Sections

വാഹനം വാങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ വേഗമായിക്കോട്ടെ, കാറിനും ബൈക്കിനും വില വർധനവ് വരുന്നു

Friday, Mar 24, 2023
Reported By admin
car

മോഡലുകളുടെ വ്യത്യസ്തതയ്ക്കനുസരിച്ച് തുകയിൽ മാറ്റമുണ്ടാകും


ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ ഇന്ത്യയിലെ ഏതെങ്കിലും ഓട്ടോ കമ്പനികളിൽ നിന്ന് ഒരു കാർ വാങ്ങാൻ നിങ്ങൾക്ക് പ്ലാനുണ്ടെങ്കിൽ, ഏപ്രിൽ 1 ന് മുമ്പ് വാങ്ങുന്നതാണുചിതം. ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹോണ്ട, ഹീറോ മോട്ടോകോർപ്പ് എന്നിവ, വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിൽ 1 മുതൽ രണ്ട് മുതൽ അഞ്ച് ശതമാനം വരെ വർധിപ്പിക്കാനാണ് സാധ്യത. വാഹനങ്ങളുടെ മോഡലുകൾ ആശ്രയിച്ചായിരിക്കും വിലവർധന. 15,000 രൂപ മുതൽ 20,000 രൂപയുടെ വരെ വർധനവ് പ്രതീക്ഷിക്കാം.

മാരുതി സുസുകി ഇന്ത്യ

മലിനീകരണചട്ടങ്ങളുടെ ഭാഗമായുള്ള പരിഷ്കരണം,പണപ്പെരുപ്പം എന്നിവ കണക്കിലെടുത്ത് വിവിധ മോഡലുകളുടെ വില വർധിപ്പിക്കുമെന്ന് മാരുതി സുസുകി അറിയിച്ചു. എന്നാൽ വില വർധനവിന്ററെ വിശദാംശങ്ങൾ മാരുതി സുസുകി പുറത്ത് വിട്ടിട്ടില്ല. ചെലവ് കുറയ്ക്കുക എന്നതാണ് കമ്പനി ലക്ഷ്യമെന്നും, അതിന്റെ ഭാഗമായാണ് വിലവർധിപ്പിക്കാൻ നിർബന്ധിതമായിരിക്കുന്നതെന്നും മാരുതി സുസുകി വക്താക്കൾ അറിയിച്ചു.

ടാറ്റ മോട്ടോഴ്സ്

മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ വർഷം ഏപ്രിൽ 1 മുതൽ, ഓട്ടോമൊബൈൽ കമ്പനികൾ BS 6-II എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി മാത്രം നിർമ്മിക്കുന്നതിനാൽ ഏപ്രിൽ 1 മുതൽ വാണിജ്യ വാഹനങ്ങളുടെ വില അഞ്ച് ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. മാത്രമല്ല ടാറ്റ മോട്ടോഴ്സ് 2023 ഫെബ്രുവരി മുതൽ തന്നെ BS 6-II എമിഷൻ മാനദണ്ഡങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും,ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര മാധ്യമങ്ങളോട്് പറഞ്ഞു.

ഹോണ്ട കാർസ് ഇന്ത്യ

എൻട്രി ലെവൽ കോംപാക്ട് സെഡാൻ അമേസിന്റെ വില അടുത്ത മാസം മുതൽ 12,000 രൂപ വരെ വർധിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യയും പ്രഖ്യാപിച്ചു. മോഡലുകളുടെ വ്യത്യസ്തതയ്ക്കനുസരിച്ച് തുകയിൽ മാറ്റമുണ്ടാകും. മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉൽപ്പാദനച്ചെലവ് കൂടിയതിനാലാണ് വർധനവെന്നും ഹോണ്ട കാർസ് ഇന്ത്യ മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെൽ പറഞ്ഞു

ഹീറോ മോട്ടോകോർപ്പ്

കാറുകളുടെ മാത്രമല്ല ഏപ്രിൽ മുതൽ ഇരുചക്രവാഹനങ്ങളുടെ വിലയും കൂടും. ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില ഏപ്രിൽ 1 മുതൽ ഏകദേശം രണ്ട് ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. കർശനമായ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ഉൽപ്പാദനച്ചെലവ് കൂടിയ സഹചര്യത്തിലാണ് വിലവർധിപ്പിച്ചിരിക്കുന്നത് എന്നാണ് കമ്പനി വിശദീകരണം.

വാഹനങ്ങൾ പുറത്തുവിടുന്ന ദോഷകരമായ വാതകങ്ങൾ മൂലമുള്ള മലിനീകരണം കുറയ്ക്കാൻ കേന്ദ്ര സർക്കാർ യൂറോ 6 എമിഷൻ സ്റ്റാൻഡേർഡുകൾ നടപ്പിലാക്കിക്കഴിഞ്ഞു. രാജ്യത്ത് 2023 ഏപ്രിൽ 1 മുതൽ, ഓട്ടോമൊബൈൽ കമ്പനികൾ BS 6-II എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി മാത്രമേ വാഹനങ്ങൾ നിർമ്മിക്കുകയുള്ളൂ. ഇതുമൂലം വാഹന നിർമ്മാണത്തിന് ചെലവേറും. ഈ നഷ്ടം ഉപഭോക്താക്കളിൽ നിന്ന് ഈടാക്കി നികത്താൻ കമ്പനികൾ തയ്യാറെടുക്കുകയാണ്. ഇതാണ് വില കൂടുന്നതിന്റെ മുഖ്യ കാരണം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.