Sections

ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ; കോട്ടപ്പുറത്ത് വീയപുരം ചുണ്ടൻ ജേതാക്കൾ

Sunday, Oct 26, 2025
Reported By Admin
Veeyapuram Wins Champions Boat League Kotappuram Race

തൃശൂർ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കോട്ടപ്പുറത്ത് നടന്ന മത്സരത്തിൽ വീയപുരം വില്ലേജ് ബോട്ട് ക്ലബ്(പ്രൈഡ് ചേസേഴ്സ്) തുഴഞ്ഞ വീയപുരം ചുണ്ടൻ വിജയിച്ചു. കൈനകരിയിലും താഴത്തങ്ങാടിയിലും, പിറവത്തും വീയപുരം തന്നെയായിരുന്നു ജേതാക്കൾ.

പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (റിപ്പിൾ ബ്രേക്കേഴ്സ്) രണ്ടാം സ്ഥാനത്തും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ(കോസ്റ്റ് ഡോമിനേറ്റേഴ്സ്) മൂന്നാമതും ഫിനിഷ് ചെയ്തു.

തുടർച്ചയായി നാലാം വട്ടവും ചുണ്ടൻ വള്ളങ്ങളുടെ സിബിഎൽ മത്സരം വീയപുരം വിജയിച്ചു കയറിയപ്പോൾ ഇതു വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഈ സീസണിൽ ആദ്യമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടക്കത്തിൽ പിബിസി മേൽപ്പാടം ആധിപത്യം പുലർത്തിയിരുന്നെങ്കിലും നെട്ടായത്തിന്റെ പകുതി മുതൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ അവിശ്വസനീയ കുതിപ്പ് നടത്തി രണ്ടാമതെത്തി. തുടക്കത്തിൽ പതുങ്ങി കളിച്ച ആരാധകരുടെ പ്രിയപ്പെട്ട വീരു(വീയപുരം) വ്യക്തമായ ലീഡോടെ വിജയിയായി ഫിനിഷ് ചെയ്യുകയായിരുന്നു.

നടുവിലെ പറമ്പൻ (ഇമ്മാനുവേൽ ബോട്ട് ക്ലബ്-ചുണ്ടൻ വാരിയേഴ്സ്) നാല്, നിരണം ചുണ്ടൻ(നിരണം ബോട്ട് ക്ലബ്-സൂപ്പർ ഓർസ്) അഞ്ച്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്-ബാക്ക് വാട്ടർ ഷാർക്ക്സ്)ആറ്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി-തണ്ടർ ഓർസ്) ഏഴ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്-ബാക്ക് വാട്ടേഴ്സ് വാരിയേഴ്സ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്-വേവ് ഗ്ലൈഡേഴ്സ്) ഒമ്പത് എന്നിങ്ങനെയാണ് കോട്ടപ്പുറത്തെ ഫിനിഷ് നില.

വി എസ് സുനിൽകുമാർ എംഎൽഎ കോട്ടപ്പുറത്തെ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭാധ്യക്ഷ ടി കെ ഗീത, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎൽ നോഡൽ ഓഫീസറുമായ അഭിലാഷ് കുമാർ ടി ജി, ഡെ. ഡയറക്ടറും സിബിഎൽ സംസ്ഥാന കോ-ഓർഡിനേറ്ററുമായ ഡോ. അൻസാർ കെ എ എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി എസ് പ്രിൻസ്, സിബിഎൽ ടെക്നിക്കൽ കമ്മിറ്റിയംഗങ്ങൾ, നഗരസഭ-ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.