Sections

ജിസിസി സാധ്യതാ റിപ്പോർട്ട് പുറത്തിറക്കി കേരള ഐടി കേരളത്തെ രാജ്യത്തെ മികച്ച ജിസിസി ഡെസ്റ്റിനേഷൻ ആക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

Wednesday, Jul 22, 2026
Reported By Admin
Kerala Releases GCC Feasibility Report 2026

തിരുവനന്തപുരം: ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളെ (ജിസിസി) ആകർഷിക്കുന്നതിനും ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്തി പ്രധാന ജിസിസി ഹബ്ബായി സംസ്ഥാനത്തെ സ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര ജിസിസി സാധ്യതാ റിപ്പോർട്ട് കേരള ഐടി പുറത്തിറക്കി.

ടെക്നോപാർക്കിൽ നടന്ന കേരള ജിസിസി ഔട്ട്ലുക്ക് 2026 കോൺക്ലേവിലാണ് വ്യവസായ വാണിജ്യ ഐടി എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ജിസിസി സാധ്യതാ റിപ്പോർട്ട് പുറത്തിറക്കിയത്.

കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജിസിസി ഡെസ്റ്റിനേഷൻ ആക്കുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്നും ജിസിസി സാധ്യതാ റിപ്പോർട്ട് അതിലെ സുപ്രധാന ചുവടുവയ്പാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. മികച്ച ഐടി സാക്ഷരതയും പ്രൊഫഷണലുകളുടെ സാന്നിധ്യവും ഇതിന് കേരളത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. റിപ്പോർട്ട് വിശകലനം ചെയ്ത ശേഷം ഈ ദൗത്യം കൈവരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെക്നോപാർക്ക് ഫേസ്-1 ലെ പാർക്ക് സെൻററിൽ നടന്ന ചടങ്ങിൽ വി. മുരളീധരൻ എംഎൽഎ അധ്യക്ഷനായി.

കേരളത്തിൻറെ വളർന്നുവരുന്ന ജിസിസി ആവാസവ്യവസ്ഥയെക്കുറിച്ചും രാജ്യത്തെ പ്രധാന ജിസിസി ഹബ്ബായി സംസ്ഥാനത്തെ അടയാളപ്പെടുത്തുന്ന അവസരങ്ങളെക്കുറിച്ചും 'കേരള ജിസിസി ഔട്ട്ലുക്ക് 2026' പരിപാടി ചർച്ച ചെയ്തു.

ലോകമെമ്പാടും സാങ്കേതിക പരിവർത്തനത്തിനും ഉയർന്ന മൂല്യമുള്ള തൊഴിൽ സൃഷ്ടിക്കുന്നതിനുമുള്ള അടുത്ത പാത ജിസിസികളാണെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. വളർച്ച പ്രാപിച്ച ഐടി ആവാസവ്യവസ്ഥ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ, ലോകോത്തര ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ശക്തമായ അക്കാദമിക് സ്ഥാപനങ്ങൾ, ഉയർന്ന ജീവിത നിലവാരം എന്നിവയാൽ ജിസിസികൾക്ക് താത്പര്യമുള്ള സ്ഥലമായി ഉയർന്നുവരാൻ കേരളത്തിന് സാധ്യതയേറെയാണ്. നിലവിൽ കേരളത്തിൽ 45-ലധികം പ്രവർത്തനക്ഷമമായ ജിസിസികൾ ഉണ്ട്. 2031 ആകുമ്പോഴേക്കും ഇത് 150 ജിസിസികളിലും രണ്ട് ലക്ഷം അനുബന്ധ ജോലികളിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിസിസികൾ സ്ഥാപിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ബെംഗളൂരു ആസ്ഥാനമായ ആഗോള സ്ഥാപനമായ എഎൻഎസ്ആറിൻറെ സിഎഫ്ഒ ശ്രീനിവാസൻ സാർവഭൗമൻ കേരള ഫീസിബിലിറ്റി റിപ്പോർട്ട് 2026 അവതരിപ്പിച്ചു.

ചടങ്ങിൽ ഇൻഫോപാർക്സ് കേരള സിഇഒ സുശാന്ത് കുറുന്തിലും ശ്രീനിവാസൻ സാർവഭൗമനും ജിസിസികൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറി. ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാറും ഐടി സ്ഥാപനമായ കൊളാബെറയുടെ ഡയറക്ടർ രഞ്ജിത്ത് ദോഷിയുമായി മറ്റൊരു ധാരണാപത്രവും കൈമാറി.

കൗൺസിലർ സുനിൽ എസ്.എസ്, ജിടെക് സെക്രട്ടറി റോണി സെബാസ്റ്റ്യൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ നന്ദി പറഞ്ഞു.

ജിസിസി ഹബ്ബ് ആകാനുള്ള കേരളത്തിൻറെ സന്നദ്ധതയുടെ സമഗ്രമായ വിലയിരുത്തലാണ് ഫീസിബിലിറ്റി റിപ്പോർട്ട്. ജിസിസി നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വർധിപ്പിക്കുന്നതിനുമുള്ള മാർഗരേഖ ഇത് മുന്നോട്ടുവയ്ക്കുന്നു.

സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, ജിസിസി എക്സിക്യൂട്ടീവുകൾ, കൺസൾട്ടൻറുകൾ, മേഖലയിലെ പങ്കാളികൾ എന്നിവരെ 'കേരള ജിസിസി ഔട്ട്ലുക്ക് 2026' കോൺക്ലേവ് ഒരുമിച്ച് കൊണ്ടുവന്നു. ജിസിസി മേഖലയിൽ കേരളത്തിൻറെ നേട്ടങ്ങളെയും ഉയർന്നുവരുന്ന അവസരങ്ങളെയും ജിസിസി ലക്ഷ്യസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്തിൻറെ ഇടം ഉറപ്പിക്കുന്നതിനെക്കുറിച്ചും കോൺക്ലേവ് ചർച്ചചെയ്തു.

'കേരള ജിസിസി അവസരം: തന്ത്രപരമായ വിലയിരുത്തലിൽ നിന്ന് വേഗത്തിലുള്ള വളർച്ചയിലേക്ക്' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വിദഗ്ധർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.