Sections

കര്‍ഷകര്‍ക്ക് ആശ്വാസവുമായി കേന്ദ്രം; താങ്ങുവില ഉയര്‍ത്തി

Wednesday, Sep 08, 2021
Reported By admin
farmer

ഗോതമ്പ് ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത്‌
 


രാജ്യത്ത് സാമ്പത്തികമായി നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വസമേകുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി ഗോതമ്പ് ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിച്ചിരിക്കുന്നു.ഉത്പാദനച്ചിലവ് കണക്കിലെടുത്താണ് തീരുമാനം. മാത്രമല്ല കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുടെ ആദായ വില ഉറപ്പുവരുത്താനും സര്‍ക്കാര്‍ നീക്കം സഹായിക്കും.


 ഗോതമ്പിന് ക്വിന്റലിന് 40 രൂപ ഉയര്‍ത്തി 2015 രൂപയായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. തുവര, റാപ്‌സീഡ്, കടുക് എന്നിവയ്ക്ക് ക്വിന്റലിന് 400 രൂപ വീതമാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചത്. പയര്‍, ബാര്‍ലി, സാഫ്ഫ്‌ളവര്‍ എന്നിവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. പയര്‍ ക്വിന്റലിന് 130 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. സാഫ്ഫ്‌ളവറിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്വിന്റലിന് 144 രൂപയുടെ വര്‍ദ്ധനയാണുള്ളത്. രാജ്യത്തെ ശരാശരി ഉല്‍പ്പാദനച്ചെലവിന്റെ 1.5 മടങ്ങ് വര്‍ധനയില്‍ വില നിര്‍ണയിക്കുമെന്ന 2018-19ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപനം അടിസ്ഥാനമാക്കിയാണ് 2022-23 സീസണിലേക്കുള്ള റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചത്. ഗോതമ്പ്, റാപ്‌സീഡ് & കടുക് (100% വീതം), പയര്‍ (79%), ബാര്‍ലി (60%), സാഫ്ഫ്‌ളവര്‍ (50%) എന്നിവയില്‍ കര്‍ഷകര്‍ക്ക് ഉല്‍പാദനച്ചെലവിനേക്കാള്‍ ആദായം കൂടുതല്‍ ഉയരുമെന്നാണ് പ്രതീക്ഷ.

ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. മൊത്തം 11,040 കോടി രൂപയുടെ വിനിയോഗത്തോടെ, ഈ പദ്ധതി മേഖലയുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കര്‍ഷകര്‍ക്ക് അവരുടെ വരുമാനവും അധിക തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

താങ്ങുവില നല്‍കുന്നില്ലെന്ന് പറഞ്ഞ് കര്‍ഷക പ്രതിഷേധക്കാര്‍ വീണ്ടും സമരം ശക്തമാക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പത്ത് മാസമായി തുടരുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം അവസാനം ഭാരത് ബന്ദ് ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.