Sections

ട്വിറ്ററിനു പിന്നാലെ ഫെയ്‌സ്ബുക്കും പിരിച്ചുവിടലിന്റെ പാതയില്‍; ക്ഷമാപണം നടത്തി സക്കര്‍ബര്‍ഗ്‌

Wednesday, Nov 09, 2022
Reported By admin
facebook

കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിരുന്നു

 

ട്വിറ്ററിനു പിന്നാലെ ഫെയ്‌സ്ബുക്കിന്റെ പാരന്റിംഗ് കമ്പനിയായ മെറ്റയും കൂട്ടപ്പിരിച്ചുവിടലിന്റെ വക്കില്‍. പതിനൊന്നായിരത്തിലധികം പേരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടു. 13 ശതമാനം തസ്തികകള്‍ വെട്ടിക്കുറച്ചതായാണ് മെറ്റ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില നടപടികളിലേക്കു നീങ്ങുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം അറിയിച്ചത്.വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതോടെ ചെലവു ചുരുക്കലിന്റെ ഭാഗമാണ് അപ്രതീക്ഷിത പിരിച്ചുവിടലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പിരിച്ചുവിട്ട തൊഴിലാളികളോടുള്ള ക്ഷമാപണത്തോടെയാണ് സക്കര്‍ബര്‍ഗ് പ്രസ്താവന പുറത്തുവിട്ടത്.പുതിയ നിയമനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തി വെയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനം ചെയ്ത ഓരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കുമെന്നും പ്രസ്താവനയില്‍ സക്കര്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം സ്‌റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ 71 ശതമാനം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ക് ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റയ്ക്ക് തിരിച്ചടിയായത്. 

കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്ന് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിരുന്നു.ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് മെറ്റയില്‍ നിന്ന് രാജിവെച്ചതും കമ്പനിയെ പിന്നോട്ട് അടിച്ചിരുന്നു.കമ്പനി നേതൃത്വത്തെ കുറിച്ച് നിക്ഷേപകര്‍ സംശയാലുക്കളായത് ഓഹരി വിപണിയില്‍ വലിയ പ്രതിഫലനമുണ്ടാക്കി. 2004ല്‍ ഫെയ്‌സ്ബുക്ക് തുടങ്ങിയതിനു ശേഷം വരുന്ന ഏറ്റവും വലിയ ചെലവു ചുരുക്കല്‍ നടപടിയാണ് ഇത്,
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.