Sections

കൺവീനിയൻസ് ഫീസ്; ഐആർസിടിസിയുടെ വരുമാനം ഉയർന്നു

Thursday, Feb 09, 2023
Reported By admin
railway

ഓൺലൈനായി ബുക്ക് ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് കൺവീനിയൻസ് ഫീസ് ഈടാക്കുന്നത്


ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിന് ഈടാക്കുന്ന കൺവീനിയൻസ് ഫീസ് കാരണം ഐആർസിടിസിയുടെ വരുമാനം ഉയർന്നു. വെറും മൂന്ന് വർഷത്തിനുള്ളിൽ ഐആർസിടിസിയുടെ വരുമാനം ഇരട്ടിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2019-20 സാമ്പത്തിക വർഷത്തിൽ, കൺവീനിയൻസ് ഫീസിൽ നിന്ന് 352.33 കോടി രൂപയാണ് റെയിൽവേ നേടിയത്. 2021-22 ൽ ഇത് 694 കോടിയായി ഉയർന്നു.

ലോക്സഭയിൽ രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായാണ് റെയിൽവേ മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്. 2019-20ൽ ഫെസിലിറ്റി ഫീസിൽ നിന്ന് ഐആർസിടിസിയുടെ വരുമാനം 352.33 കോടിയായിരുന്നു, എന്നാൽ ലോക്ക്ഡൗണും റെയിൽ സർവീസ് താൽക്കാലികമായി നിർത്തിവച്ചതും കാരണം 2020-21 ൽ 299.17 കോടിയായി കുറഞ്ഞു. എന്നിരുന്നാലും, 2021-22-ൽ, സേവന നിരക്കുകളിൽ നിന്നുള്ള ഐആർസിടിസിയുടെ 694.08 കോടിയായി വർദ്ധിച്ചു, കൺവീനിയൻസ് ഫീസിൽ നിന്നുള്ള വരുമാനത്തിൽ ഏകദേശം 100 ശതമാനം വർധനയെയാണ് ഇത് സൂചിപ്പിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ ഫെസിലിറ്റി ഫീസിൽ നിന്ന് ഇതിനകം 604.40 കോടി നേടിയിട്ടുണ്ട്.

ഇ-ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് ഐആർസിടിസി കൺവീനിയൻസ് ഫീസ് ഈടാക്കുന്നത്. എസി ക്ളാസ്സുകൾ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 30 രൂപയും യുപിഐ പേയ്മെന്റുകൾക്ക് 20 രൂപയും കൺവീനിയൻസ് ഫീയായി ഈടാക്കുന്നു. നോൺ എസി ക്ലാസിന്, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 15 രൂപയും യുപിഐ പേയ്മെന്റുകൾക്ക് 10 രൂപയും കൺവീനിയൻസ് ഫീ ആയി IRCTC ഈടാക്കുന്നു. എന്നാൽ, ടിക്കറ്റ് റദ്ദാക്കുമ്പോൾ കൺവീനിയൻസ് ഫീസ് തിരികെ നൽകില്ലെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

റെയിൽവേ പാസഞ്ചേഴ്സ് റൂൾസ് 2015 (ടിക്കറ്റ് റദ്ദാക്കൽ, നിരക്ക് തിരികെ നൽകൽ) പ്രകാരം ഒരു ക്യാൻസലേഷൻ അല്ലെങ്കിൽ ക്ലറിക്കൽ ചാർജ് ബാധകമാണെന്ന് ടിക്കറ്റ് റദ്ദാക്കൽ വിഷയത്തിൽ അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. റദ്ദാക്കൽ ചാർജ് റെയിൽവേ നിർണയിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.