Sections

കുട്ടികളുടെ ദേഷ്യവും വാശിയും ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള അഞ്ചു മാർഗങ്ങൾ

Monday, Jun 16, 2025
Reported By Soumya
5 Effective Ways to Handle Children's Anger and Tantrums

ഈയിടെ നടത്തിയ സർവേ പറയുന്നത് കുട്ടികളുടെ ദേഹ്യവും വാശിയും ഫലപ്രദമായി നേരിടുന്ന രക്ഷകർത്താക്കളുടെ എണ്ണം വളരെ കുറവാണെന്നതാണ്. പുകതിയിലധികം പേരും കുട്ടികൾക്ക് നേരെ ആക്രോശിക്കുകയും അലറുകയും വാതിലുകൾ പിടിച്ചുലച്ച് ശബ്ദമുണ്ടാക്കി കുട്ടികളെ നിശബ്ദരാക്കുകയാണ് പതിവെന്നതാണ് വാസ്തവം.കുട്ടികളുടെ ദേഷ്യവും വാശിയും ഫലപ്രദമായി നേരിടുന്നതിന് അഞ്ചു വഴികളിതാ.

  • രക്ഷകർത്താവിന്റെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ പ്രതികരണം എരിതീയിൽ എണ്ണയൊഴിക്കലാകുമെന്ന് വിദഗ്ധർ പറയുന്നു.ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലത്തെുമ്പോഴായിരിക്കും കുട്ടികളുടെ ശാഠ്യവും കരച്ചിലും തുടങ്ങുക. കുട്ടിയേക്കാൾ ഉച്ചത്തിൽ അലറിയും വടിയും മറ്റുമെടുത്ത് കുട്ടിയെ വെല്ലുവിളിക്കാനാകും അപ്പോൾ രക്ഷകർത്താക്കളുടെ ശ്രമം. നിങ്ങൾ ശാന്തരായി പ്രതികരിച്ചാൽ കുട്ടി എളുപ്പത്തിൽ തണുക്കും. ഇതുവഴി കുട്ടിക്ക് മാനസികമായി ബുദ്ധിമുട്ടോ ഒറ്റപ്പെട്ടുവെന്ന തോന്നലോ ഉണ്ടാകില്ല.
  • മാതൃകാ രക്ഷകർത്താക്കൾ ശാരീരികമായി ശിക്ഷിക്കാതെ രംഗം ശാന്തമാക്കാനാണ് ശ്രമിക്കുക. കുട്ടികൾ ദേഷ്യം പിടിച്ച് ഫർണിച്ചറുകൾ തട്ടിമറിക്കുകയും രക്ഷകർത്താക്കളെയും സഹോദരങ്ങളെയും തല്ലുകയും മാന്തുകയുമൊക്കെ ചെയ്യാറുണ്ട്. രക്ഷകർത്താക്കൾ ശാരീരികമായി ഇതിനെ നേരിടുന്നത് കുട്ടികളിൽ ദേഷ്യവും പകയും വർധിപ്പിക്കും. പിന്നീട് സമാധാനന്തരീക്ഷം പുനസ്ഥാപിക്കാൻ ബുദ്ധിമുട്ടും ആയിരിക്കും. കുരുന്നുമനസിലെ പ്രതികരണ രീതികളാണ് ഇതെന്നത് മനസിലാക്കുക മാത്രമാണ് ഏക പോംവഴി. രക്ഷകർത്താവ് വടിയെടുക്കുന്നത് ഒരുതരത്തിൽ കുട്ടിക്ക് തന്റെ വഴി ശരിയാണെന്ന തോന്നലുണ്ടാക്കുന്നതാണ്.
  • നിങ്ങൾ ദേഷ്യപ്പെടാതിരിക്കുമ്പോൾ അവന്റെ/ അവളുടെ ആവശ്യം നിങ്ങൾ മനസിലാക്കിയെന്ന് അവർക്ക് തോന്നലുണ്ടാകും. എന്താണ് കാര്യമെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ദേഷ്യം പ്രകടിപ്പിക്കാൻ ഇതിലും നല്ല വഴികളുണ്ടെന്ന കാര്യം മനസിലാക്കി നൽകുക. സ്വന്തം ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത രക്ഷകർത്താക്കൾക്ക് ഇതിന് സാധിക്കില്ല. കൊച്ചുകുട്ടികളാണെങ്കിൽ മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കുക. കാർട്ടൂൺ സീരിയലോ കുട്ടികളുടെ സിനിമയോ ഒക്കെ വെച്ചുകൊടുത്തിട്ട് അതിലെ പെരുമാറ്റങ്ങൾ കണ്ട് മനസിലാക്കാൻ കുട്ടികളോട് ഉപദേശിക്കുക. വീട്ടുപകരണങ്ങൾ തകർത്തും മറ്റുമല്ല ദേഷ്യം പ്രകടിപ്പിക്കേണ്ടതെന്ന കാര്യം നിർബന്ധമായും മനസിലാക്കി നൽകുക.
  • വെറുതെയിരിക്കുന്ന കുട്ടികളിൽ ദുർവാശിയും കരച്ചിലുമൊക്കെ സാധാരണയാണ്. ദേഷ്യത്തെ അകറ്റാൻ കുട്ടികളെ പലതരം കളികളും മറ്റും ശീലിപ്പിക്കുക. ഉദാഹരണത്തിന് വീട്ടുമുറ്റത്തെ മതിലിൽ ഒരു നനഞ്ഞ തുണി തൂക്കിയിടുക. ദേഷ്യം വരുമ്പോൾ അതിൽ പോയി എഴുതാൻ കുട്ടികളോട് നിർദേശിക്കുക. അതിന് ശേഷം അത് ചുരുട്ടികൂട്ടി എറിയാൻ പറയുക. ഇതുവഴി ആരെയും ബുദ്ധിമുട്ടിക്കാതെ ദേഷ്യം പ്രകടിപ്പിക്കാനുള്ള വഴികൾ കുട്ടികൾക്ക് തുറന്നുകിട്ടും.
  • കുട്ടികൾ ഏറ്റവും കൂടുതൽ അനുകരിക്കുക അവരുടെ രക്ഷകർത്താക്കളെയാകും. അതുകൊണ്ട് നിയന്ത്രണം വിടാതെ ദേഷ്യത്തെ എങ്ങനെയാണ് നേരിടുന്നതെന്ന കാര്യം കുട്ടികൾക്ക് പ്രവർത്തിയിൽ കാണിച്ച് കൊടുക്കുക. കുട്ടികളെ ഇത്തരം പെരുമാറ്റം അനുകരിക്കാൻ ഉപദേശിക്കുക. ക്ഷമയുടെ നെല്ലിപ്പലക കൈവിട്ടാലും നിയന്ത്രണം പാലിക്കുകയെന്നതാണ് ഒരു രക്ഷകർത്താവിനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളിയുള്ള കാര്യം. മുകളിൽ പറഞ്ഞ കാര്യങ്ങൾ ശീലമാക്കിയാൽ നിങ്ങളുടെ കുട്ടിയുടെ ദേഷ്യത്തെ നിങ്ങൾക്ക് ഫലപ്രദമായി നേരിടാം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.