Sections

പ്രായമായവരിലെ കേൾവി തകരാറും പരിഹാരമാർഗങ്ങളും

Thursday, Nov 20, 2025
Reported By Soumya
Age-Related Hearing Loss: Causes, Signs and Solutions

കേൾവി ശക്തി കുറയുന്നതോടെ ഒറ്റപ്പെടലും മാനസിക സമ്മർദവും അനുഭവിക്കുന്നവരാണ് പ്രായമായവരിൽ പലരും. പ്രായമാകുമ്പോൾ അനുഭവപ്പെടുന്ന കേൾവി തകരാറും അതിനെ മറികടക്കാനുള്ള മാർഗങ്ങളെയും കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • പ്രായമായവരിലുണ്ടാകുന്ന കേൾവിക്കുറവിന് കാരണങ്ങൾ പലതാണ്. ഇവരിൽ പ്രധാനമായും ഉണ്ടാകുന്ന കേൾവിക്കുറവാണ് 'പ്രെസ്ബൈക്യൂസസ്'. പ്രായം കൂടുമ്പോൾ ചെവിയിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബലക്ഷയമാണ് ഈ അവസ്ഥയ്ക്കു കാരണം. എല്ലാ ആളുകൾക്കും ഈ അവസ്ഥയുണ്ടാകും. 60-65 വയസ്സിന് ഇടയിൽ സാധാരണ നിലയിൽ ഞരമ്പുകൾക്ക് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങും. കേൾവിക്കുറവ് ഒരു ചെവിക്ക് മാത്രമായി അനുഭവപ്പെടില്ല. 2 ചെവിക്കും ഒരേ രീതിയിൽ തന്നെ കേൾവി കുറയും. ചെവിയിൽ മൂളൽ, ഇരമ്പൽ എന്നിവ രോഗികൾക്ക് അനുഭവപ്പെടാറുണ്ട്.
  • വേഗത കുറച്ച് സംസാരിക്കാൻ ആവശ്യപ്പെടുക. വ്യക്തമായി സംസാരിക്കാനോ ഉറക്കെ സംസാരിക്കാനോ പറയുക, പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയാൻ ആവശ്യപ്പെടുക, ശബ്ദം കുറവാണെന്ന കാരണത്താൽ റേഡിയോ, ടെലിവിഷൻ എന്നിവ ഉയർന്ന ശബ്ദത്തിൽ വയ്ക്കുക, ഫോണിൽകൂടി സംസാരിക്കുമ്പോൾ വീണ്ടും വീണ്ടും കാര്യങ്ങൾ ചോദിക്കുക എന്നിവ പ്രെസ്ബൈക്യൂസിസിന്റെ ലക്ഷണമാണ്.
  • കേൾവി കുറഞ്ഞു എന്ന് തോന്നൽ ഉണ്ടായാൽ സംസാരിക്കുന്നവരുടെ ചുണ്ടുകളിലാവും അവർ നോക്കുക. ചുണ്ടിന്റെ ചലനങ്ങളിലൂടെ പറയുന്ന കാര്യങ്ങൾ ഇവർ മനസ്സിലാക്കും. കേൾവി ശക്തി കുറയുന്നവർ ഉറക്കെ സംസാരിക്കാൻ ശ്രമിക്കും.
  • കേൾവി കുറഞ്ഞെന്നു പറഞ്ഞ് പ്രായമായവരെ കളിയാക്കാൻ പാടില്ല. നാളെ ഇതേ അവസ്ഥയിൽ പലരും കടന്നു പോകേണ്ടവർ ആണ്. കേൾവി ശക്തി കുറഞ്ഞവരുടെ മുന്നിൽ നിന്ന് സംസാരിച്ചാൽ മാത്രമെ ചുണ്ടിന്റെ ചലനത്തിലൂടെ സംസാരിക്കുന്നത് എന്തെന്ന് അവർ മനസ്സിലാക്കുകയുള്ളു. കേൾവി കുറഞ്ഞെന്നു കരുതി ഇവരുടെ ചെവിയുടെ അടുത്ത് നിന്ന് ഉറക്കെ സംസാരിക്കരുത്. ഉറച്ച ശബ്ദത്തിൽ സംസാരിച്ചാൽ ഇവർക്ക് ചെവിയിൽ വലിയ മുഴക്കമാകും ഉണ്ടാവുക.
  • പ്രമേഹം, രക്തസമ്മർദം, എന്നിവ ഉള്ളവർക്ക് കേൾവി ശക്തി കുറയാൻ സാധ്യതയുണ്ട്. കോവിഡ് വന്നവരിലും കേൾവിശക്തി കുറയാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ടെങ്കിലും ഇത് വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ ഇടയ്ക്കിടക്ക് കേൾവി ശക്തി പരിശോധിക്കണം.
  • ഓഡിയോഗ്രാം പരിശോധനയാണ് സാധാരണ നടത്തുന്നത്. കേൾവിക്കുറവുണ്ടോയെന്നും അതിന്റെ കാരണം കണ്ടെത്താനും ഇത് സഹായിക്കും ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ കേൾവിക്കുറവുള്ള ആളിനെ ആദ്യം പരിശോധനയ്ക്ക് വിധേയനാക്കും. 20 ഡെസിബലിന് മുകളിലുള്ള ശബ്ദങ്ങൾ കേൾക്കാത്ത അവസ്ഥയാണ് കേൾവിക്കുറുവായി കണക്കാക്കുന്നത്. ഇതിൽ എത്ര ഡെസിബൽ കേൾവിക്കുറവുണ്ടെന്ന് മനസ്സിലാക്കിയ ശേഷം ശ്രവണ സഹായിയിലും അതുപോലെ ക്രമീകരണം നടത്തുന്നു.

ശ്രവണസഹായി ഉപയോഗിക്കുമ്പോൾ

  • കിടക്കുകയും കുളിക്കുകയും ചെയ്യുമ്പോൾ ശ്രവണസഹായി ഊരിവയ്ക്കുക.
  • ബാറ്ററി ഇടവേളകളിൽ മാറണം.
  • സർവീസ് സപ്പോട്ട് ഉള്ള സാധനങ്ങൾ മാത്രം വാങ്ങിവയ്ക്കുക. ഇത് ഡോക്ടറോടു ചോദിച്ചു മനസിലാക്കാവുന്നതാണ്.
  • വെള്ളം കയറാതെയും വിയർപ്പ് നനയാതെയും സൂക്ഷിക്കണം.
  • ലോക്കൽ സർവീസുള്ള സാധനങ്ങൾ മാത്രം വാങ്ങുക.
  • ചെവിയുടെ അകത്തുവയ്ക്കുന്ന ശ്രവണ സഹായികൾ പ്രായമായവർക്ക് അനുയോജ്യമാകണമെന്നില്ല.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.