- Trending Now:
വളരെ വിലക്കുറവില്‍ വലിയ ഓഫറോടെ മൊബൈലും മറ്റും വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് ഇ-കോമേഴ്‌സ് കമ്പനികള്‍ അവസരം ഒരുക്കിയിരുന്നതിന്റെ ഓമനപ്പേരായിരുന്നു ഫ്‌ലാഷ് സെയില്‍. ഏതെങ്കിലും പ്രത്യേക കമ്പനിയുടെ ഉത്പന്നമാകും ഫ്‌ലാഷ് സെയില്‍ വഴി വില്‍ക്കുക. നിമിഷ നേരം കൊണ്ട് ചൂടപ്പം പോലെയാണ് ഇവ വിറ്റ് പോയിരുന്നത്. എന്നാല്‍ ഇനിയത് നടപ്പില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിയമങ്ങളുടെ കരട് രേഖയില്‍ പറയുന്നത്.
പുതിയ ഇ-കോമേഴ്‌സ് നയങ്ങള്‍ ഈ മേഖലയിലെ ഓണ്‍ലൈന്‍ തട്ടിപ്പു തടയലും, കച്ചവടത്തിന്റെ ധാര്‍മ്മികതയ്ക്കുമായി കൂടുതല്‍ ഊന്നല്‍ നല്‍കുന്ന നിര്‍ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച പുറത്തിറക്കിയ നിയമങ്ങളുടെ കരട് പ്രകാരം, ഫ്‌ലാഷ് സെയിലുകള്‍ക്ക് നിരോധനം വരും. അതിനൊപ്പം കൃത്യസമയത്ത് ഉപയോക്താവ് ഓഡര്‍ ചെയ്ത വസ്തു എത്തിച്ചില്ലെങ്കില്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ശിക്ഷ നേരിടേണ്ടിവരും. ഫുഡ് ആന്റ് കണ്‍സ്യൂമര്‍ അഫേഴ്‌സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
വിപണന രംഗത്തെ സുതാര്യത, ഉപയോക്താവിന്റെ അവകാശം സംരക്ഷണം, കുത്തകവത്കരണം ഇല്ലാതാക്കി മത്സരം പ്രോത്സാഹിപ്പിക്കല്‍ എന്നിവയാണ് നിയമം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ പുറത്തിറക്കിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഇ-കോമേഴ്‌സ് റൂള്‍)2020 കരടുചട്ടങ്ങള്‍ക്ക് അടുത്ത മാസം 6 വരെ ഭേദഗതികള്‍ നിര്‍ദേശിക്കാം. ഇ-കോമേഴ്‌സ് സൈറ്റുകളില്‍ ക്രമസമാധാന സംവിധാനങ്ങളുമായി 24 മണിക്കൂറും ബന്ധം സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പുതിയ നിര്‍ദേശങ്ങള്‍ പറയുന്നുണ്ട്. അപ്രായോഗികമായ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നതും ചില പ്രത്യേക ഉല്‍പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതുമായ തുടര്‍ ഫ്‌ലാഷ് സെയിലുകള്‍ അനുവദിക്കില്ല എന്നും ഭേദഗതിയില്‍ പറയുന്നു.
അതേ സമയം ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ക്കു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ആമസോണ്‍, ഫ്‌ലിപ്കാര്‍ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികള്‍ വിപണിയിലെ മേല്‍ക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരില്‍ കോംപറ്റീഷന്‍ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് കേന്ദ്രം ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
ഉപഭോക്താവിന് നല്‍കുന്ന ഉല്പന്നത്തിന്റെ കാലാവധി വ്യക്തമാക്കണം. ഉല്‍പന്നം ഏതു രാജ്യത്തുനിന്ന് ഇറക്കുമതി ചെയ്തതെന്നു വ്യക്തമാക്കണം. സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഇ-കൊമേഴ്‌സ് സംരംഭം ഉത്തരവാദി ആയിരിക്കും തുടങ്ങിയവയും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
ഉത്പന്നത്തില്‍ നിര്‍മിച്ച രാജ്യത്തിന്റെ പേര് രേഖപ്പെടുത്തത്തതിനാല്‍ കഴിഞ്ഞ ദിവസം ഇ-കൊമേഴ്‌സ് സൈറ്റുകള്‍ക്ക് 34 ലക്ഷം രൂപ പിഴ സര്‍ക്കാര്‍ ചുമത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.