- Trending Now:
തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകൾ തിരിച്ചറിയാനും ബിസിനസ് നെറ്റ് വർക്കിംഗിനും സഹകരണത്തിനും അവസരമൊരുക്കുന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ (ജിടിഎം-2026) രണ്ടാം പതിപ്പ് ജൂൺ 3 മുതൽ 5 വരെ തിരുവനന്തപുരത്ത് നടക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിലധികം ടൂർ ഓപ്പറേറർമാർ ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവൽ എക്സ്പോയായ ജിടിഎമ്മിൽ പങ്കെടുക്കും.
ഇന്ത്യയിലെയും വിദേശത്തെയും ട്രാവൽ-ടൂറിസം മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ജിടിഎം എക്സിബിറ്റേഴ്സിനും ബയേഴ്സിനും പുതിയ ബിസിനസ് പങ്കാളിത്തം ഉറപ്പിക്കാൻ അവസരമൊരുക്കുമെന്ന് ടൂറിസം സെക്രട്ടറി ബിജു കെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ അനുകൂലമായ ഈ സാഹചര്യത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ജിടിഎം പോലുള്ള പരിപാടികൾ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോൾഡൻ പാലസ് ഇൻറർനാഷണൽ കൺവെൻഷൻ സെൻററിൽ (അമരവിള-കാരക്കോണം റോഡ്) നടക്കുന്ന പരിപാടി സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തവസ്സ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിൻറെയും ഇന്ത്യ ടൂറിസത്തിൻറെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള വ്യത്യസ്ത ടൂറിസം സർക്യൂട്ടുകൾ ഗ്ലോബൽ ട്രാവൽ മാർക്കറ്റിൽ അവതരിപ്പിക്കുമെന്ന് ബിജു കെ പറഞ്ഞു. ഗ്ലോബൽ ട്രാവൽ മാർക്കറ്റിൻറെ ഭാഗമായി ആയുർവേദ ചികിത്സ ടൂർ ഓപ്പറേറർമാർക്ക് പരിചയപ്പെടുത്താനുള്ള പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1000-ത്തിലധികം വിദേശ-അഭ്യന്തര ബയേഴ്സും 300 ലധികം കോർപ്പറേറ്റ് ബയേഴ്സും 200 ലധികം സ്റ്റാളുകളും ജിടിഎമ്മിൽ ഉണ്ടായിരിക്കും. എക്സിബിഷൻ, ബയേഴ്സ് സെല്ലേഴ്സ് മീറ്റ്, അവാർഡ് വിതരണം, സെമിനാർ എന്നിവ മൂന്ന് ദിവസത്തെ പരിപാടിയിൽ നടക്കും. വിവിധ സെമിനാർ സെഷനുകളിലായി ട്രാവൽ മേഖലയിലെ വിദഗ്ധർ വിഷയങ്ങൾ കൈകാര്യം ചെയ്യും. കോർപറേറ്റ് കമ്പനി പ്രതിനിധികളെ ഉൾപ്പെടുത്തി കോർപ്പറേറ്റ് ബിസിനസ് നെറ്റ്വർക്കിംഗ് സെഷനും നടക്കും. ജൂൺ 4, 5 ദിവസങ്ങളിലാണ് ബി ടു ബി സെഷനുകൾ നടക്കുക.
ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജൻറുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിൽ ഉണ്ടായിരിക്കും.
ദക്ഷിണ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സംഘടിപ്പിക്കുന്നത്. ദക്ഷിണ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ രാജ്യത്തെ പ്രമുഖ ടൂർ ഓപ്പറേറ്റർമാർക്കും വിദേശ ടൂർ ഓപ്പറേറ്റർമാർക്കും പരിചയപ്പെടുത്തുന്നതിലൂടെ വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനാകും.
എക്സിബിറ്റേഴ്സിന് വലിയ അവസരങ്ങളാണ് ജിടിഎം നൽകുന്നത്. ബിസിനസിൽ പുതിയ ഉൾക്കാഴ്ചകൾ ഉണ്ടാക്കുന്നതിനും വിശാലമായ നെറ്റ് വർ ക്കിംഗ് അവസരങ്ങൾ നേടുന്നതിനും വ്യവസായ പ്രമുഖരുമായും കോർപ്പറേറ്റുകളുമായുള്ള സഹകരണത്തിനും വഴിയൊരുക്കും.
ട്രാവൻകൂർ എക്സ്പീരിയൻസ് സോൺ ജിടിഎം-2026 ലെ പ്രധാന ആകർഷണമാണ്. ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ, കാറ്ററിംഗ് വ്യവസായം എന്നിവയ്ക്കായുള്ള ഉൽപ്പന്നങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനായി ജിടിഎമ്മിൽ ഹൊറെക പവലിയൻ ഒരുക്കും. ബിസിനസ് നെറ്റ് വർ ക്കിംഗിനും സോഴ്സിംഗിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായി ഈ പവലിയൻ പ്രവർത്തിക്കും.
ജൂൺ 5 ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gtmt.in, 9995139933, ഇമെയിൽ: info@gtmt.in.
ടൂറിസം ഡയറക്ടർ അഞ്ജന എം., എസ്കെഎച്ച്എഫ് പ്രസിഡൻറ് എം.ആർ നാരായണൻ, എസ്കെഎച്ച്എഫ് വൈസ് പ്രസിഡൻറ് ശിശുപാലൻ സാഗര, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് എസ്.എൻ രഘുചന്ദ്രൻ നായർ, എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി, ജിടിഎം സിഇഒ സിജി നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.