയുള്ള അത്തരം വീഡിയോകള്‍ ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി.പിന്നെ ഫാമിലിയും വീഡിയോകളിലേക്ക് അഭിനയിക്കാന്‍ തുടങ്ങി.പെട്ടെന്ന് അങ്ങനെ ഒരു ദിവസം ഫാമിലിയെ കൂടെക്കൂട്ടി ചെയ്ത ഒരു ഇമോഷണല്‍ വീഡിയോ വൈറലായി.പിന്നെ അതുപോലുള്ള കുഞ്ഞു കുഞ്ഞു സന്ദേശങ്ങളുള്ള ചെറുവീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി.സംഗതി ഒന്ന് പച്ചപിടിച്ചു വന്നപ്പോഴേക്കും ടിക്ക് ടോക്കിന് വിലക്കു വന്നു.പിന്നാലെ കൊറോണയും ഞാനൊരു ബസ് ഡ്രൈവറാണ്,കോവിഡ് കാലത്ത് ജോലി പോലും നടക്കാതെ വീട്ടില്‍ വെറുതെ ഇരുന്നു തുടങ്ങിയപ്പോഴാണ് സുഹൃത്ത് റഷീദ് യൂട്യൂബില്‍ വീഡിയോ ചെയ്തു കൂടെയെന്ന് പറയുന്നത്.

കുട്ടിക്കാലത്തെ എന്റെ നാടകപ്രാന്ത് മുതലേ അമ്മ ഒപ്പം നില്‍ക്കുന്ന ആളാണ്.ഭാര്യയും ജീവിതത്തിലേക്ക് എത്തിയ ശേഷം എന്റെ ഇഷ്ടങ്ങളില്‍ കൂടെ നില്‍ക്കുന്നു.വീഡിയോകള്‍ ചെയ്തു തുടങ്ങുന്ന ആദ്യനാള്‍ മുതലെ അവരും എന്റെ ഒപ്പം ഉണ്ട്.അല്ലാതെ പെട്ടെന്നൊരു നാള്‍ അവരെ വീഡിയോകളിലേക്ക് എത്തിച്ചതല്ല.ഞാനൊരു വീഡിയോയുടെ കഥ പറയുമ്പോള്‍ മുതല്‍ അവര്‍ തിരക്കിനിടയിലും സമയം കണ്ടെത്തി നില്‍ക്കുന്നതു കൊണ്ട് തന്നെയാണ് ഇത്രയും വരെയെങ്കിലും ഞങ്ങള്‍ക്ക് ചെന്നെത്താന്‍ സാധിച്ചത്.

എന്റെ ഭാര്യ കര്‍ണ്ണാടക സ്വദേശിയാണ്,അവള്‍ ഇവിടേക്ക് എത്തിയതോടെ വീഡിയോകളില്‍ ആകസ്മികമായി കന്നട വിശേഷങ്ങള്‍ കൂടി കടന്നു വരാന്‍ തുടങ്ങി.അങ്ങനെയുള്ള വീഡിയോകള്‍ വലിയ രീതിയില്‍ റീച്ചാകാന്‍ തുടങ്ങി.പിന്നെ ഞാന്‍ എഴുതുന്ന തിരക്കഥയൊക്കെ അവള്‍ക്ക് കൈകാര്യം ചെയ്യാന്‍ ഭാഷ ഒരു പ്രശ്‌നമായിരുന്നു. പിന്നെ പിന്നെ അവള്‍ക്ക് വേണ്ടി ആ രീതിയില്‍ സ്‌ക്രിപ്‌റ്റെഴുതാന്‍ തുടങ്ങി.ഒരു ഷോട്ട് ഒക്കെ എടുക്കാന്‍ ഒരുപാട് സമയം ചെലവാക്കേണ്ടി വരുമായിരുന്നു.അമ്മയ്ക്ക് വേണ്ടി എഴുതുമ്പോള്‍ അമ്മയുടെ രീതിയില്‍ തന്നെ എഴുതി കൊടുത്തു.അവരിലേക്ക് പുതിയ രീതികള്‍ അടിച്ചേല്‍പ്പിക്കാതെ അവര് രണ്ടാളും എങ്ങനെയാണോ ആ സാഹചര്യത്തില്‍ നിന്ന് സ്‌ക്രിപ്റ്റുകള്‍ എഴുതാന്‍ തുടങ്ങിയതോടെ എനിക്കും വീഡിയോ ചിത്രീകരണം ഈസിയായി തുടങ്ങി.

ഏകദേശം മുന്നുറോളം ചെറുകഥകള്‍ അടങ്ങിയ വീഡിയോകള്‍ ഞങ്ങള്‍ ചെയ്തിട്ടുണ്ട്.വിരലിലെണ്ണാവുന്ന തമാശ വീഡിയോകള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാം നന്മയുടെ സന്ദേശങ്ങള്‍ അടങ്ങുന്ന വീഡിയോകളായിരുന്നു.നാടകാഭിനയം മുതലെ സമൂഹത്തിലേക്ക് നന്മയുടെ സന്ദേശങ്ങളെത്തിക്കു എന്ന ആശയം മനസില്‍ ഉറച്ചുപോയതുകൊണ്ടാകണം ഇപ്പോഴും അതു തുടരുന്നു.അമ്മ ഒരുപാട് നന്മയുള്ള കഥകള്‍ പറഞ്ഞു തരാറുണ്ട്.ശരിക്കും കെഎല്‍ ബ്രോ ബിജു റിത്വിക് എന്ന ചാനല്‍ ഒരു കുടുംബത്തിന്റെ ഒത്തൊരുമയാണ്.

 ഈ കുടുംബ ചാനലിലെ താരങ്ങള്‍ ആരൊക്കെയാണെന്ന് ഒന്ന് വിശദമായി പരിചയപ്പെടുത്താമോ ?

ഞങ്ങളുടെ ചാനലിന്റെ പ്രധാന താരങ്ങളെല്ലാവരും കുടുംബക്കാര്‍ തന്നെയാണ്.മെയിന്‍ നായിക അമ്മയാണ് കാര്‍ത്ത്യായനി, അമ്മയ്ക്ക് 67 വയസുണ്ട്.പിന്നെ ഭാര്യ കവിത, പുള്ളിക്കാരി കര്‍ണ്ണാടകത്തിലാണ് വിവാഹം കഴിഞ്ഞ് ഇവിടെയെത്തിയിട്ട് ആറ് വര്‍ഷമായി.ഞങ്ങളുടെ ചെറിയ മോനാണ് റിത്വിക്, അവനിപ്പോള്‍ ഒന്നാം ക്ലാസിലാണ്.പിന്നെ അനൂട്ടി, എനിക്ക് മൂന്ന് ചേച്ചിമാരാണുള്ളത്. രണ്ടാമത്തെ ചേച്ചിയുടെ മകളാണ് ഈ അനൂട്ടി, അനുവിന് ഒരു സഹോദരന്‍ കൂടിയുണ്ട് അങ്കിത് അവനും ഞങ്ങളുടെ വീഡിയോകളിലെ താരമാണ്.തുടക്ക കാലത്ത് ഞാനും അമ്മയും കവിതയും മാത്രമായിരുന്നു.പിന്നെ അങ്കിതും അനുവും എത്തി, റിത്വികിനെ ചെറിയ ചെറിയ ഭാഗങ്ങളിലെത്തിച്ചു തുടങ്ങിയതാണ്.ശരിക്കും പറഞ്ഞാല്‍ ഇപ്പോള്‍ ഞാന്‍ അവനെ ചുറ്റിപ്പറ്റി കഥയെഴുതാന്‍ തുടങ്ങി. ചേച്ചിമാരും അവരുടെ കുട്ടികളും സുഹൃത്തുക്കളും ഒക്കെ പറ്റുന്ന പോലെ വീഡിയോകളുടെ ഭാഗമാകാറുണ്ട്.ചുരുക്കി പറഞ്ഞാല്‍ സ്‌നേഹം നിറഞ്ഞ ഒരു കൂട്ടായ്മ, അതാണ് യൂട്യൂബ് ചാനലിന്റെ ഏറ്റവും വലിയ ആകര്‍ഷണം.


റീല്‍സ്,പാചകം,ലൈഫ്സ്‌റ്റൈല്‍ തുടങ്ങി ഒട്ടുമിക്ക മേഖലയിലും കൈവെച്ച ശേഷമാണ് കണ്ടന്റ് വീഡിയോകളിലേക്ക് തിരിയുന്നത്.എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരാശയത്തിലേക്ക് എത്തിച്ചേരുന്നത് ?

ടിക്ക് ടോക്കിനു വേണ്ടിയാണ് റീല്‍സ് ചെയ്തു തുടങ്ങിയത്, വളരെ ദൈര്‍ഘ്യം കുറഞ്ഞ വീഡിയോകള്‍ വേണമല്ലോ,പലപ്പോഴും കഥകള്‍ മാക്‌സിമം ചുരുക്കിയും എപ്പിസോഡുകളാക്കിയും ഒക്കെയാണ് ചെയ്തിരുന്നത്.പിന്നെ യൂട്യൂബിലേക്ക് എത്തിയ ശേഷമാണ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടന്റുകളിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ ചെയ്തിരുന്നതൊക്കെ ഷോര്‍ട്ട്ഫിലിമുകളായിരുന്നു.ഒരു അമ്പത് വീഡിയോകളോളം അഞ്ച്മിനുട്ട്, പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള കുഞ്ഞുകുഞ്ഞു  കഥകള്‍ തന്നെയായിരുന്നു.

അതിനു ശേഷം ഞാന്‍ ഒരു ഓള്‍ ഇന്ത്യ ട്രിപ്പ് നടത്തി, എന്റെ ഒരു സുഹൃത്ത് ഗള്‍ഫിലുണ്ടായിരുന്നു പുള്ളി നാട്ടിലെത്തിയതും ട്രിപ്പ് പ്ലാന്‍ ചെയ്തു.ഞാനും അവര്‍ക്കൊപ്പം കൂടി.ആ സമയത്ത് വേറെ പണിയില്ലല്ലോ, ബസില്‍ ഒക്കെ ലീവായിരുന്നു.ഏകദേശം രണ്ട് മാസത്തോളം ഞങ്ങള്‍ ഇന്ത്യ ഫുള്‍ ആയിട്ട് കറങ്ങി.എന്റെ വീട്ടില്‍ നിന്ന് രണ്ട് ദിവസത്തില്‍ കൂടുതല്‍ ഒരിടത്തും മാറി നില്‍ക്കാത്ത ആളാണ്.പക്ഷെ ഒരു വലിയ യാത്രകഴിഞ്ഞു വന്നപ്പോള്‍ പുതിയൊരു അനുഭവമായിരുന്നു.

യാത്ര പോയി വന്നതിനു ശേഷം ചെറുകഥകള്‍ തന്നെയായിരുന്നു വീഡിയോകളാക്കിയിരുന്നത്.പക്ഷെ ഒരു വീഡിയോ അപ്ലോഡ് ചെയ്തു രണ്ട് മൂന്ന് ദിവസത്തെ ഗ്യാപ് വരും.മുന്‍പ് ടിക്ക്‌ടോക്ക് ചെയ്തിരുന്ന സമയത്ത് ദിവസവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.ബസില്‍ ആഴ്ചയില്‍ ഒരു ലീവ് കിട്ടിയാല്‍ അന്ന് ഞാനൊരു ആറേഴ് വീഡിയോ ചെയ്ത് ദിവസവും പോസ്റ്റ് ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു.അത് ശരിക്കും വലിയ സക്‌സസ് ആയിരുന്നു ആ വിദ്യ യൂട്യൂബിലും പരീക്ഷിച്ചാലോ എന്ന് ചിന്തിച്ചു.അങ്ങനെ ദിവസേന വീഡിയോ ചെയ്യുമ്പോള്‍ എപ്പോഴും കഥകള്‍ പറ്റില്ലല്ലോ, അങ്ങനെ ലൈഫ് സ്റ്റൈല്‍ വീഡിയോകളും ട്രാവല്‍ വീഡിയോകളും പോസ്റ്റ് ചെയ്തു തുടങ്ങി.അത് അത്യാവശ്യം റീച്ചായി തുടങ്ങി.റിയല്‍ ലൈഫിലെ വീഡിയോകള്‍ ആളുകള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി, കെട്ടുക്കഥകളെക്കാള്‍ ജനത്തിന് റിയല്‍ലൈഫിനോട് വല്ലാത്ത താല്‍പര്യമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കുറച്ച് വീഡിയോകള്‍ ആ തരത്തില്‍ ചെയ്തുതുടങ്ങി.ലൈഫ് സ്റ്റൈല്‍ വീഡിയോ ആണെങ്കില്‍ പോലും ഏന്തെങ്കിലും ഒരു കണ്ടന്റ് അതിനുള്ളില്‍ വ്യക്തമായി ഉള്‍പ്പെടുത്തി തന്നെ ചിത്രീകരിക്കാന്‍ തുടങ്ങി.പാചകം പോലും അങ്ങനെ കടന്നുവന്നതാണ്.ഇപ്പോഴും ആ രീതിയാണ് പിന്തുടരുന്നത്.കഥകളും,പാചകം ഉള്‍പ്പെടുത്തിയ ലൈഫ്‌സ്റ്റൈല്‍ വീഡിയോകളുമാണ് കെഎല്‍ ബ്രോ ചാനലിന്റെ ഇപ്പോഴത്തെ കണ്ടന്റ്.


എന്തുകൊണ്ടാണ് ചാനലിന് കെഎല്‍ ബ്രോ ബിജു റിത്വിക് എന്ന പേര് തന്നെ നല്‍കിയത് ?

ടിക്ക് ടോക്കില്‍ അക്കൗണ്ട് തുടങ്ങിയ സമയത്ത് ബിജു റിത്വിക് എന്നായിരുന്നു പേര്,എന്റെ പേര് ബിജു എന്നായതു കൊണ്ട് മറ്റൊന്നും ആലോചിച്ചില്ല.എനിക്ക് അക്കൗണ്ട് തുടങ്ങി തന്ന സുഹൃത്ത് തല്‍ക്കാലം എന്റെ പേര് തന്നെ വെയ്ക്കാം എന്ന് നിര്‍ദ്ദേശിച്ചു.തീരെ ചെറിയ പേരായതു കൊണ്ട് ദൈര്‍ഘ്യത്തിനായി മകന്റെ റിത്വിക് കൂടി ചേര്‍ത്തു.ടിക്ക് ടോക്കില്‍ ഏകദേശം 500K ഓളം ഫോളോവേഴ്‌സുണ്ടായിരുന്നു.അതുകൊണ്ട് യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോഴും ആ പേര് തന്നെ പിന്തുടര്‍ന്നു.പേര് കണ്ടാല്‍ യൂട്യൂബില്‍ ആരെങ്കിലും തിരിച്ചറിയും എന്ന് വിചാരിച്ചിട്ടാ ആ പേര് തന്നെ മതിയെന്ന് ഉറപ്പിച്ചത് പക്ഷെ യൂട്യൂബിലേക്ക് അങ്ങനെ ടിക്ക് ടോക്ക് കണ്ട് അറിഞ്ഞെത്തിയവരൊന്നും ഉണ്ടായില്ല.ഞാന്‍ നേരത്തെ പറഞ്ഞില്ലേ ആ ട്രിപ്പിന് ഞങ്ങള്‍ പോയ വണ്ടിയുടെ പേര് കെഎല്‍ ബ്രോ എന്നായിരുന്നു.അങ്ങനെ പേര് സിംപിളാക്കാന്‍ കെഎല്‍ ബ്രോ കൂടി കടം എടുത്തു. റഷീദാണ് കെഎല്‍ ബ്രോ എന്ന പേര് വണ്ടിയ്ക്ക് വെച്ചത്.സാമ്പത്തികമായി ഞാന്‍ ബുദ്ധിമുട്ടിയ സമയത്തും എന്റെ എല്ലാ വിഷമങ്ങളിലും സന്തോഷങ്ങളിലും ചങ്കായി കൂടെ നില്‍ക്കുന്ന ചങ്ങാതിയാണ് റഷീദ് അവനോടുള്ള എന്റെ ഇഷ്ടം ആ പേരിനെ ഹൈലൈറ്റ് ചെയ്യിപ്പിച്ചു എന്നെയുള്ളു. 


അഭിനയത്തോട് വലിയ താല്‍പര്യമുള്ള ആളാണ് ബിജു എന്ന് ആദ്യ വീഡിയോ കാണുന്നവര്‍ക്ക് പോലും മനസിലാകും , സിനിമ ഒരു സ്വപ്നമാണോ ?

സത്യത്തില്‍ സിനിമ എല്ലാവരുടെയും സ്വപ്‌നമായിരിക്കുമല്ലോ, എനിക്കും അഭിനയിക്കാനും ഡയറക്ഷനിലും അങ്ങനെ വലിയ അറിവൊന്നുമില്ല, സംവിധാനം ചെയ്യാനൊക്കെ വലിയ ആഗ്രഹമുണ്ട്. ഒന്ന് രണ്ട് കഥകള്‍ സ്‌ക്രിപ്റ്റാക്കിയിട്ടുണ്ട്.എന്നെങ്കിലും എവിടെയങ്കിലും പറയാന്‍ കഴിയുമെങ്കില്‍ അതൊരു സിനിമയായി കാണാണം എന്ന വലിയ സ്വപ്‌നമുണ്ട് ജീവിതത്തില്‍. 

പക്ഷെ സിനിമയിലെത്തിയാലേ എന്റെ ജീവിതത്തില്‍ സന്തോഷം നിറയൂ എന്നൊന്നുമില്ല അതൊരു ചെറിയ ആഗ്രഹം, ഇപ്പോഴത്തെ നിലയില്‍ പോലും ഞാനും കുടുംബവും പൂര്‍ണ സന്തോഷവാനാണ്.ഇനി ബസില്‍ ജോലിക്ക് പോയിരുന്ന കാലത്ത് ലോണ്‍ അടച്ചുതീര്‍ക്കണമല്ലോ എന്ന പ്രശ്‌നം ഒഴിവാക്കിയാല്‍ ആ കൂലിയില്‍ പോലും ഞാന്‍ ഹാപ്പിയായിരുന്നു. സിനിമയൊക്കെ മറ്റെന്തെങ്കിലും കാര്യസാധ്യത്തിനായുള്ള വഴിയായി ഞാന്‍ കരുതുന്നില്ല അതെന്റെയുള്ളിന്റെയുള്ളിലുള്ള ഒരു സ്വപ്‌നം നടക്കുമ്പോള്‍ നടക്കട്ടെ, നടന്നാല്‍ സന്തോഷം.


എങ്ങനെയാണ് വീഡിയോകള്‍ക്കായുള്ള ആശയം കണ്ടെത്തുന്നതും അതിനെ കഥാരൂപത്തിലേക്ക് മാറ്റിയെടുക്കുന്നതും ?

അതെനിക്ക് അറിയില്ല, യശോദ എന്ന ക്യാരക്ടര്‍ നമ്മുടെ നാട്ടിലൊക്കെയുള്ള കുശുമ്പും കുണ്ണായ്മയും ഒക്കെയുള്ള ഒരു സ്ത്രീയാണ്,അവരുടെ ഭര്‍ത്താവ് കുമാരന്‍.ഏകദേശം ഞാനും കവിതയും കൂടി യശോദയും കുമാരനും ഒരു നാല്പത്തിയഞ്ച് അമ്പത് എപ്പിസോഡോളം ചെയ്തു.എല്ലാവര്‍ക്കും ഈ രണ്ട് ക്യാരക്ടേഴ്‌സിനെയും വലിയ ഇഷ്ടമായി.രണ്ട് കഥാപാത്രങ്ങളിലൂടെ നാട്ടില്‍ നടക്കുന്ന ചെറിയ കാര്യങ്ങളൊക്കെ അവതരിപ്പിക്കുന്നു എന്നെയുള്ളു.എല്ലാ നാട്ടിലും ഇതുപോലുള്ള കഥാപാത്രങ്ങളൊക്കെ കാണും അതുകൊണ്ട് കാണുന്നവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടാകും.പക്ഷെ ഈ പറഞ്ഞതുപോലെ എല്ലാ ദിവസവും ഈ കഥാപാത്രങ്ങളെ വെച്ച് കഥയുണ്ടാക്കല്‍ നടക്കില്ല, ഒരല്‍പ്പം പണിയും അധ്വാനവും ഒക്കെ വേണം. യശോദ സീരിസിലെ ഒരു വീഡിയോ ചിത്രീകരിക്കാന്‍ കവിത അതിരാവി ഭക്ഷണം ഒക്കെ തയ്യാറാക്കി റെഡിയായി വരും പിന്നെ അത് കഥയുടെ ദൈര്‍ഘ്യം പോലെ അങ്ങ് നീളും.അതുകൊണ്ട് ആഴ്ചയില്‍ ഒന്നോ രണ്ടോ എണ്ണമാണ് ചെയ്യാറ്.ടോം ആന്‍ഡ് ജെറി മോഡലില്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഷോര്‍ട്‌സ് വീഡിയോകള്‍ ചെയ്യുന്നുണ്ട്. 

നാട്ടില്‍ നടക്കുന്ന എന്തെങ്കിലും വിഷയമുണ്ടായാല്‍ അത്തരം സംഭവങ്ങള്‍ കേട്ടാല്‍ അതൊരു കഥപോലെ എന്റെ മനസില്‍ പതിയാറുണ്ട്.ഈ അടുത്ത് നടന്ന ഷവര്‍മ കേസൊക്കെ ഞാനൊരു കഥരൂപത്തിലാണ് മനസിലേക്ക് എടുക്കുന്നത്.പിന്നെ ചില ത്രെഡുകള്‍ കിട്ടുമ്പോള്‍ അത് ഈ കഥാപാത്രം ആ സാഹചര്യത്തിലാണെങ്കില്‍ എന്തൊക്കെ ചെയ്യും എന്ന് സങ്കല്‍പ്പിക്കും.സെയില്‍സ് ഗേളിന്റെ അഞ്ച് പാര്‍ട്ടുള്ള വീഡിയോ ഒക്കെ പ്രേക്ഷകര്‍ കാത്തിരുന്ന് കണ്ടിട്ടുണ്ടെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.ചെറിയ ചെറിയ വിഷയങ്ങളെ പോലും കഥകളാക്കി സങ്കല്‍പ്പിച്ചെടുക്കാനുള്ള കഴിവൊക്കെ ഒരുപക്ഷെ കുട്ടിക്കാലത്ത് വായനശാലയിലെ കഥാബുക്കുകളിലൂടെ കിട്ടിയതാകും. പണ്ട് ഞാന്‍ ചെയ്ത പല വീഡിയോകളും ഈ സെയില്‍സ് ഗേളിന്റെ കഥ പോലും എങ്ങനെയാണ് ഞാന്‍ രൂപപ്പെടുത്തിയെടുത്തതെന്ന് എന്നെ തന്നെ ഞെട്ടിച്ചിട്ടുണ്ട്.ഞാനൊരു എഴുത്തുകാരനോ വലിയ ജ്ഞാനമുള്ള ആളോ അല്ല, ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍ ബസ് ഡ്രൈവറാണ്. ബസില്‍ ജോലി ചെയ്യുമ്പോള്‍ പലതരത്തിലുള്ള ആളുകളെ കാണാറുണ്ട്,പല ജീവിതങ്ങളും നിരീക്ഷിക്കാറുണ്ട് .എന്റെ ചുറ്റുപാടില്‍ നിന്നാണ് എന്റെ കഥകളൊക്കെ പരുവപ്പെടുന്നത്.


വീഡിയോ ചിത്രീകരിക്കുന്ന ഒരു ദിവസത്തെ പരിപാടികള്‍ എന്തൊക്കെയാകും ? എഡിറ്റിംഗ് പോലുള്ള മിനുക്ക് പണികളൊക്കെ ആരാണ് ചെയ്തു തരുന്നത് ?

കഥ രാത്രി തന്നെ പ്ലാന്‍ ചെയ്തു വെയ്ക്കും, ട്രൈപ്പോഡ് വെച്ച് മൊബൈലിലാണ് ചിത്രീകരണമൊക്കെ. സംഗതി വലിയ രസമാണ്, എനിക്ക് അഭിനയിക്കേണ്ട ഭാഗമെത്തുമ്പോള്‍ ക്യാമറ പ്ലേ ചെയ്ത് ഓടി വന്ന് അഭിനയിച്ചിട്ട് പോകും...എന്നിട്ട് നോക്കും ശരിയായിട്ടുണ്ടോ എന്ന് അല്ലെങ്കില്‍ വീണ്ടും ക്യാമറ ഞെക്കും ഓടി പോയി അഭിനയിക്കും തിരിച്ചുവന്ന് ഓഫ് ചെയ്യും ഇതു തന്നെ...ഞാന്‍ തന്നെയാണ് എഡിറ്റ് ചെയ്യുന്നതും. ക്യാമറയുംകഥയും എഡിറ്റിഗും മ്യൂസിക്ക് ഇടുന്നതും ഒക്കെ ഈ ഞാന്‍ തന്നെ. ഒരു മണിക്കൂര്‍ കൊണ്ട് എഡിറ്റ് പൂര്‍ത്തിയാക്കാം, കഥയും സ്‌ക്രിപ്റ്റും ഒക്കെ റെഡിയാക്കിയാല്‍ ഒന്ന് രണ്ട് മണിക്കൂറില്‍ ഒരു കണ്ടന്റ് പൂര്‍ത്തിയാക്കാം. കഥയാണ് ഞങ്ങളുടെ മെയിന്‍. നിലവില്‍ കഥയുടെ ഏകദേശ ധാരണയും ക്ലൈമാക്‌സും മാത്രം ചിന്തിച്ചാല്‍ മതി.ഡയലോഗ് അമ്മയും കവിയും അവരുടേതായ രീതിയില്‍ ചെയ്‌തോളും.അതാകുമ്പോള്‍ നാട്ടിന്‍പുറത്തെ സംസാര ശൈലി പച്ചയായി കിട്ടും ഒപ്പം കഥയും പൂര്‍ത്തിയാകും.നമുക്കും തലപുകയ്‌ക്കേണ്ടതില്ല, അവരെ പഠിപ്പിച്ചെടുക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകും.


ആദ്യ വീഡിയോ അപ്ലോഡ് ചെയ്ത് സ്വയം കണ്ടപ്പോള്‍ എന്ത് തോന്നി.കുടുംബാംഗങ്ങളുടെ പ്രതികരണം എന്തായിരുന്നു ?

യൂട്യൂബില്‍ ഒരു വീഡിയോ ചെയ്യണം എന്ന് റഷീദ് പറഞ്ഞകൂട്ടത്തില്‍ കുറച്ച് നീളം വേണമെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചിരുന്നു. അങ്ങനെ ആദ്യത്തെ എപ്പിസോഡ് അടക്കം രണ്ട് എണ്ണം എന്റെ ജീവിതത്തിലെ കഥ തന്നെയാണ് ചെയ്തത്.കണ്ണൂര്‍ക്കാരനും കന്നഡക്കാരിയും ഞങ്ങളുടെ കഥ തന്നെയാണ്. ആദ്യത്തെ വീഡിയോ ചെയ്തു എല്ലാം കഴിഞ്ഞു.പക്ഷെ അപ്ലോഡ് ചെയ്യാന്‍ അറിയാത്തതുകൊണ്ട് കുഴങ്ങിപ്പോയി.നമ്മുടെ നാട്ടില്‍ കര്‍ക്കിട മരുന്നൊക്കെ ഉണ്ടാക്കുന്ന ഒരു വിദ്വാനുണ്ട്.പുള്ളിക്ക് അപ്ലോഡിംഗ് കാര്യങ്ങളൊക്കെ അറിയാം.പിന്നെ വേറൊന്നും നോക്കിയില്ല വീഡിയോയും ഫോണും പിടിച്ച് പുള്ളിയുടെ അടുത്തേക്ക് പോയി.മരുന്നൊക്കെ ഉണ്ടാക്കി തീരുന്നത് വരെ കാത്തിരുന്ന് പിന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തത്. 

അരമണിക്കൂര്‍ കഴിഞ്ഞതും എന്നെയൊരു സുഹൃത്തു വിളിച്ചു, വീഡിയോ കണ്ടു നന്നായിട്ടുണ്ടെന്ന് പറഞ്ഞു.പിന്നെ നാട്ടുകാരില്‍ കുറച്ചുപേരൊക്കെ ഷെയര്‍ ചെയ്തു.അമ്മയ്ക്കും കവിയ്ക്കും വീഡിയോ ഒരുപാട് ഇഷ്ടമായി.ഞാനും അക്ഷയ് എന്ന എന്റെ സുഹൃത്തും ഒക്കെ വീഡിയോയിലുണ്ടായിരുന്നു.ആദ്യത്തെ വീഡിയോ ആയതുകൊണ്ടാകണം ഇപ്പോഴും എനിക്ക് ആ വീഡിയോ വലിയ സംഭവം തന്നെയായി തോന്നുന്നത്.അങ്ങനെ രണ്ടായിരത്തിലേറെ പേര്‍ കണ്ടു, നാട്ടുകാരൊക്കെയായിട്ട് പത്ത് ഇരുന്നൂറ്റിയമ്പതോളം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ആദ്യം എനിക്ക് കിട്ടിയത്.പക്ഷെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മാതൃഭൂമി, അമൃത ടിവി ആള്‍ക്കാരൊക്കെ വന്ന് ഞങ്ങളുടെ ഇന്റര്‍വ്യു എടുത്തു.വലിയ സന്തോഷമായിരുന്നു.പക്ഷെ എന്താണ് ഇതിനും വേണ്ടി ആ വീഡിയോയിലുണ്ടായിരുന്നത് എന്ന് എനിക്ക് ഇന്നും അറിയില്ല കേട്ടോ...


കുട്ടികളെ സ്‌ക്രിപ്റ്റ് പഠിപ്പിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടല്ലെ ? കൃത്യമായ സന്ദേശം നല്‍കുന്ന വീഡിയോകളാണ് മിക്കതും കുട്ടികള്‍ അത് മനസിലാക്കി തന്നെയാണോ അഭിനയിക്കുന്നത് ?

കുട്ടികള്‍ ഒക്കെ മനസിലാക്കി തന്നെയാണോ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ അങ്കിത് ആയിരുന്നു തുടക്കത്തില്‍ ചെറിയ കുട്ടി പക്ഷെ പുള്ളി ഒന്ന് രണ്ട് വീഡിയേയിലേ ഉണ്ടായിട്ടുള്ളു.പിന്നെ അനു അവള്‍ക്ക് പറഞ്ഞുകൊടുത്താല്‍ ചിലപ്പോള്‍ ചിരിച്ചിട്ടു നില്‍ക്കും.പക്ഷെ നന്നായി ചെയ്യാറുണ്ട്.തെറ്റ് പറ്റിയാല്‍ പോലും അത് വീണ്ടും ചെയ്യാനൊക്കെ വലിയ താല്‍പര്യമാണ്,പുഞ്ചിരിയോടെ നമ്മള്‍ പറയുന്നതൊക്കെ കേട്ടുനില്‍ക്കുന്നതും അഭിനയിക്കുന്നതും ഒക്കെ സുഖമുള്ള കാര്യമാണ്. ശരിക്കും വീഡിയോ പൂര്‍ത്തിയായ ശേഷം കാണുമ്പോഴാണ് അവരെന്താണ് ചെയ്തത് എന്ന് വ്യക്തമായി അറിയുന്നത്.അങ്കിയും അനുവും ചെയ്ത പല വീഡിയോകളും അവര്‍ മനസിലാക്കിയിട്ടാകും ചെയ്യുന്നത്.കാരണം പിന്നീട് ആ വീഡിയോകളൊക്കെ കാണുമ്പോള്‍ എനിക്ക് അത് ഫീല്‍ ചെയ്തിട്ടുണ്ട്.


യൂട്യൂബ് ചാനലിന് പുറമെ മറ്റെന്തൊക്കെയാണ് നിങ്ങളുടെ ഇഷ്ടമേഖലകള്‍ ?

സിനിമ,ക്രിക്കറ്റ്,നാടകം,വായനശാല,ബുക്ക് ഇതൊക്കെയാണ് എന്റെ ഇഷ്ടങ്ങള്‍, പിന്നെ ബസില്‍ ജോലിയ്ക്ക് പോയി തുടങ്ങിയ ശേഷം കുടുംബവും പ്രാരാബ്ധവും ഒക്കെയായി ഒരു സാധാരണ ജീവിതത്തിലേക്ക് മാറി.രാവിലെ പോയാല്‍ ആറ് മണിക്ക് തിരിച്ചെത്തും പിന്നെ രാവിലെ അഞ്ച് മണിക്ക് വീണ്ടും ബസോടിക്കാന്‍ പോകും ഒന്നോ രണ്ടോ ലീവ് അങ്ങനെ ബസില്‍ പോക്ക് മാത്രമായി ഒതുങ്ങി പോയിരുന്നു.ഇപ്പോഴൊക്കെയാണ് സിനിമ എന്ന സ്വപ്നത്തെ കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കുന്നത്.മുന്‍പ് ബസിലെ ജോലിയും തിരക്കും മാത്രമായിരുന്നു ജീവിതം.

 

വീഡിയോകള്‍ കാണുമ്പോള്‍ നെഗറ്റീവ് കമന്റുകളുമായി നിരുത്സാഹപ്പെടുത്തുന്നവരും കാണുമല്ലോ അതൊക്കെ എങ്ങനെയാണ് ഡീല്‍ ചെയ്യുന്നത് ?

നെഗറ്റീവ് കമന്റുകള്‍ എന്ന് പറഞ്ഞാല്‍ ആരെന്ത് നല്ല കാര്യം ചെയ്താലും അതുണ്ടാകും. പക്ഷെ എന്നെ ഇതുവരെ മുറിപ്പെടുത്തുന്ന രീതിയില്‍ ഒരു നെഗറ്റീവ് കമന്റും ഞാന്‍ എന്റെ ചാനലില്‍ കണ്ടിട്ടില്ല.പിന്നെ ചില സമയത്ത് അഭിപ്രായങ്ങളൊക്കെയുണ്ടാകും.പ്രത്യേകിച്ച് സ്ത്രീകളാകും.അതൊക്കെ ഇഷ്ടം കൊണ്ട് പറയുന്നതായി നമ്മളങ്ങ് എടുക്കും.അതില്‍ ആവശ്യമുള്ളത് സ്വീകരിക്കും വേണ്ടാത്തത് ഉപേക്ഷിക്കും.ഒരു നെഗറ്റീവ് കമന്റിന് ഞ്ങ്ങളുടെ ജീവിതത്തില്‍ അത് വായിക്കുന്ന സെക്കന്‍ഡുകളുടെ ആയുസേയുള്ളു.അതിനപ്പുറം അതിനെ ചുമക്കാറില്ല.കണ്ടില്ലെന്ന് നടിക്കും സ്‌മൈല്‍ അടിച്ചുവിടാം, തീരെ ദഹിക്കാന്‍ പറ്റാത്തതരം മോശം കമന്റുകളാണെങ്കില്‍ ഡിലീറ്റ് ചെയ്യാം പക്ഷെ എനിക്ക് അതിലേക്ക് പോകേണ്ടി വന്നിട്ടില്ല.പിന്നെ കമന്റ് ബോക്‌സ് അഭിപ്രായം രേഖപ്പെടുത്താനുള്ള ഇടം തന്നെയാണ്.അവിടെ മോശം കമന്റിടുന്നത് അയാളുടെ സാഹചര്യവും ജീവിതവും കൊണ്ടുണ്ടാക്കിയ രീതിയാകും.അതിനെതിരെ അതെ നാണയത്തില്‍ നമ്മള്‍ പ്രതികരിക്കേണ്ടതില്ലല്ലോ.ഫെയ്‌സ്ബുക്കില്‍ ആണ് ഇത്തരം പ്രശ്‌നങ്ങള്‍ പലരും പറഞ്ഞു കേട്ടത്.ഞങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട് പക്ഷെ നെഗറ്റീവ് കമന്റുകളുടെ വലിയ ആക്രമണം ഒന്നും ദൈവഭാഗ്യം കൊണ്ട് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.


കെഎല്‍ ബ്രോയുടെ ഭാവി എന്തായിരിക്കും ? സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതം സുരക്ഷിതമാക്കാന്‍ സാധിക്കും എന്ന് തോന്നിയിട്ടുണ്ടോ ?

അങ്ങനെ സോഷ്യല്‍മീഡിയ കൊണ്ട് ജീവിക്കാന്‍ കഴിയും എന്ന ധാരണയൊന്നുമില്ല. പക്ഷെ ബസില്‍ ജോലിക്ക് പോയി കിട്ടുന്നതിനോളം അല്ലെങ്കില്‍ അതെക്കാള്‍ കുറച്ചൂകൂടി വരുമാനം ഇതിലൂടെ ലഭിക്കുന്നുണ്ട്.ലോണും കാര്യങ്ങളൊക്കെയുമുള്ളതുകൊണ്ട് വലിയ രീതിയില്‍ ആഘോഷിക്കാനോ ആര്‍ഭാടം കാണിക്കലോയില്ല.ആര്‍ഭാടകരമായ ജീവിക്കാന്‍ എന്നെ അമ്മ പഠിപ്പിച്ചിട്ടുമില്ല. പിന്നെ സോഷ്യല്‍മീഡിയയിലെ ഒരു ആപ്ലിക്കേഷന്‍ ആരെങ്കിലും ഹാക്ക് ചെയ്താല്‍ അതവിടെ തീര്‍ന്നു, അതുകൊണ്ട് വലിയ സംഭവമായി മനസിലേക്ക് എടുത്തിട്ടില്ല.ഞാന്‍ എന്റെ ജോലി ഉപേക്ഷിച്ചിട്ടുമില്ല ഇപ്പോഴും ബസില്‍ ജോലി ചെയ്യുന്നുണ്ട്.എപ്പോഴാണെങ്കിലും അതിനു പോകാന്‍ ഒരു മടിയുമില്ല. പണി അവിടെയുള്ളതുകൊണ്ട് സോഷ്യല്‍മീഡിയ ഇല്ലെങ്കിലും എനിക്ക് വിഷമമൊന്നുമില്ല.പിന്നെ നമ്മളെ വീഡിയോകളിലൂടെ പ്രിയപ്പെട്ടവരായി മാറിയ കുറേപേരുണ്ട് അവരുമായിട്ടുള്ള കമ്യൂണിക്കേഷനും ബന്ധവും നഷ്ടമാകുമെന്ന ഒറ്റ വിഷമം മാത്രമെയുള്ളു.

"ഞങ്ങളുടെ ജീവിതം തന്നെയാണ് വീഡിയോകളിലൂടെ കാണിക്കുന്നത്, തുടക്കത്തില്‍ ഒരുപാട് അധ്വാനിച്ച് ചെയ്ത വീഡിയോകളില്‍ പലതും ആരും കാണാതെ പോകുന്നതൊക്കെ കാണുമ്പോള്‍ തോന്നിയിരുന്ന വിഷമം ഒക്കെ മാറി.ഒന്നും പ്രതീക്ഷിച്ചിട്ടില്ല വീഡിയോ ചെയ്തു തുടങ്ങിയത് ഒരുപാട് സ്‌നേഹവും സന്തോഷവും ആണ് ഇപ്പോള്‍ ലഭിക്കുന്നത്".വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്തോഷവും സംതൃപ്തിയും കുടുംബത്തിന്റെ കെട്ടുറപ്പും ബിജുവിന്റെ വാക്കുകളില്‍ വലിയ ആത്മവിശ്വാസം നിറയ്ക്കുന്നു....കെഎല്‍ ബ്രോയിലൂടെ ഇനിയും നന്മയുടെ സന്ദേശം പടര്‍ത്തട്ടെ ബിജുവും കുടുംബവും
 


യൂട്യൂബ്‌ : https://www.youtube.com/c/KLBROBijuRithvik1/featured 

ഫെയ്‌സ്ബുക്ക് : https://www.facebook.com/klbrobiju/ 

 

Story highlights: Biju creator of KL BRO Biju Rithvik a family Malayalam YouTube channel and in this interview he explain his journey


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.