Sections

'എന്റെ തൊഴിൽ എന്റെ അഭിമാനം 2.0' ലോഗോ പ്രകാശനം ചെയ്തു

Tuesday, Jan 09, 2024
Reported By Admin
Logo Release

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ രംഗത്ത് അവസരമുറപ്പിക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം 2.0' പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ് നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകലക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.

മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ നോളെജ് മിഷൻ ഡി ഐ മാനേജർ പ്രിജിത്ത് പി കെ, പ്രോഗ്രാം മാനേജർ അന്ന മിനി എന്നിവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെയാണ് എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 398 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ DWMS ൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് നോളെജ് ഇക്കോണമി മിഷന്റെ തൊഴിൽ നൈപുണി പരിശീലനം, ജോബ് ഓറിയന്റേഷൻ, റോബോട്ടിക്ക് ഇന്റർവ്യൂ, ഇംഗ്ലീസ് സ്കോർ ടെസ്റ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകിക്കൊണ്ട് വൈജ്ഞാനികതൊഴിലിലേക്കെത്തിക്കും. പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

റിമോർട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ നവലോക തൊഴിലുകൾ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങൾ തൊഴിലന്വേഷകർക്ക് നൽകുകയും തൊഴിൽസജ്ജരായ ഉദ്യോഗാർഥികളെ പ്രത്യേക തൊഴിൽ മേളകളിലൂടെ തൊഴിലിലേക്കെത്തിക്കുകയും ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.