Sections

'ടുമാറോ മേക്കേഴ്‌സ്' പദ്ധതിയുമായി ഗോദ്‌റെജ് ഫൗണ്ടേഷൻ

Thursday, May 28, 2026
Reported By Admin
Godrej Foundation Launches Tomorrow Makers Platform

കൊച്ചി: സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര ജീവകാരുണ്യ ട്രസ്റ്റായ ഗോദ്റെജ് ഫൗണ്ടേഷൻ 'ടുമാറോ മേക്കേഴ്സ്' എന്ന പേരിൽ ദേശീയ പ്ലാറ്റ്ഫോം ആരംഭിച്ചു. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും ഈ പ്ലാറ്റ്ഫോം വഴി വിവിധ മേഖലകളിലെ പ്രമുഖ സംഘടനകൾ, മെന്റർമാർ, മത്സരങ്ങൾ, അധ്യാപകർ എന്നിവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കും.

എട്ട് പ്രമുഖ പങ്കാളിത്ത സംഘടനകളുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി നാല് പ്രത്യേക മേഖലകളാണ് ഈ പദ്ധതിക്ക് കീഴിൽ ഒരുക്കിയിരിക്കുന്നത്.

10 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ശാസ്ത്ര-ഗണിത അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾക്കായി 'ദക്ഷ്ണ', 'അവന്തി ഫെല്ലോസ്' എന്നീ സംഘടനകൾ വഴി സൗജന്യ കോച്ചിംഗ് നൽകും. ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്കായി 'ജെൻവൈസ്', 'മേക്കർഘട്ട്' എന്നിവയുടെ സഹകരണത്തോടെ റോബോട്ടിക്സ്, കമ്പ്യൂട്ടിംഗ്, ഉന്നത ഗണിതം എന്നിവയിൽ സമ്മർ ക്യാമ്പുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും.

സംഗീതം, നാടകം, എഴുത്ത് എന്നിവയിൽ താൽപര്യമുള്ള കുട്ടികൾക്ക് 'സ്ലാം ഔട്ട് ലൗഡ്' വഴി മികച്ച പരിശീലനവും അവസരങ്ങളും നൽകും. നാടക രംഗത്ത് കരിയർ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് 'ഡ്രാമ സ്കൂൾ മുംബൈ' വഴി പ്രൊഫഷണൽ പരിശീലനം ലഭിക്കും. സായുധ സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് പ്രവേശന പരീക്ഷകൾക്കായി 'ഡെൽറ്റ സ്ക്വാഡ് ഫൗണ്ടേഷൻ', 'യുവതേജസ്' എന്നിവ വഴി പ്രത്യേക പരിശീലനം നൽകും.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യാനുസരണം സ്കോളർഷിപ്പുകളും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. ഓരോ വർഷവും ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരിൽ 80 ശതമാനവും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളായിരിക്കും.

വിദ്യാർത്ഥികൾക്ക് www.tomorrow-makers.in വഴിയോ അല്ലെങ്കിൽ +91 8655979118 എന്ന വാട്സ്ആപ്പ് നമ്പറിൽ 'ഹായ്' എന്ന് അയച്ചോ അപേക്ഷകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.