- Trending Now:
കോട്ടയം: ഇൻഷുറൻസ് പോളിസി എടുത്ത രോഗിയ്ക്കുള്ള രോഗത്തിന് കിടത്തി ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡോക്ടർ ആണെന്നും ഇൻഷുറൻസ് കമ്പനി അല്ലെന്നും കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ. രോഗിയ്ക്ക് നൽകേണ്ട ചികിത്സയുടെ സ്വഭാവവും മരുന്നുകളുടെ രീതിയും തീരുമാനിക്കാനുള്ള അധികാരം ഡോക്ടർമാർക്കാണെന്നും രോഗിയുടെ ആരോഗ്യനിലയും ക്ഷേമവും മരുന്നുകളുടെ പ്രത്യാഘാതവും മാത്രമാണ് ഡോക്ടർമാർ പരിഗണിക്കുന്നതെന്നും ഉപഭോക്തൃ തർക്ക പരിഹാരകമ്മീഷൻ.
ആമവാത ചികിത്സയ്ക്കുള്ള ടോസിലിസുമാബ് ഇഞ്ചക്ഷൻ എടുക്കാൻ ആശുപത്രിയിൽ അഡ്മിറ്റായി 1,18,318 രൂപ തിരികെ ലഭിക്കാൻ ചിറക്കടവ് വാലുമണ്ണേൽ വി.ടി ജേക്കബ് യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനിയ്ക്കെതിരെ നൽകിയ കേസിലായാണ് നിരീക്ഷണം. ഹൃദയസംബന്ധമായ അസുഖങ്ങളും ബ്ലഡ് ഷുഗർ, കിഡ്നി സംബന്ധമായ അസുഖങ്ങളുമുള്ള ജേക്കബിന് ഇഞ്ചക്ഷൻ നൽകുമ്പോൾ മരുന്നിന്റെ റിയാക്ഷൻ ഉണ്ടാകാം. ഇൻഷുറൻസ് പോളിസി ഉടമയായ ജേക്കബിന്റെ മറ്റ് രോഗാവസ്ഥ പരിഗണിക്കാതെ മെഡിക്കൽ ടെസ്റ്റ്ബുക്കുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ചികിത്സാ ചെലവ് നിരസിച്ചത് കമ്പനിയുടെ ഭാഗത്തു നിന്നുള്ള സേവന വീഴ്ചയാണെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റായും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മീഷൻ കണ്ടെത്തി.
വളരെ യാന്ത്രികമായി കിടത്തി ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് ഇൻഷുറൻസ് പരിരക്ഷ ബിസിനസ് കാഴ്ചപ്പാടോടെ നിരസിക്കുന്നത് ആരോഗ്യ ഇൻഷുറൻസിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജേക്കബിന് 1,18,318 രൂപ 2022 ജനുവരി 25 മുതൽ 12 ശതമാനം പലിശ സഹിതം നൽകാനും 25000 രൂപ നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.