Sections

ഇന്ത്യക്കാര്‍ക്ക് ആപ്പിളിനോട് കടുത്ത പ്രണയം; റെക്കോര്‍ഡ് വരുമാനം

Saturday, Oct 29, 2022
Reported By admin
apple

കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിള്‍ ഇന്ത്യയില്‍ ശക്തമായ പ്രകടനം ആണ് കാഴ്ച വെക്കുന്നത്


രാജ്യത്ത് ഉയര്‍ന്ന വരുമാനം റിപ്പോര്‍ട്ട് ചെയ്ത് ആപ്പിള്‍. സെപ്തംബറില്‍ അവസാനിച്ച പാദത്തിലാണ് സ്മാര്‍ട്ട്ഫോണുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, ഐപാഡുകള്‍ എന്നിവയുടെ ഉയര്‍ന്ന വില്‍പനയിലൂടെ ആപ്പിള്‍ ഉയര്‍ന്ന വരുമാനം നേടിയിരിക്കുന്നത്. ലാപ്ടോപ്പ്  വില്പനയിലാണ് ആപ്പിള്‍ കൂടുതല്‍ വിപണി വിഹിതം നേടിക്കൊണ്ടിരിക്കുന്നത്. ഐപാഡുകളും മാക്ബുക്കുകളും ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ആപ്പിളിനെ സഹായിച്ചു. 

സെപ്റ്റംബര്‍ പാദത്തില്‍ ആപ്പിള്‍ 90.1 ബില്യണ്‍ ഡോളറിന്റെ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി. സാധാരണ ആപ്പിളിന്റെ ഐഫോണാണ് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മുന്നേറ്റം നടത്താറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റ് ഉത്പന്നങ്ങളും വിപണിയില്‍ കൂടുതല്‍ മുന്നേറുന്നുണ്ട് എന്ന്  കൗണ്ടര്‍പോയിന്റ് ഇന്ത്യയുടെ ഗവേഷണ ഡയറക്ടര്‍ തരുണ്‍ പഥക് പറഞ്ഞു.  

എതിരാളികളായ  മെറ്റാ, ആല്‍ഫബെറ്റ്, മൈക്രോസോഫ്റ്റ് ഈ പാദത്തില്‍ നിക്ഷേപകരെ നിരാശരാക്കിയപ്പോള്‍ ആപ്പിള്‍ ത്രൈമാസ വരുമാനത്തില്‍ നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിള്‍ ഇന്ത്യയില്‍ ശക്തമായ പ്രകടനം ആണ് കാഴ്ച വെക്കുന്നത്. ജൂണ്‍ പാദത്തിലും ഇന്ത്യന്‍ യൂണിറ്റ് റെക്കോര്‍ഡ് ത്രൈമാസ വരുമാനം റിപ്പോര്‍ട്ട് ചെയ്തതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് പറഞ്ഞു. ഇത് കമ്പനിയുടെ പുതിയ സര്‍വകാല റെക്കോര്‍ഡ് ആണെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ലൂക്കാ മാസ്ട്രി പറഞ്ഞു.

ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ ഏറ്റവും വലിയ വിപണി വിഹിതം ആപ്പിളിനുണ്ട്. 30,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള പ്രീമിയം സ്മാര്‍ട്ട്ഫോണുകളുടെ 44 ശതമാനം വിപണി വിഹിതം ആപ്പിളിന് സ്വന്തമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആപ്പിളിന്റെ വരുമാനം  46 ശതമാനം ഉയര്‍ന്ന് 33,312.9 കോടി രൂപയായി. അറ്റാദായം 3 ശതമാനം ഉയര്‍ന്ന് 1,263 കോടി രൂപയായി. ആപ്പിളിന്റെ ഇന്ത്യയിലെ ഐഫോണ്‍ കയറ്റുമതി ഏകദേശം 4.8 ദശലക്ഷം യൂണിറ്റിലെത്തി.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.