Sections

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വരുന്നത് വലിയ മാറ്റങ്ങളെന്ന് കായിക മന്ത്രി

Saturday, Aug 05, 2023
Reported By admin
kerala

വിദ്യാലയങ്ങളുടെ നവീകരണം, ആശുപത്രി നവീകരണം തുടങ്ങി വലിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്


അടിസ്ഥാന സൗകര്യവികസനത്തിൽ വലിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് വരുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. കുറ്റ്യാടി-മാഹി പുഴകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിന്റെ വലതുകരയിൽ ചേരിപ്പൊയിൽ അക്വഡേറ്റ് മുതൽ കല്ലേരി വരെയുള്ള ഒരു കിലോമീറ്റർ നീളമുള്ള ചേരിപ്പൊയിൽ കനാൽ ബണ്ട് റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ദേശീയപാത പ്രവൃത്തി. നിരവധി തടസ്സങ്ങൾ നേരിട്ട പദ്ധതി ഈ സർക്കാർ വന്നതിന് ശേഷമാണ് വേഗത്തിലായത്. കേരള സർക്കാരിന്റെ വിഹിതമായ 5400 കോടിരൂപയാണ് ദേശീയപാതക്ക് വേണ്ടി വിനിയോഗിച്ചത്. മറ്റുള്ള സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ നേരിട്ടാണ് ദേശീയപാത നിർമ്മാണത്തിനുള്ള പണം നൽകുന്നതെങ്കിൽ കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് കേരള സർക്കാരാണ് ആ പണം കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.

വിദ്യാലയങ്ങളുടെ നവീകരണം, ആശുപത്രി നവീകരണം തുടങ്ങി വലിയ മാറ്റങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. മലബാറിനെ സംബന്ധിച്ച് നിരവധി നേട്ടങ്ങൾ നൽകുന്ന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സാധിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഐടി പാർക്കുകളുടെ നിർമ്മാണമാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമെ കോഴിക്കോടും ഐടി പാർക്കുകൾ ആരംഭിക്കുകയാണ്. സംസ്ഥാന രൂപീകരണത്തിന് ശേഷം ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിയ സർക്കാരാണ് കേരളത്തിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു.

ഉൾനാടൻ ജലഗതാഗത വകുപ്പ് തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് 1.36 കോടി രൂപ ചെലവഴിച്ച് ചേരിപ്പൊയിൽ കനാൽ ബണ്ട് റോഡ് പ്രവൃത്തി പൂർത്തീകരിച്ചത്. 2022 ഏപ്രിൽ മാസത്തിലായിരുന്നു പ്രവൃത്തിയുടെ ഉദ്ഘാടനം. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ ഉൾപ്പെടുന്ന ചേരിപ്പൊയിൽ-കല്ലേരി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് ചേരിപ്പൊയിൽ അക്വഡേറ്റ് മുതൽ കല്ലേരി വരെ സുഗമമായ യാത്രയാണ് ഒരുക്കുന്നത്.

ഉൾനാടൻ ജലഗതാഗത വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഐ വി സുശീൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം വിമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം ലീന, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ സ്വാഗതം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.