Sections

സ്വർണ്ണ പണയ വായ്പകൾ 3.8 മടങ്ങ് വർദ്ധനവോടെ രാജ്യത്തെ രണ്ടാമത്തെ വലിയ റീട്ടെയിൽ വായ്പാ വിഭാഗമായി മാറി

Thursday, Apr 16, 2026
Reported By Admin
Gold Loans Surge to Second Spot in India Credit Market

കൊച്ചി: രാജ്യത്തെ റീട്ടെയിൽ വായ്പാ വിപണിയിൽ ബാലൻസ് ഷെയർ അടിസ്ഥാനത്തിൽ സ്വർണ്ണ പണയ വായ്പകൾ അതിവേഗം വളർന്ന് രണ്ടാം സ്ഥാനത്തെത്തിയതായി ട്രാൻസ്യൂണിയൻ സിബിലിൻറെ 'ഗോൾഡ് ലോൺ ലാൻഡ്സ്കേപ്പ്' റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 മാർച്ചിന് ശേഷം സ്വർണ്ണ പണയ വായ്പ 3.8 മടങ്ങ് വർധിച്ചപ്പോൾ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്ഫോളിയോയിലുണ്ടായിരുന്ന വിഹിതം 5.9 ശതമാനത്തിൽ നിന്ന് 2025 ഡിസംബറോടെ 11.1 ശതമാനമായി ഉയർന്നു.

വായ്പാ തുകയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. 2022-ലെ ആദ്യ പാദത്തിൽ 90,000 രൂപ ആയിരുന്ന ശരാശരി വായ്പാ തുക 2025 നാലാം പാദത്തോടെ 1.96 ലക്ഷം രൂപയായി ഉയർന്നു. അതേസമയം പുതുതായി അനുവദിച്ച വായ്പകളുടെ മൊത്തം മൂല്യം 5.1 മടങ്ങ് വർധിച്ചതും വിപണിയുടെ വ്യാപ്തിയും മൂല്യവും ഉയരുന്നതിൻറെ സൂചനയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എൻബിഎഫ്സികളും പൊതുമേഖലാ ബാങ്കുകളും ഈ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. എൻബിഎഫ്സികളുടെ വിഹിതം 2022 മാർച്ചിൽ 7 ശതമാനത്തിൽ നിന്ന് 2025 ഡിസംബറിൽ 11 ശതമാനമായി ഉയർന്നപ്പോൾ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 57 ശതമാനത്തിൽ നിന്ന് 62 ശതമാനമായി വർധിച്ചു. വായ്പ എടുക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. 2025-ൽ മൊത്തം വായ്പ അപേക്ഷകരിൽ 39 ശതമാനവും സ്ത്രീകളാണ്.

സ്വർണ്ണ വായ്പ വിതരണത്തിൽ മികച്ച ക്രെഡിറ്റ് സ്കോറുള്ളവരുടെ വിഹിതം 2022-ലെ 43 ശതമാനത്തിൽ നിന്നും 2025-ൽ ഏകദേശം 52 ശതമാനമായി ഉയർന്നു. അതേസമയം വായ്പാ വിപണിയിലേക്ക് പുതുതായി എത്തുന്നവരുടെ പങ്കാളിത്തം ഇതേ കാലയളവിൽ 12 ശതമാനത്തിൽ നിന്നും 6 ശതമാനമായി കുറഞ്ഞു.

രാജ്യത്ത് സ്വർണത്തിന് സാമ്പത്തികവും സാംസ്കാരികവുമായ വലിയ പ്രാധാന്യമുണ്ട്. സ്വർണ്ണ വായ്പകൾ ഇപ്പോൾ കേവലം ഹ്രസ്വകാല ആവശ്യങ്ങൾക്കായി മാത്രമല്ല മറിച്ച് വീടുകളിലെ സാമ്പത്തിക ആസൂത്രണത്തിൻറെ ഭാഗമായി മാറി. ഉപഭോക്തൃ സ്വീകാര്യതയും വായ്പദാതാക്കളുടെ ആത്മവിശ്വാസവും ഇതിലൂടെ പ്രകടമാകുന്നുവെന്ന് ട്രാൻസ്യൂണിയൻ സിബിൽ എംഡിയും സിഇഒയുമായ ഭവേഷ് ജയിൻ പറഞ്ഞു.

വായ്പാ വിപണി വളരുമ്പോഴും കൃത്യമായ തിരിച്ചടവ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ എടുത്തവരിൽ തിരിച്ചടവ് മുടക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു വായ്പ നൽകുന്നതിന് മുൻപ് ഉപഭോക്താക്കളുടെ തിരിച്ചടവ് ശേഷിയും മറ്റ് സാമ്പത്തിക ബാധ്യതകളും കൃത്യമായി പരിശോധിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. നിലവിൽ ഇന്ത്യയിലെ റീട്ടെയിൽ ക്രെഡിറ്റ് വിപണിയിൽ 27.8 ശതമാനം വിഹിതവുമായി ഭവന വായ്പകളാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഈ മേഖലയിലെ വേഗത്തിലുള്ള വളർച്ചയ്ക്കൊപ്പം കൂടുതൽ ശക്തമായ റിസ്ക് നിയന്ത്രണവും ആവശ്യമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 2025 ജൂണിൽ അവസാനിച്ച ആറുമാസ കാലയളവിൽ 60 ദിവസത്തിൽ കൂടുതൽ വൈകിയ തിരിച്ചടവ് നിരക്ക് 1.1 ശതമാനമായി രേഖപ്പെടുത്തി. ഉയർന്ന വായ്പാ എടുത്തിട്ടുള്ള ഉപഭോക്താക്കളിൽ ഇത് കൂടുതൽ ഉയർന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്വർണ വായ്പ വിപണി വേഗത്തിൽ വളരുമ്പോൾ വായ്പദാതാക്കൾ വളർച്ചയും സൂക്ഷ്മതയും തമ്മിൽ സമതുലനം പാലിക്കേണ്ടത് നിർണായകമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.