Sections

ഡോ. ബീന പിള്ള രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി ഡയറക്ടർ

Friday, Apr 17, 2026
Reported By Admin
Dr Beena Pillai Appointed RGCB Director

തിരുവനന്തപുരം: പ്രശസ്ത ശാസ്ത്രജ്ഞയായ ഡോ. ബീന പിള്ള രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി (ബ്രിക്-ആർജിസിബി) ഡയറക്ടറായി ചുമതലയേറ്റു. ന്യൂഡൽഹിയിലെ സിഎസ്ഐആർ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇൻറഗ്രേറ്റീവ് ബയോളജിയിലെ ചീഫ് സയൻറിസ്റ്റാണ്.

കേന്ദ്ര മന്തിസഭയുടെ അപ്പോയിൻറ്മെൻറ് കമ്മിറ്റി അംഗീകരിച്ച ഈ നിയമനത്തിൻറെ കാലാവധി അഞ്ചു വർഷമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം ഡയറക്ടർ പദവിയൊഴിഞ്ഞ പ്രൊഫ. ചന്ദ്രഭാസ് നാരായണയുടെ പിൻഗാമിയായാണ് ഡോ. ബീന നിയമിതയാകുന്നത്.

ആർഎൻഎ ബയോളജി, ന്യൂറോണൽ വികസനവും അവയുടെ പ്രവർത്തനങ്ങളും തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രഗത്ഭയാണ് ബീന പിള്ള. സിഎസ്ഐആർ-ഐജിഐബിയിലെ അവരുടെ ലാബിൽ ന്യൂറോജെനിസിസ്, രോഗ സാധ്യതകൾ, മുതിർന്നവരുടെ പെരുമാറ്റം, രോഗങ്ങൾ എന്നിവയിൽ ആർഎൻഎയുടെ പങ്ക് സംബന്ധിച്ച പഠനങ്ങൾ നടക്കുന്നു.

എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ ബീന മുംബൈയിലെ റാംനരൈൻ റൂയിയ കോളേജിൽ നിന്ന് ബിരുദവും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഇൻറഗ്രേറ്റഡ് എംഎസ്-പിഎച്ച്ഡിയും കരസ്ഥമാക്കി. തുടർന്ന് സിഎസ്ഐആർ-ഐജിഐബിയിൽ യുവശാസ്ത്രജ്ഞയായി സേവനമാരംഭിച്ചു.

നാഷണൽ ബയോസയൻസ് അവാർഡ്, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി-യങ് സയൻറിസ്റ്റ് അവാർഡ്, സിഎസ്ഐആർ യങ് സയൻറിസ്റ്റ് അവാർഡ് (ബയോളജിക്കൽ സയൻസസ്) എന്നിവയുൾപ്പെടെ നിരവധി പ്രശസ്ത പുരസ്കാരങ്ങൾ ഡോ. ബീന നേടിയിട്ടുണ്ട്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൻറെ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നൊവേഷൻ കൗൺസിലിന് കീഴിലുള്ള ദേശീയ സ്ഥാപനമാണ് ബ്രിക്-ആർജിസിബി. രോഗജൈവ ശാസ്ത്രം, സാങ്കേതിക വികസനം, ട്രാൻസ്ലേഷണൽ സയൻസ്, പരിശീലനം എന്നിവയാണ് പ്രധാന പ്രവർത്തന മേഖലകൾ.

ജീനോമിക്സ്, മോളിക്യുലാർ മെഡിസിൻ, ബയോ ഇൻഫോർമാറ്റിക്സ് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിഎസ്ഐആർ-ഐജിഐബിയിൽ നിന്നുള്ള ഡോ. ബീന പിള്ള ബ്രിക്-ആർജിസിബിയിൽ പുതിയ പദ്ധതികൾക്ക് നേതൃത്വം നൽകുമെന്നാണ് പ്രതീക്ഷ. സിജിഎംപി സൗകര്യം, ബയോ-മാനുഫാക്ചറിംഗ് ഹബ്, ഓങ്കോളജി റഫറൽ ആശുപത്രി എന്നിവയുൾപ്പെടെ പുതിയ സംരംഭങ്ങൾ ഇതിലുൾപ്പെടുന്നു.

പുതിയ ഡയറക്ടർക്ക് ആർജിസിബിയിലെ ശാസ്ത്രജ്ഞർ ഹൃദ്യമായ വരവേൽപ്പ് നൽകി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.