Sections

ടാറ്റയുടെ 85-ാം പിറന്നാൾ ആഘോഷമാക്കി ജീവനക്കാർ; യുവ ജനതയ്ക്ക് നൽകുന്ന പിന്തുണ പ്രശംസനീയം

Thursday, Dec 29, 2022
Reported By admin
tata

മികച്ച ആശയങ്ങളുള്ള യുവാക്കളുടെ സ്റ്റാർട്ടപ്പുകൾക്ക് അദ്ദേഹം നിരവധി സഹായം നൽകിയിട്ടുണ്ട്


ഇന്ത്യൻ കോർപ്പറേറ്റ് ലോകത്ത് സ്വർണ ഹൃദയമുള്ള മനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് രത്തൻടാറ്റ. ബിസിനസ് ലോകത്തെ മനുഷ്യത്വത്തിന്റെ മുഖം. ടാറ്റ ഗ്രൂപ്പ് സ്ഥാപിച്ച ജംഷെഡ്ജി ടാറ്റയുടെ ചെറുമകൻ ഇന്ത്യൻ വ്യവസായ രംഗത്തിന് മാത്രമല്ല ലോകത്തിനും മുതൽക്കൂട്ടാണ്. ആർക്കിടെക്ചർ ഇഷ്ടപ്പെട്ട ടാറ്റ യുഎസിലെ കോണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചർ, സ്ട്രക്ചറൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കി. എന്നാൽ പിന്നീട് ബിസിനസ് പഠനത്തിലേക്ക് തിരിഞ്ഞു. ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കുകയും ബിസിനസിലേക്ക് എത്തുകയുമായിരുന്നു.

1962-ൽ ടാറ്റ ഗ്രൂപ്പിൽ അസിസ്റ്റന്റായി യാത്ര ആരംഭിച്ച അദ്ദേഹം 1991-ൽ ജെ.ആർ.ഡി. ടാറ്റ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനമൊഴിഞ്ഞതോടെ ഗ്രൂപ്പിന്റെ അടുത്ത പിൻഗാമിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പ് ഒട്ടേറെ നാഴികക്കല്ലുകൾ താണ്ടി. ശ്രദ്ധേയമായ നിരവധി ഏറ്റെടുക്കലുകളും ബിസിനസ് വളർച്ചയും. ടാറ്റ സൺസ് ചെയർമാൻ എമിററ്റ്സിന്റെ 85-ാം പിറന്നാൽ ഭാരത് രത്ന 2 എന്ന മ്യൂസിക് ആൽബം തന്നെ പുറത്തിറക്കി ജീവനക്കാർ ആഘോഷമാക്കി.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉദാരവൽക്കരണം നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ബിസിനസ് പുനക്രമീകരിക്കുന്നത്. ടാറ്റ നാനോയും ടാറ്റ ഇൻഡിക്കയും ഉൾപ്പെടെയുള്ള ജനപ്രിയ കാറുകളുടെ നിർമാണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സാധാരണക്കാരന്റെ കാർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായാണ് നാനോ എന്ന ആശയം കൊണ്ടുവന്നത് തന്നെ. ടെറ്റ്ലിയെ ഏറ്റെടുക്കാൻ ടാറ്റ ടീയും ജാഗ്വാർ ലാൻഡ് റോവർ ഏറ്റെടുക്കാൻ ടാറ്റ മോട്ടോഴ്സും മുന്നോട്ട് വന്നു.

ജീവിതത്തിലെ ഏകാന്തതയെക്കുറിച്ച് രത്തൻ ടാറ്റ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതുവരെ ഏകാന്തത എന്താണെന്ന് നിങ്ങൾക്കറിയില്ല. പ്രായമാകുന്നത് വരെ പ്രായമാകുന്നവരുടെ പ്രശ്നങ്ങളും മനസിലാകില്ല. ഈ വർഷമാദ്യം, മുതിർന്ന പൗരന്മാർക്ക് സൗഹൃദം വാഗ്ദാനം ചെയ്യുന്ന സ്റ്റാർട്ട്-അപ്പ് ഗുഡ്ഫെലോസിന് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഈ വേളയിലാണ് തന്റെ ഏകാന്തതയെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്.

മികച്ച ആശയങ്ങളുള്ള യുവാക്കളുടെ സ്റ്റാർട്ടപ്പുകൾക്ക് അദ്ദേഹം നിരവധി സഹായം നൽകിയിട്ടുണ്ട്. ഒരു പ്രതീക്ഷയുമില്ലാതെ സാക്ഷാൽ ടാറ്റക്ക് കത്തെഴുതിയവരെ പോലും വിസ്മയിപ്പിച്ച് അദ്ദേഹം തിരിച്ചു വിളിച്ചിട്ടുണ്ട്. കൂടിക്കാഴ്ചക്ക് അവസരം നൽകുകയും ചെയ്തു. ടാറ്റക്ക് കത്തെഴുതി ടാറ്റ തന്നെ തിരികെ വിളിച്ച് ഫണ്ടിങ് ലഭിച്ച ഒരു അനുഭവം പങ്കുവെച്ചത് റീപോസ് എനർജി കമ്പനിയുടെ സ്ഥാപകരാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.