Sections

റസ്റ്റോറന്റിലും, ബാറിലും സർവ്വീസ് ചാർജ്ജ് നൽകേണ്ടതുണ്ടോ? കേന്ദ്ര മന്ത്രാലയം പറയുന്നത് ഇങ്ങനെ

Saturday, Jun 24, 2023
Reported By admin
finance

സേവന നിരക്കുകൾ ബില്ലിൽ ചേർക്കുന്നുവെങ്കിൽ അക്കാര്യം ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ട്


ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് പലതവണ ചർച്ചയായിട്ടുണ്ട്. അടുത്തിടെ  നോയിഡയിലെ  ഒരു റെസ്റ്റോറന്റിൽ സർവ്വീസ് ചാർജ് സംബന്ധിച്ച്   ഉപഭോക്താവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബില്ലിനൊപ്പം സർവ്വീസ് ചാർജ് നൽകാൻ കുടുംബം വിസമ്മതിച്ചതോടെ റെസ്റ്റോറന്റ് ജീവനക്കാർ ഉപഭോക്താക്കളോട് മോശമായി പെരുമാറുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് ഇന്ത്യയിലെ  സർവീസ് ചാർജ് നിയമങ്ങളെക്കുറിച്ചും
 രാജ്യത്തുടനീളമുള്ള  ഭക്ഷണശാലകളിലും, ബാറുകളിലും  സേവന നിരക്കുകൾ നൽകേണ്ടത് നിർബന്ധമാണോ എന്നതും വീണ്ടും ചർച്ചചെയ്യപ്പെട്ടു.മാത്രമല്ല അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  സേവന ചാർജുകൾ അടയ്ക്കുന്നത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ്  വിജ്ഞാപനവും പുറപ്പെടുവിച്ചു.

റെസ്റ്റോറന്റുകളിൽ സർവീസ് ചാർജ് നിർബന്ധമാണോ?

ഉപഭോക്തൃ കാര്യ വകുപ്പ് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, സേവന ചാർജ്ജ് നൽകാൻ റെസ്റ്റോറന്റുകൾക്ക് ഉപഭോക്താവിനെ നിർബന്ധിക്കാനാവില്ല, കൂടാതെ ഉപഭോക്താവ് സേവനത്തിൽ സംതൃപ്തനല്ലെങ്കിൽ നിർബന്ധിതമായി സേവനനിരക്ക്  വാങ്ങിയെടുക്കുകയും ചെയ്യരുത്. സർവീസ് ചാർജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടൽ, റെസ്റ്റോറന്റ് ഉടമകൾ വ്യക്തമാക്കണം.

ഉപഭോക്താവിനോട് സർവീസ് ചാർജ് ആവശ്യപ്പെടാനോ, ഭക്ഷണശാലകൾ സ്വമേധയ ചാർജ് വർധിപ്പിക്കാനൊ പാടില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുമുണ്ട്. മാത്രമല്ല ഹോട്ടൽ, റെസ്റ്റോറന്റ്, ബാർ ബില്ലുകളിൽ സേവന നിരക്ക് നിർബന്ധമല്ല.  സേവന നിരക്കുകൾ ബില്ലിൽ ചേർക്കുന്നുവെങ്കിൽ അക്കാര്യം ഉപഭോക്താവിനെ അറിയിക്കേണ്ടതുണ്ട്. ഈ സേവനനിരക്ക് അടയ്ക്കാൻ ഉപഭോക്താവിന് താൽപ്പര്യമില്ലെങ്കിൽ, അവ ഒഴിവാക്കി പുതിയ ബില്ല് നൽകുകയും വേണം

സർവീസ് ചാർജ് നൽകിയില്ലങ്കിൽ എന്ത് സംഭവിക്കും?

വ്യക്തിപരമായ തീരുമാനപ്രകാരം,  റെസ്റ്റോറന്റിന്റെ സർവീസ് ചാർജ് നൽകേണ്ടതില്ലെന്ന് ഉപഭോക്താവ് തീരുമാനിച്ചാൽ അവർക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല.   ഈ സേവനനിരക്ക് ബില്ലിൽ ചേർത്താലും റസ്റ്റോറന്റ് ജീവനക്കാരോട് ചാർജുകൾ കുറയ്ക്കാനും പുതിയ ബിൽ നൽകാനും ആവശ്യപ്പെടാം.

റെസ്റ്റോറന്റുകളിലും ബാറുകളിലും സർവീസ് ചാർജുകൾ അടയ്ക്കാത്തതിന് പിഴ ഈടാക്കില്ലെന്നും, ഉപഭോക്താക്കൾക്ക് സ്വന്തം ഇഷ്ടപ്രകാരം  താൽപര്യമുണ്ടെങ്കിൽ  സർവീസ് ചാർജ് നൽകാമെന്നും ഉപഭോക്തൃകാര്യ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകൾ സർവീസ് ചാർജ് എന്ന പേരിൽ പണം ഈടാക്കുന്നതിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.