Sections

ടോക്സിക് റിലേഷൻഷിപ്പുകൾ തിരിച്ചറിയാം: വിഷലിപ്തമായ ബന്ധങ്ങളിൽ നിന്നും രക്ഷപ്പെടേണ്ടതെങ്ങനെ?

Tuesday, May 27, 2025
Reported By Soumya S
How to Identify and End a Toxic Relationship Before It Destroys Your Mental and Physical Health

ടോക്സിക് റിലേഷൻഷിപ്പുകൾ (വിഷലിപ്തമായ ബന്ധങ്ങൾ) ആദ്യമേ തന്നെ തിരിച്ചറിഞ്ഞ് അവ അവസാനിപ്പിക്കേണ്ടത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനുമൊക്കെ വളരെ അത്യാവശ്യമാണ്. കൃത്യ സമയത്ത് അവസാനിപ്പിക്കാത്ത ഇത്തരം വിഷമയമായ റിലേഷൻഷിപ്പുകളാണ് പിന്നീടൊരു ആസിഡ് ആക്രമണമോ സൈബർ അപകീർത്തിയോ ഒക്കെയായി പരിണമിക്കുന്നത്. ഇത്തരം ബന്ധങ്ങളിൽ പൊതുവേ കണ്ട് വരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് തെറ്റായ വ്യക്തികൾക്ക് നാം നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നൽകുന്നു. രണ്ട് നമ്മളോട് മോശമായി പെരുമാറാൻ അവരെ അനുവദിക്കുന്നു. ചില പെരുമാറ്റ വൈകല്യങ്ങളാണ് ബന്ധങ്ങളെ ഈ വിധം വിഷലിപ്തമാക്കുന്നത്.അവ ഏതൊക്കെയാണെന്ന് നോക്കാം.

  • 'ടോക്സിക്' ആയത് നിങ്ങളുടെ എത്ര അടുത്ത ആളാണെങ്കിലും അവർ നിങ്ങളോട് യഥാർത്ഥത്തിൽ സൗഹാർദ്ദപരമായി പെരുമാറുന്നവർ ആയിരിക്കില്ല. ധാരാളം കള്ളങ്ങളും പറയും. സാങ്കൽപികമായതോ അല്ലാത്തതോ ആയ കാര്യങ്ങൾ സത്യമാണെന്ന് നിങ്ങളെ ധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. വസ്തുതകൾ വളച്ചൊടിക്കും. ഈ കള്ളം പറച്ചിൽ അവരുടെ സ്ഥിരം പരിപാടിയും ആയിരിക്കും.
  • എന്തൊക്കെ ചെയ്താലും അവസാനം കുറ്റം പറയുന്ന മനോഭാവക്കാരുടെ ഒപ്പം ഒരു ആരോഗ്യകരമായ പ്രണയബന്ധം സാധ്യമല്ല. അവരുമായി നിരന്തരം കലഹത്തിൽ ഏർപ്പെടേണ്ടി വരും.അതും നിങ്ങളുടെ കുറ്റമാണെന്ന് നിങ്ങളെ കൊണ്ട് തോന്നിപ്പിക്കാൻ അവർക്ക് സാധിക്കും. ഇക്കൂട്ടരും നിർവികാരത മുഖമുദ്രയാക്കിയിരിക്കുന്നതിനാൽ ഇവരും നിങ്ങളുടെ മനോവികാരങ്ങളെ ആദരിക്കില്ല.
  • നിങ്ങളുടെ പങ്കാളി അവരുടെ കോപത്താൽ നിങ്ങളെ ഇടയ്ക്കിടെ ഭയപ്പെടുത്തുന്നുണ്ടെങ്കിൽ ആ ബന്ധത്തിന് ഫുൾസ്റ്റോപ്പിടാൻ സമയമായി എന്നാണ് അർത്ഥം.
  • നിങ്ങളെ എപ്പോഴും നിന്ദിച്ചും ആദരവില്ലാതെയുമാണ് അവരുടെ സംസാരമെങ്കിൽ ആ ബന്ധം വിഷമയമായതാണെന്ന് മനസ്സിലാക്കുക.
  • നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്, അതുപോലെ, എന്ത് ചെയ്താലും സംശയം പ്രകടിപ്പിക്കുക എന്നിങ്ങനെയുള്ളത് പ്രകടമാക്കി നമ്മളുടെ മാനസികാവസ്ഥ മോശമാക്കുന്നവരാണ് മിക്കവരും. അതുപോലെ ദേഷ്യം പ്രകടിപ്പിച്ചും, ആത്മഹത്യ ചെയ്യും എന്നെല്ലാം പേടിപ്പിച്ച് ഓരോ കാര്യങ്ങൾ ചെയ്യിപ്പിക്കുകയും ഈ ബന്ധത്തിൽ നിലനിൽക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
  • കൂടുതലായി പങ്കാളി നിങ്ങളെ ആശ്രയിക്കുന്നത് അവരുടെ കുറഞ്ഞ ആത്മവിശ്വാസം മൂലമാണ്. ഇത്തരക്കാർക്ക് നിങ്ങളെ ശ്വാസം മുട്ടിക്കുമെന്നത് ഉറപ്പാണ്. സ്വാതന്ത്ര്യത്തോടെ ഒരു നിമിഷം ഇരിക്കാൻ നിങ്ങൾക്ക് സാധിച്ചെന്ന് വരില്ല. ചെറിയ കാര്യങ്ങൾക്ക് പോലും പങ്കാളിക്ക് നിങ്ങൾ വേണമെന്ന അവസ്ഥ തീർച്ചയായും പ്രോത്സാഹനജനകമല്ല.
  • താൻ എന്തിന്റെയൊക്കെയോ ഇരയായതിനാൽ ഇങ്ങനെയായി എന്നു കരുതുന്നവർ തങ്ങളുടെ കുറവ് കണ്ടെത്താനോ അത് നികത്താനോ തയ്യാറല്ലാത്തവരാണ്. സ്വയം പഴിക്കുന്നവർ സ്വന്തം വിനാശത്തിന്റെ കുഴി തോണ്ടും. അവരുടെ പങ്കാളികളെ കൂടി വലിച്ച് ഈ കുഴിയിലേക്ക് ഇടാൻ ശ്രമിക്കുകയും ചെയ്യും.
  • ചിലർ എപ്പോഴും നിങ്ങളുടെ ഊർജ്ജവും സമയവുമെല്ലാം സദാസമയവും അവരിലേക്ക് വലിച്ചെടുത്തു കൊണ്ടിരിക്കും. അവരുമായി ചെലവഴിക്കുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നേണ്ടതിന് പകരം നിങ്ങളുടെ ഊർജ്ജമെല്ലാം നഷ്ടപ്പെട്ടതായി തോന്നും. ഇത് റിലേഷൻഷിപ്പിൽ നല്ലൊരു സൂചനയല്ല. നിങ്ങളുടെ മുൻഗണനകളെ പറ്റിയും നിങ്ങൾക്ക് എന്താണ് ആ ബന്ധത്തിൽ നിന്ന് വേണ്ടതെന്നും വീണ്ടും ആലോചിക്കുക.
  • പങ്കാളിയുടെ എല്ലാ കാര്യങ്ങളും കയറി അങ്ങ് നിയന്ത്രിക്കുക. ഇതെല്ലാം എനിക്ക് നിന്നോടുള്ള കരുതൽ കൊണ്ടാണ് എന്ന് പറയുക. ഇത്തരക്കാർ തീർച്ചയായും വിഷലിപ്തമായ ബന്ധങ്ങളുണ്ടാക്കും. കരുതൽ വേറെ. നിയന്ത്രണം വേറെ. ഇത് തിരിച്ചറിഞ്ഞ് അമിതമായി നിയന്ത്രിക്കുന്ന ബന്ധങ്ങളിൽ നിന്ന് വേഗം പുറത്ത് കടക്കുക.

'ടോക്സിക്' ബന്ധങ്ങൾ നിങ്ങളുടെ വ്യക്തി എന്ന നിലയിലുള്ള വളർച്ചയെയും കരിയറിനെയുമെല്ലാം ഒരുപോലെ ബാധിക്കാം എന്നതിനാൽ ഇവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ആവശ്യമെങ്കിൽ മനശാസ്ത്ര വിദഗ്ധരെ സമീപിച്ച് കൗൺസിലിംഗോ സഹായമോ തേടുകയും ആവാം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.