- Trending Now:
കൊച്ചി: ദുർബലമായ ഡോളറിൻറേയും എളുപ്പത്തിലുള്ള പണത്തിൻറേയും പ്രധാനമായ പിന്തുണയോടെ സ്വർണ വില ഈ വർഷം തുടക്കം വരെ ശക്തമായി ഉയരുകയായിരുന്നു. ഇതിൻറെ തുടർച്ചയായി ഇനി ഏതു ദിശയിലേക്കാവും പ്രയാണം എന്നതും നിക്ഷേപകരെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഈ വർഷം മാർച്ച് അവസാനത്തോടെ 2025 ഡിസംബറിലെ നിലയിലേക്കു താഴ്ന്ന സ്വർണം ഇനിയെങ്ങോട്ട് എന്നത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇറാൻ- അമേരിക്ക സംഘർഷങ്ങൾ ഗൾഫ് മേഖലയിലെ എണ്ണ ഉൽപ്പാദക രാഷ്ടങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളാണെങ്കിൽ വലിയ തോതിലെ ലാഭം സ്വർണത്തിൽ നിക്ഷേപിക്കുന്നുമില്ല. 1983-ലെ പ്രതിസന്ധിയിൽ എണ്ണ ഉൽപാദക രാഷ്ട്രങ്ങൾ സ്വർണ ശേഖരം വിൽപന നടത്തിയതും ഇവിടെ പരിഗണിക്കേണ്ട ഒരു വസ്തുതയാണ്.
ഈ പശ്ചാത്തലങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ മാർച്ച് മാസത്തിൽ സ്വർണം ഒരാഴ്ചയ്ക്കുള്ളിൽ പത്തു ശതമാനമാണ് ഇടിഞ്ഞത്. അതായത് 1983-നു ശേഷമുള്ള ഒരാഴ്ചയിലെ ഏറ്റവും വലിയ പതനം. വെള്ളി ഇതേ ആഴ്ചയിൽ 15 ശതമാനവും ഇടിഞ്ഞു. രണ്ടു വർഷമായി തുടർന്ന സ്വർണം വാങ്ങൽ സെൻട്രൽ ബാങ്കുകൾ കുറക്കുന്നതും ഇതിനിടെ കാണാനായി.
സ്വർണ വിലയിലെ ഈ ചലനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളും ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരുമായ ഇന്ത്യയിൽ നേരിട്ടുള്ള പ്രതിഫലനങ്ങളാണു സൃഷ്ടിക്കുക. സ്വർണ വില ഉയരുമ്പോൾ ഇന്ത്യയുടെ ഇറക്കുമതി ബിൽ വർധിക്കുകയും ചെയ്യും. എങ്കിൽ തന്നെയും അടുത്തിടെ ഉണ്ടായ സ്വർണ വില വർധനവ് ഇന്ത്യയുടെ ദീർഘകാല തന്ത്രങ്ങളിൽ മാറ്റമൊന്നും വരുത്തിയില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സാഹചര്യം റിസർവ് ബാങ്കിന് അൽപം കുറഞ്ഞ നിരക്കിൽ സ്വർണം ശേഖരിക്കാനുള്ള അവസരമാണു നൽകുന്നത്.
സ്വർണം നിക്ഷേപമായി പരിഗണിക്കുന്നവർക്കിടയിൽ ഇനിയെന്ത് എന്നതും വലിയൊരു ചോദ്യമാണ്. ഭാവിയിൽ ഉയർച്ചയുണ്ടാകും എന്ന പ്രതീക്ഷയിൽ ഇപ്പോൾ നിക്ഷേപം നടത്തുന്നവരുണ്ട്. അത്തരമൊരു പ്രവണത ആരംഭിച്ചിട്ടുമുണ്ട്. എന്നാൽ ആഗോള സാഹചര്യങ്ങൾ എങ്ങനെ മാറും എന്നത് ഇവിടെ വലിയൊരു ഘടകമാണ്. വിപണിയിലെ പണ ലഭ്യത, കേന്ദ്ര ബാങ്കുകളുടെ നയങ്ങൾ എന്നിവ വരും നാളുകളിൽ സ്വർണത്തിൻറെ ഗതി നിർണയിക്കുന്ന സുപ്രധാന ഘടകങ്ങളായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.