Sections

ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി എല്‍ സാല്‍വദോര്‍, ആശങ്ക പ്രകടിപ്പിച്ച് ഐഎംഎഫ്

Saturday, Jul 10, 2021
Reported By GOPIKA G.S.
bitcoin

ബിറ്റ്‌കോയിന് എല്‍ സാല്‍വദോറില്‍ അംഗീകാരം, ഐഎംഎഫിന് ആശങ്ക
 

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി മധ്യ അമേരിക്കയിലെ എല്‍ സാല്‍വദോര്‍. 90 ദിവസത്തിനകം ഇതു നിയമമാകുന്നതോടെ ഡിജിറ്റല്‍ കറന്‍സി വിനിമയം നിയമവിധേയമാകും.
നിലവിലെ കറന്‍സിയായ ഡോളര്‍ തുടരും. കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലെ ഗോപ്യഭാഷാസാങ്കേതം (encrypting) ഉപയോഗിച്ചു നിര്‍മിച്ച സാങ്കല്‍പിക നാണയമാണു ക്രിപ്‌റ്റോകറന്‍സി എന്ന ഡിജിറ്റല്‍ കറന്‍സി. ബിറ്റ്‌കോയിനാണു ഏറ്റവും പ്രചാരമുള്ള ക്രിപ്‌റ്റോകറന്‍സി. ഒരു ബിറ്റ്‌കോയിന്റെ മൂല്യം ഇന്നലെ  35,197 ഡോളറാണ് (25.67 ലക്ഷം രൂപ).
ഡിജിറ്റല്‍ കറന്‍സി ബിറ്റ്‌കോയിന് നിയമസാധുത നല്‍കിയതിലൂടെ പണമിടപാടില്‍ പൗരന് കൂടുതല്‍ സൗകര്യമാണ് എല്‍ സാല്‍വദോര്‍ തുറന്നിടുന്നത്. 2001മുതല്‍ എല്‍ സാല്‍വദോറിന്റെ ഔദ്യോഗിക കറന്‍സി യുഎസ് ഡോളറാണ്. സ്വന്തമായി ആഭ്യന്തര കറന്‍സി ഇല്ല.
ഇനി രാജ്യത്ത് യുഎസ് ഡോളര്‍, ബിറ്റ്‌കോയിന്‍ എന്നിവയില്‍ ഇഷ്ടമുള്ളത് വിനിമയത്തിനു തിരഞ്ഞെടുക്കാം. വിദേശത്തു താമസിക്കുന്നവര്‍ക്ക് നാട്ടിലേക്ക് ബിറ്റ്‌കോയിനായി പണം അയയ്ക്കാം. എല്‍ സാല്‍വദോറിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറിയ പങ്കും വിദേശത്തുള്ള പൗരന്മാര്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ്.
ബിറ്റ്‌കോയിന്‍ ഡോളറായി മാറ്റിയെടുക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കും. ബിറ്റ്‌കോയിന്‍-ഡോളര്‍ വിനിമയനിരക്ക് പ്രസിദ്ധീകരിക്കും. രാജ്യത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങാന്‍ ബിറ്റ്‌കോയിന്‍ ഉപയോഗിക്കാം. നികുതിയും ബിറ്റ്‌കോയിനായി അടയ്ക്കാം. 
അതേസമയം, 100 കോടി ഡോളറിന്റെ പദ്ധതിക്കായി രാജ്യാന്തര നാണ്യനിധിയുമായി(ഐഎംഎഫ്) ചര്‍ച്ച നടത്തുന്ന എല്‍ സാല്‍വദോറിന് പുതിയ തീരുമാനം തിരിച്ചടിയാകുമെന്നാണു  നിരീക്ഷകരുടെ വിലയിരുത്തല്‍. എല്‍ സാല്‍വദോറിന്റെ ഈ നീക്കത്തില്‍ ഐഎംഎഫ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 
''നിയമപരമായ ടെന്‍ഡറായി ബിറ്റ്‌കോയിന്‍ സ്വീകരിക്കുന്നത് സാമ്പത്തികവും, നിയമപരവുമായ ശ്രദ്ധാപൂര്‍വ്വമായ വിശകലനം ആവശ്യമുള്ള കാര്യമാണ്'' ഐഎംഎഫ് വക്താവ് ജെറി റൈസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എല്‍ സാല്‍വഡോറിലെ ഇപ്പോഴത്തെ നിയമം അനുസരിച്ചാണെങ്കില്‍ 20 വര്‍ഷത്തെ മുന്‍ക്കാല പ്രാബല്യത്തോടെയാണ് ബിറ്റ്‌കോയ്ന്‍ രാജ്യത്ത് പ്രബല്യത്തിലാക്കിയിരിക്കുന്നത്. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.