Sections

ഗ്ലോബൽ ട്രാവൽ മാർക്കറ്റ്-2026 ൻറെ ബിടുബി മീറ്റ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു

Thursday, Jun 04, 2026
Reported By Admin
GTM 2026 B2B Meet Inaugurated in Kerala

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ-ട്രേഡ് എക്സ്പോയായ ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ (ജിടിഎം-2026) രണ്ടാം പതിപ്പിൻറെ ഭാഗമായുള്ള ബിടുബി മീറ്റ് ഗതാഗത മന്ത്രി സിപി ജോൺ ഉദ്ഘാടനം ചെയ്തു.

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുകയെന്ന ഏറക്കാലമായുള്ള ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻറെ സമ്പദ്ഘടനയിൽ ടൂറിസത്തിന് നിർണായക സ്ഥാനമാണുള്ളത്. സംസ്ഥാനത്തിൻറെ ജിഡിപിയുടെ 10 മുതൽ 12 ശതമാനം സംഭാവന ചെയ്യുന്നത് ടൂറിസം മേഖലാണ്. ലിഷർ ടൂറിസത്തിലെ ഏഷ്യയിലെ പ്രധാന ഡെസ്റ്റിനേഷനായി കേരളം മാറിയിട്ടുണ്ട്. ദക്ഷിണ കേരളത്തിലേക്ക് കൂടുതൽവിനോദസഞ്ചാരികളെ ആകർഷിക്കാൻ ടൂർ ഓപ്പറേറ്റർമാർക്ക് ജിടിഎം അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിടിഎം പോലുള്ള പരിപാടികൾ ദക്ഷിണേന്ത്യയിലെ ടൂറിസം വ്യവസായത്തിൻറെ വളർച്ചയെ പോഷിപ്പിക്കുമെന്ന് മുഖ്യാതിഥിയായ ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുർഗേഷ് അഭിപ്രായപ്പെട്ടു. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലെ വർധനവ് കേരളത്തിലെയും ആന്ധ്രയിലെയും ടൂറിസം വ്യവസായത്തിന് കരുത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ എം.വിൻസെൻറ് എംഎൽഎ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റതിനു ശേഷം ടൂറിസം മേഖലയിലെ പ്രമുഖരും പങ്കാളികളും ഉദ്യോഗസ്ഥരും ഒത്തുചേരുന്ന ആദ്യത്തെ സമ്മേളനമാണിത്. ജൂൺ 5 വരെ നടക്കുന്ന ജിടിഎം-2026 ൽ 1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോർപ്പറേറ്റ് ബയേഴ്സും പങ്കെടുക്കുന്നുണ്ട്.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയും സഹകരണത്തോടെയാണ് ജിടിഎം-2026 സംഘടിപ്പിക്കുന്നത്.

ഉത്തരവാദിത്ത ടൂറിസം മേഖലയിൽ കേരളം വലിയ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതെന്നും ഇനിയും ഏറെ സാധ്യതകളാണ് സംസ്ഥാനത്തിനുള്ളതെന്നും മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറിയും ഡയറക്ടർ ജനറലുമായ സുമൻ ബില്ല അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയിൽ സംസ്ഥാനങ്ങളോടല്ല കേരളം മത്സരിക്കുന്നത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം, തായ് ലാൻറ്, ഇന്തോനേഷ്യ എന്നിവയോടാണ്. പരമ്പരാഗത രീതിയിൽ നിന്ന് മാറി ആഗോള സ്വീകാര്യതയുള്ള പുതിയ ടൂറിസം ഉൽപന്നങ്ങൾ കൊണ്ടുവരാൻ കേരളത്തിനാകണം. ഇതിലൂടെ മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കാൻ സംസ്ഥാനത്തിനാകും. ജിടിഎം പോലെയുള്ള സംരംഭങ്ങൾ ടൂറിസം വ്യവസായ വളർച്ചയ്ക്ക് കരുത്ത് പകരുമെന്നും ടൂറിസം പങ്കാളികൾക്ക് പുതിയ അവസരങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടിസിസിഐ പ്രസിഡൻറ് എസ്എൻ രഘുചന്ദ്രൻ നായർ, എസ്കെഎച്ച്എഫ് പ്രസിഡൻറ് എംആർ നാരായണൻ, സികെടിഐ പ്രസിഡൻറ് ഇഎം നജീബ്, കെടിഎം സൊസൈറ്റി പ്രസിഡൻറ് ജോസ് പ്രദീപ്, എസ്കെഎച്ച്എഫ് വൈസ് പ്രസിഡൻറ് ശിശുപാലൻ, ബേബി മാത്യു, കെടിഡിഎ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജിടിഎം സിഇഒ സിജി നായർ സ്വാഗതവും എസ്കെഎച്ച്എഫ് സെക്രട്ടറി ജനറൽ പ്രസാദ് മഞ്ഞളി നന്ദിയും പറഞ്ഞു.

ജിടിഎമ്മിൻറെ ഭാഗമായുള്ള ഗ്ലോബൽ ട്രാവൽ മാർട്ട് എക്സ്പോ ഇന്ന് (ജൂൺ 4) രാവിലെ 10 ന് അമരവിള ഗോൾഡൻ പാലസ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ ആരംഭിക്കും.

ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ 200 ലധികം സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിൽ ഉണ്ടായിരിക്കും. ഇന്നും നാളെയുമായിട്ടാണ് (ജൂൺ 4, 5) ബിടുബി സെഷനുകൾ നടക്കുക. എക്സ്പോയിലേക്ക് നാളെ (ജൂൺ 5) പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

എക്സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവൽ-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ജിടിഎം അവസരമൊരുക്കും. ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സർക്യൂട്ടുകൾ ജിടിഎമ്മിൽ അവതരിപ്പിക്കും. ആയുർവേദത്തെ ആഗോള ടൂർ ഓപ്പറേറ്റർമാർക്ക് പരിചയപ്പെടുത്തുന്ന പരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂൺ 4 ന് ഹോസ്പിറ്റാലിറ്റി എജ്യുക്കേഷൻ, മെഡിക്കൽ ടൂറിസം, ആയുർവേദവും കേരള ടൂറിസവും എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. ജൂൺ 5 ന് 'ഫാം ടൂറിസം: കേരളത്തിലെ ഗ്രാമങ്ങളുടെ സുസ്ഥിര വളർച്ച' എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും.

ട്രാവൻകൂർ എക്സ്പീരിയൻസ് സോൺ ജിടിഎം-2026 ലെ പ്രധാന ആകർഷണമാണ്. ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉൽപ്പന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനായി ജിടിഎമ്മിൽ ഹൊറെക പവലിയൻ ഒരുക്കും. ബിസിനസ് നെറ്റ്വർക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയൻ പ്രവർത്തിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.