Sections

ഡിപി വേൾഡ് ഇൻറർനാഷണൽ ലീഗ് ടി20 സീ ടിവി ചാനലുകളിലും സീ5ലും സംപ്രേക്ഷണം ചെയ്യും

Wednesday, Nov 08, 2023
Reported By Admin
ZEE 5

കൊച്ചി: ലോകമെമ്പാടും ഏറ്റവുമധികം ആളുകൾ വീക്ഷിക്കുന്ന രണ്ടാമത്തെ ടി20 ക്രിക്കറ്റ് ലീഗായ ഡിപി വേൾഡ് ഇൻറർനാഷണൽ ലീഗ് ടി20യുടെ (ഐഎൽടി20) രണ്ടാം സീസൺ 2024 ജനുവരി 19ന് ആരംഭിക്കും. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് സീ എൻറർടൈൻമെൻറിൻറെ 10 ലീനിയർ ടിവി ചാനലുകളിലും ഒടിടി പ്ലാറ്റ്ഫോമായ സീ5-ലും ലോകമെമ്പാടുമുള്ള പാർട്ണർ ഡിജിറ്റൽ നെറ്റ് വർക്കുകളിലും തത്സമയം മത്സരങ്ങൾ കാണാം. ഐഎൽടി20 ആദ്യ സീസൺ മത്സരങ്ങൾ ലോകമെമ്പാടുമുള്ള 367 ദശലക്ഷം പേരാണ് കണ്ടത്. ഐപിഎൽ കഴിഞ്ഞാൽ റെക്കോർഡാണിത്.

2024 ജനുവരി 19 മുതൽ ഫെബ്രുവരി 17 വരെ അബുദാബി, ദുബായ്, ഷാർജ എന്നീ മൂന്ന് വേദികളിലായാണ് 34 മത്സരങ്ങളുള്ള ലീഗ് നടക്കുന്നത്. അബുദാബി നൈറ്റ് റൈഡേഴ്സ് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഡെസേർട്ട് വൈപ്പേഴ്സ് (ലാൻസർ ക്യാപിറ്റൽ), ദുബായ് ക്യാപിറ്റൽസ് (ജിഎംആർ), ഗൾഫ് ജയൻറ്സ് (അദാനി സ്പോർട്സ്ലൈൻ), എംഐ എമിറേറ്റ്സ് (റിലയൻസ് ഇൻഡസ്ട്രീസ്), ഷാർജ വാരിയേഴ്സ് (കാപ്രി വാരിയേഴ്സ്) എന്നിവയാണ് ലീഗിലെ ആറ് ഫ്രാഞ്ചൈസി ടീമുകൾ. ഡേവിഡ് വാർണർ, ദസുൻ ഷനക, റഹ്മാനുള്ള ഗുർബാസ്, സാം ബില്ലിംഗ്സ്, ഡേവിഡ് വില്ലി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, അലക്സ് ഹെയ്ൽസ്, ടോം കറൻ, റോവ്മാൻ പവൽ, ഷിമ്രോൺ ഹെറ്റ്മെയർ, ജെയിംസ് വിൻസ്, അമ്പാട്ടി റായിഡു, കോറി ആൻഡേഴ്സൺ, ഡ്വെയ്ൻ ബ്രാവോ, കീറോൺ പൊള്ളാർഡ്, ട്രെൻറ് ബോൾട്ട്, ക്രിസ് വോക്സ്, മാർട്ടിൻ ഗുപ്റ്റിൽ എന്നിവരുൾപ്പെടെ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ സീസൺ 2-ൽ കളിക്കുന്നുണ്ട്.

ഒരു മത്സരം മാത്രമുള്ള ദിവസങ്ങളിൽ ഇന്ത്യൻ സമയം രാത്രി എട്ടുമണിക്ക് തൽസമയ സംപ്രേഷണം ആരംഭിക്കും. ഡബിൾ ഹെഡ്ഡർ ദിനത്തിലെ ഉച്ചകഴിഞ്ഞുള്ള മത്സരം വൈകിട്ട് 4 മണിക്ക് ആരംഭിക്കും. 15 മത്സരങ്ങൾ ദുബായിലും 11 മത്സരങ്ങൾ അബുദാബിയിലും നടക്കും. എട്ട് മത്സരങ്ങൾക്കാണ് ഷാർജ വേദിയാവുക. ഓരോ ടീമിനും അഞ്ച് ഹോം, എവേ മത്സരങ്ങൾ വീതം ഉണ്ടാവും. ടിക്കറ്റ് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

ഡിപി വേൾഡ് ഐഎൽടി20 രണ്ടാം സീസൺ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് സീ എൻറർടൈൻമെൻറ് എൻഫർപ്രൈസസ് ലിമിറ്റഡ് പ്രസിഡൻറ് രാഹുൽ ജോഹ്രി പറഞ്ഞു. ലീഗിലൂടെ ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് രോമാഞ്ചം സൃഷ്ടിക്കുന്ന അനുഭവം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിപി വേൾഡ് ഐഎൽടി20 സീസൺ 2 ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഡിപി വേൾഡ് ഐഎൽടി20 സിഇഒ ഡേവിഡ് വൈറ്റ് പറഞ്ഞു. ആദ്യ സീസൺ പോലെ തന്നെ, മൂന്ന് മികച്ച ക്രിക്കറ്റ് വേദികളിലായി ആവേശമുണർത്തുന്ന 34 മത്സരങ്ങൾ നൽകാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.