Sections

പാഴ്വസ്തുക്കൾ മികച്ച കലാസൃഷ്ടികളായി മാറും: ഘാന കലാകാരൻ ഇബ്രാഹിം മഹാമ

Wednesday, Dec 03, 2025
Reported By Admin
Ibrahim Mahama Highlights Power of Art at Kochi Biennale

കൊച്ചി: ഉപേക്ഷിക്കപ്പെട്ട റെയിൽവേ സാമഗ്രികളും കൊളോണിയൽ കാലഘട്ടത്തിലെ ട്രെയിൻ ബോഗികളും ദ്രവിച്ച ചണച്ചാക്കുകളും വരെ സർഗാത്മക സൃഷ്ടികൾക്ക് കാരണമാകുമെന്ന് പ്രശസ്ത ആഫ്രിക്കൻ കലാകാരൻ ഇബ്രാഹിം മഹാമ പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി-6) മുന്നോടിയായി തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) സംഘടിപ്പിച്ച 'ലെറ്റ്സ് ടോക്ക്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള വാണിജ്യമേഖല, കൊളോണിയൽ ചൂഷണം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കലാസൃഷ്ടികളായി പാഴ്വസ്തുക്കളെ മാറ്റാൻ ഭാവനാസമ്പന്നർക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിൽ അദ്ദേഹത്തിന്റെ കലാസൃഷ്ടി പ്രദർശിപ്പിക്കുന്നുണ്ട്.

ഗോവയിലെ എച് എച് ആർട്ട് സ്പേസുമായി ചേർന്ന് പ്രശസ്ത ആർട്ടിസ്റ്റ് നിഖിൽ ചോപ്രയാണ് കൊച്ചി ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ഡിസംബർ 12ന് ആരംഭിക്കുന്ന ഈ സമകാലീന കലാമേള 110 ദിവസത്തിനു ശേഷം മാർച്ച് 31 ന് സമാപിക്കും.

നിർബന്ധിത തൊഴിൽ, കുടിയേറ്റം, വിഭവചൂഷണം തുടങ്ങി ആഫ്രിക്കൻ രാഷ്ട്രങ്ങളെ ഇപ്പോഴും വലയ്ക്കുന്ന ആഗോള വിഷയങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ ഇത്തരം പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള കലയിലൂടെ നൽകാൻ കഴിയുമെന്ന് മഹാമ പറഞ്ഞു. ഘാനയിലെ തമാലെയിലുള്ള തന്റെ സ്റ്റുഡിയോ ക്യാമ്പസിൽ പഴയ ട്രെയിൻ കോച്ചുകളെ സ്കൂൾ മുറികളാക്കി രൂപാന്തരപ്പെടുത്തിയ അനുഭവങ്ങൾ 38-കാരനായ അദ്ദേഹം പങ്കുവെച്ചു. റെയിൽവേ പോലുള്ള കൊളോണിയൽ കാലത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരു കാലത്ത് ചൂഷണത്തിനുള്ള ഉപാധിയായിരുന്നു. ഇന്ന് അതേക്കുറിച്ച് ഓർമ്മപ്പെടുത്താനും പ്രാദേശിക സമൂഹത്തിന്റെ വിദ്യാഭ്യാസം പോലുളള ആവശ്യങ്ങൾക്കുമായി ഇതിനെ എങ്ങിനെ ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

കല കേവലം സൗന്ദര്യാവിഷ്കാരമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാഷ്ട്രീയം, സ്വത്വം, ഓർമ്മ എന്നിവ ഉൾക്കൊള്ളുന്നതാണ് കല. സാമൂഹിക വിമർശനത്തിനും മാറ്റത്തിനുമുള്ള ശക്തമായ ഉപാധിയായി ഇതിനെ ഉപയോഗപ്പെടുത്തുന്നതെങ്ങിനെയെന്ന് കാണിച്ചുതരുന്നതായിരുന്നു വിദ്യാർത്ഥികളുമായുള്ള അദ്ദേഹത്തിന്റെ സംവാദം. പ്രഭാഷണത്തിന് ശേഷം വിദ്യാർത്ഥികളുമായുള്ള ചോദ്യോത്തര വേളയും നടന്നു.

നൂതനമായ അധ്യാപന രീതിയിലൂടെയാണ് ഇബ്രാഹിം മഹാമ വിദ്യാർത്ഥികളുമായി സംവദിക്കുന്നതെന്ന് കെ.ബി.എഫ് പ്രോഗ്രാംസ് ഡയറക്ടർ മരിയോ ഡിസൂസ പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയിലെ മഹാമയുടെ സെഷനുകൾ ചോദ്യങ്ങൾ ചോദിക്കാനും ആശയങ്ങൾ പരീക്ഷിക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനുമുള്ള ഇടങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.