Sections

മുകേഷ് അംബാനിയെ പിന്തള്ളി ക്രിപ്റ്റോകറന്‍സി കമ്പനി സിഇഒ

Friday, Jan 14, 2022
Reported By Admin
ceo

എത്ര പേരെ നിങ്ങള്‍ക്ക് സഹായിക്കാനാകുമെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിയോ  ട്വിറ്ററില്‍ കുറിച്ചത്

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ബിനാന്‍സ് സിഇഒ ചാങ്‌പെങ് സിയോ. ഏഷ്യയിലെ ഏറ്റവും ധനികനായി മാറിയിരിക്കുകയാണ് ഇദ്ദേഹം. ബ്ലൂംബര്‍ഗ് മില്ല്യനയര്‍ കണക്കുകള്‍ പ്രകാരം, ക്രിപ്റ്റോ എക്സ്ചേഞ്ച് ബിനാന്‍സ് സിഇഒ ചാങ്‌പെങ് സിയോ 96 ബില്ല്യണ്‍ ഡോളര്‍ (ഏകദേശം 7,10,755 കോടി രൂപ) ആസ്തിയുമായി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം പിടിച്ചെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അംബാനിയുടെ ആസ്തി ഏകദേശം 92.6 ബില്യണ്‍ ഡോളറാണ് (ഏകദേശം 6,85,418 കോടി രൂപ). ബ്ലൂംബെര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം, സിയോ  ഇപ്പോള്‍ ഔദ്യോഗികമായി ലോകത്തിലെ 11-ാമത്തെ ധനികനാണ്.

ക്രിപ്റ്റോ ലോകത്ത് നിന്ന് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പ്രവേശിക്കുന്ന ആദ്യ വ്യക്തിയും ചാങ്‌പെങ് സിയോ ആണ്. സ്വകാര്യ ക്രിപ്റ്റോ ആസ്തികള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യനിര്‍ണ്ണയം കൂടാതെ തന്നെ 11-ാം സ്ഥാനം നേടിയിരിക്കുന്നതിനാല്‍ ആ മൂല്യം കൂടി ചേരുമ്പോള്‍ സിയോ യുടെ ആസ്തി വളരെ വലുതായിരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബ്ലൂംബര്‍ഗിന്റെ കണക്കനുസരിച്ച്, ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാറി എല്ലിസണിന്റെ തൊട്ടുപിന്നിലാണ് ഷാവോയുടെ സ്ഥാനം. എല്ലിസണിന്റെ ആസ്തി ഏകദേശം 107 ബില്യണ്‍ ഡോളര്‍ (ഏകദേശം 7,90,623 കോടി രൂപ) ആണ്.

ആരാണ് ചാങ്‌പെങ് സിയോ 

ചൈനയില്‍ അധ്യാപപക ദമ്പതികളുടെ മകനായി 1977ല്‍ ജനിച്ച ചാങ്‌പെങ് സിയോ, 1980കളില്‍ കുടുംബത്തോടൊപ്പം കാനഡയിലേക്ക് കുടിയേറി. മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച ശേഷം ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ജോലി ചെയ്ത സിയോ ബ്ലൂംബര്‍ഗ് ട്രേഡിംഗ് സോഫ്റ്റ്വെയറിലും ജീവനക്കാരനായിരുന്നു. കമ്പനി ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, തന്റെ കുടുംബത്തെ സഹായിക്കാന്‍ ആദ്യകാലങ്ങളില്‍ മക്‌ഡൊണാള്‍ഡ്‌സിലും സിയോ  ജോലി ചെയ്തിരുന്നു. 2017-ലാണ് സിയോ ബിനാന്‍സ് ആരംഭിച്ചത്. ക്രമേണ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലൊന്നായി അതിനെ വളര്‍ത്തിയെടുക്കാനായി. ബിനാന്‍സ്, സമീപ വര്‍ഷങ്ങളില്‍, ട്രേഡിംഗ് വോളിയത്തിന്റെ കാര്യത്തില്‍ ഈ മേഖലയിലെ ഏറ്റവും വലിയ സ്ഥാനം നേടിയിരുന്നു.

സംരംഭത്തിലൂടെ സാമൂഹിക സേവനവും

മറ്റ് സുപ്രധാന സംരംഭകരെ പോലെ സിയോ  തന്റെ സമ്പത്തിന്റെ 99% പോലും ദാനം നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്ന് ഒരു ബിനാന്‍സ് വക്താവ് സിഎന്‍എന്‍ ബിസിനസ്സിനോട് പറഞ്ഞു. എത്ര പേരെ നിങ്ങള്‍ക്ക് സഹായിക്കാനാകുമെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സിയോ  ട്വിറ്ററില്‍ കുറിച്ചത്. ബിറ്റ്‌കോയിന്‍ വാങ്ങാന്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റ് പോലും വിറ്റുവെന്ന രസകരമായ വസ്തുതയും സിയോയെക്കുറിച്ചുളള റിപ്പോര്‍ട്ടുകളിലുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.