Sections

ക്ലീൻ ടെക് ചാലഞ്ച് - വിജയികളെ പ്രഖ്യാപിച്ചു

Thursday, Apr 13, 2023
Reported By Admin
Clean Energy

ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ നടത്തിയ ക്ലീൻ ടെക് ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു


ഊർജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ നടത്തിയ ക്ലീൻ ടെക് ചാലഞ്ചിലെ വിജയികളെ പ്രഖ്യാപിച്ചു. ചാലഞ്ചിൽ പങ്കെടുക്കുന്നതിന് ലഭിച്ച നൂറ് നൂതന ആശയങ്ങളിൽ നിന്നും പത്ത് ആശയങ്ങളാണ് തെരഞ്ഞെടുത്തത്. ക്ലീൻ എനർജി മേഖലയിൽ പ്രാവർത്തികമാക്കാവുന്നതാണ് ഈ ആശയങ്ങൾ. ഇന്ന് തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വൈദ്യൂതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് വിജയികളെ പ്രഖ്യാപിച്ചത്. കേരള സർക്കാർ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ക്ലീൻടെക് ചാലഞ്ചിൽ വിജയികളായവർക്ക് അവരുടെ ആശയങ്ങൾ പ്രയോഗത്തിൽ കൊണ്ടു വരുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും നൽകും എന്നും മന്ത്രി പറഞ്ഞു.

വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി.ജോയി മുഖ്യ പ്രഭാഷണം നടത്തി. 2040 ഓടു കൂടി പുനരുപയോഗ ഊർജ്ജ സ്രോതസുകളിലേക്ക് മാറുന്നതിനുള്ള കേരളത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് സാങ്കേതിക മുന്നേറ്റം അത്യാവശ്യമാണെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. അതിൽ യുവജനങ്ങളെ പങ്കെടുപ്പിക്കുന്നതിന് ക്ലീൻ ടെക് ചലഞ്ച് പോലുള്ള വേദികൾക്ക് സർക്കാർ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇ.എം.സി ഡയറക്ടർ ഡോ.ആർ.ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അനിൽകുമാർ, ഡയറക്ടർ ജേക്കബ് പൗലോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഇ.എം.സിയും തിരുവനന്തപുരം ദൂരദർശനും ചേർന്ന് നടത്തിയ Q-20 ക്വിസ് പരിപാടിയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

കേരളത്തിൽ ഹരിതോർജ്ജ സാങ്കേതിക വിദ്യകളുടെ വികസനത്തിനായി ഉർജ്ജ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളായ കെ.എസ്.ഇ.ബി.എൽ, അനെർട്ട്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എനർജി മാനേജ്മെന്റ് സെന്റർ എന്നിവയെ പ്രതിനിധീകരിച്ച് എനർജി മാനേജ്മെന്റ് സെന്ററും, കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (K-DISC), ഡൽഹിയുലുള്ള ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻകുബേഷൻ സെന്ററും ചേർന്ന് ജൂൺ 2022-നാണ് ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ (CEIBIC) ആരംഭിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.