Sections

ടൈപ്പ് 1 പ്രമേഹമുള്ള 1300-ലധികം കുട്ടികൾ സനോഫിയുടെ സോഷ്യൽ ഇംപാക്റ്റ് പ്രോഗ്രാമിലൂടെ നല്ല ഫലങ്ങൾ കൈവരിക്കുന്നു

Thursday, Sep 28, 2023
Reported By Admin
Sanofi

കൊച്ചി: റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യയും സനോഫിയും സഹകരിച്ച് നടത്തുന്ന സോഷ്യൽ ഇംപാക്റ്റ് പ്രോഗ്രാമിലൂടെ ടൈപ്പ് 1 ഡയബറ്റീസ് മെലിറ്റസുമായി കഴിയുന്ന കുട്ടികളുടെ ജീവിതം മെച്ചപ്പെടുന്നു. രാജ്യത്തുടനീളമായി 1300-ലധികം കുട്ടികളായ ടൈപ്പ് 1 ഡയബറ്റീസ് രോഗികൾ ഈ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. ഇതിൽ കേരളത്തിൽ നിന്നുള്ള 76 പേരും ഉൾപ്പെടുന്നു.

ടൈപ്പ് 1 ഡയബറ്റീസിനെ കുറിച്ച് മെച്ചപ്പെട്ട അറിവാണ് ഈ 1300 കുട്ടികൾക്ക് ലഭിക്കുന്നത്. 2022 സെപ്റ്റംബർ മുതൽ 2023 ജൂൺ വരെ ഈ പരിപാടിയുടെ ഇടപെടലിലൂടെ ഹൈപ്പോഗ്ലൈസീമിയ അനുഭവപ്പെടുന്ന (1 മുതൽ 4 തവണ പ്രതിവാരം) കുട്ടികളുടെ എണ്ണം 46% കുറയ്ക്കുവാൻ കഴിഞ്ഞു. അതേസമയം ഹൈപ്പർഗ്ലൈസീമിയ അനുഭവപ്പെടുന്ന (1 മുതൽ 4 തവണ പ്രതിവാരം) കുട്ടികളുടെ എണ്ണം 25%-വും കുറയ്ക്കുവാൻ കഴിഞ്ഞു.

ആഗോള ടൈപ്പ് 1 പ്രമേഹ സൂചിക പ്രകാരം ഇന്ത്യയിൽ ടൈപ്പ് 1 ഡയബറ്റീസ് പ്രതിവർഷം 6.7% എന്ന കണക്കിൽ വർദ്ധിക്കുന്നു. അതേസമയം ടൈപ്പ് 2 പ്രമേഹം 4.4% മാത്രമേ വർദ്ധിക്കുന്നുള്ളൂ. ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്ന വ്യക്തികളും അവരെ പരിപാലിക്കുന്നവരും ഇന്ത്യയിൽ പ്രമേഹ പരിപാലനത്തിൻറെ കാര്യത്തിൽ വെല്ലുവിളികൾ നേരിടുകയാണ്. ഇതിനു കാരണം ടൈപ്പ് 1 ഡയബറ്റീസ് ചികിത്സിക്കുവാനും കൈകാര്യം ചെയ്യുവാനും പരിശീലനം സിദ്ധിച്ച ഡോക്ടർമാരും മറ്റും വളരെ കുറച്ച് മാത്രമേ ഉള്ളൂ എന്നതാണ്. ടൈപ്പ് 1 ഡയബറ്റീസിനെക്കുറിച്ചുള്ള മോശമായ പൊതു അവബോധം, സാമൂഹിക-സാമ്പത്തിക പ്രയാസങ്ങൾ, കൃത്യമായ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, പ്രത്യേകിച്ച് അർദ്ധ-നഗര, ഗ്രാമീണ മേഖലകളിൽ, എന്നിവയൊക്കെ മറ്റ് വെല്ലുവിളികളാണ്. ഇൻസുലിൻ, ടെസ്റ്റ് സ്ട്രിപ്പുകൾ, നല്ല സ്വയം പരിപാലനം എന്നിങ്ങനെയുള്ള കാര്യങ്ങൾ ലഭ്യമായാൽ തന്നെ ഒരു വ്യക്തിക്ക് ആരോഗ്യകരമായ ജീവിതം തിരിച്ചു പിടിക്കാൻ സഹായിക്കും.

പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രൊഫഷണലുകളുടേയും ടൈപ്പ് 1 ഡയബറ്റീസ് അറിവ് നൽകുന്നവരുടേയും ഒരു ശൃംഖലയിലൂടെ ഇന്ത്യയിലുടനീളം ടൈപ്പ് 1 ഡയബറ്റീസ് രോഗികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുവാനുള്ള പിന്തുണാ പരിപാടിക്ക് രൂപം നൽകുക എന്നുള്ളതാണ് ഈ സാമൂഹിക പ്രഭാവ പരിപാടിയുടെ ലക്ഷ്യം. ഡോക്ടർമാർക്ക് പരിശീലനം നൽകുന്നത് കൃത്യമായ രോഗനിർണ്ണയവും പരിപാലനവും സാധ്യമാക്കുമ്പോൾ സങ്കീർണ്ണതകൾ സംഭവിക്കുന്നത് കുറയ്ക്കുന്നതിലേക്ക് നയിക്കും.

ഇന്ത്യയിൽ ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്ന നിരവധി കുട്ടികളുടെ ജീവിത നിലവാരം അതിവേഗം മെച്ചപ്പെടുന്നതിലേക്ക് നയിക്കുന്നതാണ് ഞങ്ങളുടെ സാമൂഹിക ഇടപെടൽ എന്നുള്ളത് വലിയ പ്രചോദനമായി മാറുന്നുണ്ടെന്ന് സനോഫി ഇന്ത്യ ലിമിറ്റഡിൻറെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻറ് കോർപ്പറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി സീനിയർ ഡയറക്ടറായ അപർണാ തോമസ് പറഞ്ഞു. രോഗനിർണ്ണയം, അവബോധം, കൗൺസലിങ്ങ് എന്നിവ ഉൾപ്പെടുന്ന ഒരു പൊതു പരിപാലന പരിപാടി സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഈ പരിപാടിക്ക് രൂപം നൽകിയിട്ടുള്ളത്. ചികിത്സകൾ ലഭിക്കുവാനുള്ള സാമ്പത്തിക പിന്തുണ ആവശ്യമായ 1300 കുട്ടികൾക്ക് സൗജന്യമായി ഇൻസുലിൻ നൽകുവാനുള്ള ഫണ്ടുകളും സനോഫി ഇന്ത്യയുടെ സോഷ്യൽ ഇംപാക്റ്റ് പ്രോഗ്രാമിലൂടെ ലഭ്യമാക്കുന്നുണ്ട്.

ടൈപ്പ് 2 പ്രമേഹം പോലെ ടൈപ്പ് 1 പ്രമേഹവും ഉയരുന്ന പ്രവണതയാണ് കാണുന്നതെന്ന് പ്രമുഖ പ്രമേഹ ചികിത്സകനായ ഡോക്ടർ ജ്യോതിദേവ് പറഞ്ഞു. ചികിത്സ, നിരീക്ഷണം, ഡോസേജ്, ടൈട്രേഷൻ എന്നീ കാര്യങ്ങളിൽ സമഗ്രമായ പരിശീലനവും അവബോധവും ഉണ്ടാകേണ്ടത് ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ മറികടക്കുവാൻ നിർണ്ണായകമാണ്. കേരളത്തിലെ ആരോഗ്യ പരിപാലന പ്രൊഫഷണലുകളേയും അവബോധം നൽകുന്നവരേയും ഉപകരണങ്ങളും അറിവുകളും നൽകി സജ്ജരാക്കുന്നതിലൂടെ ഈ കുട്ടികളുടെ ജീവിതത്തിൽ നിർണ്ണായകമായ മാറ്റം കൊണ്ടുവരുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.