ബാല്യം, കൗമാരം, യൗവനം എന്നീ പ്രധാന മൂന്ന് ഘട്ടങ്ങൾക്ക് ശേഷമുള്ള ജീവിതത്തിന്റെ സായന്തനമാണ് വാർധക്യകാലം. കർമ്മനിരതമായ മനസ്സും ശക്തി തുടിക്കുന്ന ശരീരവുമായി ഊർജസ്വലരായ എത്രയോ വയോജനങ്ങളെ ആധുനിക ലോകത്ത് നമുക്ക് കാണാൻ കഴിയും. പക്ഷേ ജീവിത സായാഹ്നത്തിൽ തങ്ങളുടെ സുഖദു:ഖങ്ങൾ പങ്കുവയ്ക്കാനാകാതെ ഏകാന്തവാസം അനുഭവിക്കുന്ന ധാരാളം പേരുമുണ്ട്.ഇപ്പോൾ ലോക ജനസംഖ്യയിൽ ഏകദേശം ഒമ്പത് ശതമാനത്തോളം 65 വയസ്സ് കഴിഞ്ഞ വയോജനങ്ങളത്രെ! 2050 ആകുമ്പോളേക്കും ഇവരുടെ സംഖ്യ 17% മായി വർദ്ധിക്കുമെന്നാണ് പറയുന്നത്. ഇന്ത്യയിൽ ഏകദേശം 138 ദശലക്ഷത്തോളം വയോജനങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് കേരളത്തിലാണ് മനുഷ്യന്റെ കൂടിയ ശരാശരി ആയുർദൈർഘ്യമുള്ളത് എന്നത് അഭിമാനകരമാണ്. തന്റെ യൗവനം മുഴുവനും കുടുംബത്തിനും സമൂഹത്തിനും ബലിയർപ്പിച്ച വയോജനങ്ങൾക്ക് വാർധക്യ ഘട്ടത്തിലെ ങ്കിലും തനിക്ക് വേണ്ടി ജീവിക്കാൻ സൗകര്യമൊരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. മൂല്യബോധമുള്ള ജനതയെ വാർത്തെടുക്കേണ്ടതിലേക്കാണ് ഇവയൊക്കെ വിരൽ ചൂണ്ടുന്നത്. മുതിർന്നവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സംസ്കാരം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.
	- വയോജനങ്ങൾ അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾ നിരവധിയാണ്. നേരത്തെ കൂട്ടു കുടുംബത്തിൽ വൈകാരിക പിന്തുണ അംഗങ്ങൾക്ക് വേണ്ടുവോളമുണ്ടായിരുന്നു. പക്ഷേ ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിൽ സ്ഥിതി വ്യത്യസ്തമാണ്. മക്കൾക്ക് മനസ്സുണ്ടെങ്കിലും അവരുടെ ജോലിയും വീട്ടിലെ സാഹചര്യവും മൂലം വീട്ടിൽ വൃദ്ധർ തനിച്ചാവുകയാണ്. വാർധക്യംം നേരിടുന്ന പ്രധാന പ്രശ്നം ഏകാന്തതയാണ്.
- ഒറ്റപ്പെടൽ പലപ്പോഴും വിഷാദ രോഗത്തിലേക്ക് എത്താറുണ്ട്. വയോധികരെ ബാധിക്കുന്ന വിഷാദം തികച്ചും വ്യത്യസ്തമാണ്. ക്ഷീണം, വിശപ്പില്ലായ്മ, മറ്റ് ശാരീരിക രോഗ ലക്ഷണങ്ങൾ, ഉറക്കക്കുറവ്, ഓർമക്കുറവ്, ദേഷ്യം, സങ്കടം, ഭാരക്കുറവ്, മലബന്ധം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.അശുഭ ചിന്തകൾ കൂടി വരാറുമുണ്ട്. ഇവ യഥാസമയം കൗൺസലിങ് സൈക്കോളജിസ്റ്റിനെ കണ്ട് ചികിത്സ തേടിയാൽ ഗുരുതരാവസ്ഥയിലെത്താതെ പരിഹരിക്കാം.
- ഉത്കണ്ഠകൾ ഏറിവരുന്ന കാലമത്രേ വാർധക്യംം. ശാരീരിക അവശതകൾ മൂലം തന്നെക്കൊണ്ടൊന്നുമാവില്ല എന്ന ചിന്ത ഇവരെ അസ്വസ്ഥരാക്കുന്നു. തനിക്കെന്തോ മാറാരോഗം വരുന്നെന്ന ചിന്ത ചിലരിൽ വളരെ പ്രയാസമുണ്ടാ ക്കുന്നു. തന്മൂലം മരണഭയം ഏറി വരുന്നു. തന്റെ മരണം എപ്പോഴാണെന്ന് നിശ്ചയമില്ലാത്തതിനാലാണ് മനുഷ്യർ അവസാനം വരെ സന്തോഷത്തോടെ ജീവിക്കുന്നത്. ഉത്കണ്ഠ മൂലമുള്ളവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി കരുതലും ആത്മവിശ്വാസവും നൽകേണ്ടതാണ്.
- ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രോഗമാണ് അൽഹൈമേഴ്സ് അഥവാ സ്മൃതി നാശം. നമ്മുടെ സംസ്ഥാനത്ത് ഏകദേശം മൂന്ന് ശതമാനത്തോളം വയോധികർ ഈ അസുഖം മൂലം കഷ്ടപ്പെടുന്നുണ്ടത്രെ! തലച്ചോറിലെ ന്യൂറോണുകൾ ക്ഷയിക്കുമ്പോൾ അത് ഓർമ്മശക്തിയേയും ബുദ്ധിശക്തിയേയും ബാധിക്കുന്നു. തുടക്കത്തിൽ ഓർമ്മക്കുറവാണ് കണ്ടു വരുന്നത്. ദൈനംദിന കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാറുണ്ട്. ഭക്ഷണം കഴിച്ചതു പോലും മറന്നു പോകുന്നു. സ്ഥലകാലബോധമില്ലാതെ വരിക, അകാരണഭയം, സംശയം, കൂടെയുള്ളവരുടെ പേരുകൾ മറന്നു പോകുക,വാക്കുകൾ കിട്ടാതെ വരിക തുടങ്ങിയ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മറവിരോഗം ആരംഭത്തിലെ തിരിച്ചറിയാതെ പോകരുത്. ഡോക്ടറെ കണ്ട് സ്മൃതിനാശമെന്ന രോഗമാണോ എന്ന് ഉറപ്പു വരുത്തി രോഗം മൂർഛിക്കാതിരിക്കാൻ ശരിയായ ചികിത്സ നടത്തേണ്ടതാണ്. അസുഖം മാറ്റാനുള്ള മരുന്നുകൾ കണ്ടു പിടിച്ചിട്ടില്ല. ഗവേഷണങ്ങൾ നടന്നുവരുന്നു. രോഗീപരിചരണമാണ് മുഖ്യ ചികിത്സ.
- നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ് പാർക്കിൻസൺസ് രോഗം. ഡോപമീൻ എന്ന ഹോർമോൺ കുറവ് വരുന്നതാണ് ഈ രോഗത്തിലേക്ക് നയിക്കുന്നത്. ഡോപ്പമീനെ പൂർവസ്ഥിതിയിലെത്തിക്കാനുള്ള മരുന്നുകളാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. തലച്ചോറിലെ ഡോപ്പമീൻ അളവ് ത്വരിതപ്പെടുത്താൻ നേരിട്ട് തലച്ചോറിന്റെ ഭാഗങ്ങളെ ചെറു വൈദ്യുത തരംഗങ്ങളിലൂടെ ഉത്തേജിപ്പിക്കുന്ന ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ (deep brain stimulation) എന്ന ചികിത്സാരീതിയും നൽകി വരുന്നു. വിത്തുകോശ(stem cells ) ചികിത്സ മൂലം ഡോപ്പമീൻ ഉൽപാദിപ്പിക്കുന്ന നാഡീ കോശങ്ങളെ പുനർ സൃഷ്ടിക്കുന്ന ഗവേഷണങ്ങളും പുരോഗമിക്കുന്നുവെന്നത് ആശാവഹമാണ്. എന്തായാലും മരുന്ന് കഴിച്ച് നിയന്ത്രിക്കാവുന്ന രോഗമാണ് പാർക്കിൻസൺസ്.
- ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, സന്ധിവേദന, മൂത്രാശയ രോഗങ്ങൾ, ചർമ്മ രോഗങ്ങൾ തുടങ്ങിയവ ഇതിൽ പ്രധാനമാണ് .കാഴ്ച, കേൾവി പ്രശ്നങ്ങളും സ്വാഭാവികമായും അലട്ടുന്നു .ഇവയൊക്കെ യഥാസമയത്ത് തന്നെ ചികിത്സിക്കേണ്ടത് സുഖകരമായ ജീവിതത്തിന് അത്യാവശ്യമാണ്.
- വളരെയധികം പരിചരണം ആവശ്യമുള്ള ജീവിത കാലഘട്ടമാണ് വാർധക്യംം. പല രോഗങ്ങൾ കടന്നു വരുന്ന ഘട്ടമാണ്. ആരോഗ്യകരമായ വാർധക്യം ഉറപ്പുവരുത്താൻ മധ്യവയസ്സു മുതൽ ശ്രദ്ധിക്കേണ്ടതാണ്. വയസ്സു കാലത്ത് തന്റെ സമ്പാദ്യമെല്ലാം കളഞ്ഞു കുളിക്കാതിരിക്കണം. അത്യാവശ്യമനുസരിച്ച് മാത്രം ചിലവാക്കാൻ ശ്രദ്ധിക്കണം.സാമ്പത്തിക സാശ്രയത്വം അനിവാര്യമാണെന്ന് ഓർക്കുക.
അവരവരുടെ കർമ്മമേഖലയിൽ നിന്ന് പ്രായമായതുകൊണ്ട് മാത്രം പിന്മാറണമെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. ചെറുപ്പക്കാരേക്കാൾ ചുറുചുറുക്കോടെ കർമ്മനിരതരാവുന്ന വയോജനങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ഇതിനുദാഹരണങ്ങളാണ്. കൂടാതെ പോരാട്ട വീര്യം കൈവിടാതെ 72-ാ മത്തെ വയസ്സിൽ ജയിൽ മോചിതനായി ദീർഘകാലം സൗത്ത് ആഫ്രിക്കൻ പ്രസിഡന്റായ നെൽസൺ മണ്ടേല, 65 വയസ്സിൽ റിട്ടയർ ചെയ്തതിനു ശേഷം കെ.എഫ്.സി. ചിക്കൻ സ്ഥാപിച്ച് ലോകമെങ്ങും പന്തലിച്ചു പടർന്ന സ്ഥാപനമാക്കി ഉയർത്തി 88 വയസ്സിൽ ലോകത്തിലെ ഏറ്റവും ധനികരിലൊരാളായി മാറിയ കേണൽ ഹർലാന്റ് ഡേവിഡ് സാൻണ്ടേർസ് എന്നിങ്ങനെ നിരവധി വിജയകഥകൾ പറയാനുണ്ട്. ഒരിക്കലും കീഴടങ്ങാത്ത മനസ്സുണ്ടെങ്കിൽ ഏത് പ്രായത്തിലും ഉയരങ്ങൾ കീഴടക്കാം.

സാമൂഹികമായ ഒറ്റപ്പെടലിനെ മറികടക്കാനും ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്താനുമുള്ള മാർഗങ്ങൾ... Read More
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
                 
                                
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.