Sections

അമിതരക്തസ്രാവത്തിൽനിന്ന് യുവതിക്ക് മുക്തി; കിംസ്‌ഹെൽത്തിൽ അത്യാധുനിക ചികിത്സ വിജയകരം

Wednesday, May 27, 2026
Reported By Admin
KIMSHEALTH Treats Adenomyosis with Microwave Ablation

തിരുവനന്തപുരം: 32 വയസ്സുകാരിയായ തിരുവനന്തപുരം സ്വദേശിക്ക് അത്യാധുനിക 'മൈക്രോവേവ് അബ്ലേഷൻ' ചികിത്സയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്‌ഹെൽത്ത്. കഴിഞ്ഞ ഒരു വർഷമായി അമിതമായ ആർത്തവ രക്തസ്രാവവും കഠിനമായ വയറുവേദനയും അനുഭവച്ചിരുന്നതിനെത്തുടർന്നാണ് രോഗി ഗൈനക്കോളജി ഒപിയിൽ എത്തിയത്. 

തുടർന്ന് അൾട്രാസൗണ്ട് സ്‌കാനിംഗിന് വിധേയയാക്കിയപ്പോഴാണ് ഗർഭപാത്രത്തിന്റെ ഭിത്തികൾ കട്ടിയാകുന്ന 'അഡിനോമയോസിസ്' എന്ന രോഗാവസ്ഥ കണ്ടെത്തിയത്. ഇതോടെ കിംസ്‌ഹെൽത്തിലെ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പി. റഫീഖ, കൺസൾട്ടന്റ് ഡോ. സജിത് മോഹൻ ആർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം യുവതിയെ 'മൈക്രോവേവ് അബ്ലേഷൻ' ചികിത്സയ്ക്ക് വിധേയയാക്കാൻ നിർദ്ദേശിക്കുകയായിരുന്നു. 

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് (ഹിസ്റ്റെരെക്ടമി) പകരമായി ചെയ്യാവുന്ന ഏറ്റവും ഫലപ്രദവും ലളിതവുമായ ചികിത്സാരീതിയാണ് 'മൈക്രോവേവ് അബ്ലേഷൻ'. ഗർഭപാത്രവും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയും നിലനിർത്തിക്കൊണ്ടുതന്നെ ഗർഭപാത്രത്തിന്റെ ഭിത്തി കട്ടിയാകുന്നത് കുറയ്ക്കുകയും വേദന പൂർണ്ണമായും മാറ്റുകയും ചെയ്യാൻ ഈ ചികിത്സയിലൂടെ സാധിക്കുമെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. പി. റഫീഖ, ഡോ. സജിത് മോഹൻ ആർ എന്നിവർ പറഞ്ഞു.

ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന ഈ ചികിത്സാരീതിയിൽ യുവതിയുടെ അടിവയറ്റിൽ 5 മില്ലിമീറ്റർ മാത്രം വലിപ്പമുള്ള ചെറിയൊരു ദ്വാരമുണ്ടാക്കി അതിലൂടെ ലാപ്രോസ്‌കോപ്പിക് ക്യാമറ കടത്തിവിട്ട് ഗർഭപാത്രത്തിന്റെ അവസ്ഥ കൃത്യമായി വിലയിരുത്തുകയും, തുടർന്ന് വയറിന്റെ ഇടതുഭാഗത്ത് മറ്റൊരു ചെറിയ ദ്വാരമിട്ട് അതിലൂടെ മൈക്രോവേവ് പ്രോബ് കടത്തിവിടുകയും ചെയ്തു. 40 വാട്ട്‌സ് വീതമുള്ള തെർമൽ എനർജി, രോഗബാധിതമായ 10 കേന്ദ്രങ്ങളിലേക്ക് 25 മുതൽ 60 സെക്കൻഡ് വരെ സമയമെടുത്ത് കടത്തിവിട്ടാണ് ചികിത്സ പൂർത്തിയാക്കിയത്. 

അനസ്‌തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. ദിവ്യ എസ്. എസ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം  ഡോ. രാഖി കൃഷ്ണൻ ആർ എന്നിവർ ചികിത്സയുടെ ഭാഗമായി. വിജയകരമായി ചികിത്സ പൂർത്തിയായതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ രോഗി ആശുപത്രി വിട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.