Sections

വ്യത്യസ്ത നിലപാടുമായി ബോളിവുഡ് താരം; സോഷ്യല്‍മീഡിയയുടെ ഗംഭീര കൈയ്യടി 

Wednesday, May 11, 2022
Reported By admin
sonu sood

താരം ഇപ്പോള്‍ ഒരു പരസ്യത്തില്‍ സഹകരിക്കുന്നതിന് സ്വീകരിച്ച നിലപാടിന്റെ പേരില്‍ ആരാധകരുടെ കയ്യടി നേടുകയാണ്


ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ നിരവധിയാളുകളുടെ ഹൃദയം കവര്‍ന്ന താരമാണ് സോനു സൂദ്. കൊവിഡ് മഹാമാരിക്കാലത്ത് പലയിടങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്കും പ്രതിസന്ധിയിലായവര്‍ക്കും സഹായങ്ങള്‍ ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച താരം ഇപ്പോള്‍ ഒരു പരസ്യത്തില്‍ സഹകരിക്കുന്നതിന് സ്വീകരിച്ച നിലപാടിന്റെ പേരില്‍ ആരാധകരുടെ കയ്യടി നേടുകയാണ്.

പണമില്ലാത്തതിനാല്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനാകാത്ത 50 പേര്‍ക്ക് ശസ്ത്രക്രിയ ചെയ്താല്‍ പരസ്യത്തില്‍ സഹകരിക്കാമെന്നാണ് താരം ആശുപത്രി അധികൃതരോട് പറഞ്ഞത്. ദി മാന്‍ എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായിലേക്കുള്ള യാത്രക്കിടെയാണ് ഇതുമായി ബന്ധപ്പെട്ട കോള്‍ വരുന്നതെന്ന് പറഞ്ഞാണ് താരം സംഭവം വിവരിച്ചത്.

'ഞാന്‍ ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ആശുപത്രിയില്‍ നിന്ന് എന്നെ ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരം 50 പേരുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആകെ 12 കോടിയോളം അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സാ ചെലവുകള്‍ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്' സോസു സൂദ് പറയുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതികരിക്കുന്നതിനിടെയായിരുന്നു താരം കരള്‍മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട വിവരവും പങ്കുവെച്ചത്. നേരത്തെ കൊവിഡ് കാലത്ത് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റുമായി വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സോനു സൂദ് ഒരുക്കിയിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ കയ്യടികളോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.