Sections

കര്‍ഷക പെന്‍ഷന് ഓണ്‍ലൈനായി അപേക്ഷിക്കാം, എങ്ങനെ എന്നറിയേണ്ടേ?

Tuesday, Oct 04, 2022
Reported By admin
pension

സ്വന്തം ഇഷ്ടപ്രകാരം ഇതില്‍ ഉയര്‍ന്ന പ്രതിമാസ വിഹിതവും അംഗങ്ങള്‍ക്ക് അടയ്ക്കാവുന്നതാണ്

 

കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പദ്ധതിയില്‍ അംഗമാകുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ കര്‍ഷകര്‍ ക്ഷേമനിധി ബോര്‍ഡിന്റെ https://kfwfb.kerala.gov.in/ എന്ന പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാവുന്നതാണ്. പദ്ധതിയില്‍ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാണ്. ഉയര്‍ന്ന പ്രായ പരിധി 55 വയസുമാണ്.

ഗുണഭോക്താവ് ആകുന്നതിന് പദ്ധതിയില്‍ നിര്‍ദേശിക്കുന്ന രേഖകളും (കര്‍ഷകന്റെ സത്യപ്രസ്താവന, ഫോട്ടോ, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഉദ്യോസ്ഥന്റെ സാക്ഷ്യപത്രം ( കൃഷി ഓഫിസര്‍ ഒഴികെ) വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷകന്റെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, വയസ് തെളിയിക്കുന്ന രേഖ, ഭൂമിയുടെ കരം അടച്ച രസീതോ ഭൂമി സംബന്ധിച്ച രേഖകളോ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍) എന്നിവയും അപ്ലോഡ് ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപ ഓണ്‍ലൈനായി അടക്കണമെന്നും അധികൃതര്‍ അറിയിച്ചു.

അംഗമാകുന്നതിനുള്ള യോഗ്യത

കൃഷി, അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, ക്ഷീര വികസനം, മത്സ്യകൃഷി, പട്ടുനൂല്‍പ്പുഴു കൃഷി, തേനീച്ച വളര്‍ത്തല്‍, അലങ്കാര മത്സ്യകൃഷി, കൂണ്‍ കൃഷി, കാട കൃഷി തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം.
100 രൂപ വീതം അംശദായമായി പ്രതിമാസം അടയ്ക്കാം. സ്വന്തം ഇഷ്ടപ്രകാരം ഇതില്‍ ഉയര്‍ന്ന പ്രതിമാസ വിഹിതവും അംഗങ്ങള്‍ക്ക് അടയ്ക്കാവുന്നതാണ്. കാരണം ഉയര്‍ന്ന നിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. അംശദായം വാര്‍ഷികമായോ അര്‍ധ വാര്‍ഷികമായോ ഒരുമിച്ച് അടയ്ക്കാനുമാകും.

2020 ഒക്ടോബര്‍ 15നാണ് കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നത്. 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ലഭിക്കും. 25 വര്‍ഷം അംശദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന സേവനവും ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭിക്കുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.