- Trending Now:
കോഴിക്കോട്: എച്ച്ഐവി/എയ്ഡ്സിനെക്കുറിച്ച് ബോധവത്കരണവും ശരിയായ വിവരങ്ങളും സമൂഹത്തിന് നൽകുന്നതിന്റെ ഭാഗമായി ഗവ. സൈബർ പാർക്കിൽ എയ്ഡ്സ് ദിന പരിപാടി സംഘടിപ്പിച്ചു. ഗവ. സൈബർ പാർക്കിലെ ലിമെൻസി ടെക്നോളജീസിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
എച് ഐ വി രോഗത്തിന്റെ തുടക്കം മുതലുള്ള രോഗനിർണയം, പ്രതിരോധ മാർഗ്ഗങ്ങൾ, എച്ച്ഐവി/എയ്ഡ്സിനെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ, സാമൂഹികമായ ദുഷ്പേര് ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി വിഷങ്ങളിലാണ് പ്രധാനമായും ചർച്ച നടന്നത്. കഴിഞ്ഞ പത്ത് വർഷമായി ലിമെൻസി ടെക്നോളജീസ് എയ്ഡ്സ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്.
സമൂഹം നേരിടുന്ന ഇത്തരം വിപത്തുകളെക്കുറിച്ച് പൊതുജനങ്ങളിൽ വിശിഷ്യാ യുവാക്കൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്വകാര്യ മേഖല കാണിക്കുന്ന താത്പര്യം മാതൃകാപരമാണെന്ന് സൈബർപാർക്ക് സിഒഒ വിവേക് നായർ പറഞ്ഞു. എച് ഐവി പോലുള്ള മഹാവിപത്തിനെതിരെ നിരന്തരമായ ബോധവത്കരണമാണ് മികച്ച പ്രതിരോധമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ രോഗാവസ്ഥയെക്കുറിച്ച് ബോധവാന്മാരാകുന്നതിനൊപ്പം സഹാനുഭൂതിയുള്ളതും ഉത്തരവാദിത്തപൂർണവുമായ സമൂഹം വളർത്തിയെടുക്കാനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ലിമെൻസി ടെക്നോളജീസ് എംഡിയും സിഇഒയുമായ വിപിൻ ആനന്ദ് വി പി പറഞ്ഞു. അന്തസ്സുയർത്തിപ്പിടിക്കാനും തുല്യനീതി ലഭിക്കാനും പൂർണമായും ശരിയായ വിവരങ്ങളുടെ ലഭ്യതയ്ക്കായും നിലകൊള്ളാനാണ് ഈ പരിപാടി ആഹ്വാനം ചെയ്തത്.
ഗവ. സൈബർപാർക്കിലെ വിവിധ കമ്പനികളിൽ നിന്നായി നിരവധി ജീവനക്കാർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു. സൈബർപാർക്കിലെ വിവിധ കമ്പനി ജീവനക്കാർക്ക് ലിമെൻസി ടെക്നോളജീസിലെ വോളണ്ടിയർമാർ ബാഡ്ജ് നൽകി. കമ്പനി ഡയറക്ടർ സുവിത് കെ ആദ്യ ബാഡ്ജ് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.