- Trending Now:
കൊച്ചി: കോഴിക്കോട്ടെ ഗ്രാമപ്രദേശമായ എളീട്ടിൽ വാട്ടോളിയിൽ നിന്ന് വളർന്നു വന്ന സ്റ്റാർട്ടപ്പായ ക്യൂബേ കരിയർ ഫിൻലാൻഡ് സർക്കാരിന്റെ പ്രശസ്തമായ സിസു ലോഞ്ച്പാഡ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തിൽ ഫിൻലാൻഡ് സർക്കാർ തെരഞ്ഞെടുത്ത മുൻനിര 20 സ്റ്റാർട്ടപ്പുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ക്യൂബേ കരിയർ.
ക്യൂബേ സ്ഥാപകരായ ഫാസിൽ കരാട്ടും ഡോ. മുഹമ്മദ് ഷഫീഖ് കരാട്ടും ഇപ്പോൾ ഹെൽസിങ്കിയിൽ നടക്കുന്ന, നോർഡിക് രാജ്യങ്ങളും യൂറോപ്യൻ യൂണിയൻ വിപണിയും ലക്ഷ്യമിടുന്ന പ്രമുഖ ആക്സിലറേറ്റർ പ്രോഗ്രാമിൽ പങ്കെടുക്കുകയാണ്. യുകെ, അയർലൻഡ്, യൂറോപ്പ്, എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ക്യൂബേ കരിയർ മാർഗനിർദ്ദേശം, ജോലിക്കുള്ള തയ്യാറെടുപ്പ്, അപേക്ഷ മുതൽ അഭിമുഖം വരെ സമ്പൂർണ്ണ പിന്തുണ എന്നിവ നൽകുന്നു.
ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 സ്റ്റാർട്ടപ്പുകളിൽ ഒന്നാകാൻ കഴിഞ്ഞത് കേരള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്കുള്ള വലിയ അംഗീകാരമാണെന്ന് ക്യൂബേ സ്ഥാപകർ വ്യക്തമാക്കി. സിസു ലോഞ്ച്പാഡിലേക്ക് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സ്റ്റാർട്ടപ്പും ക്യൂബേ ആണ്. ഡോ. ഫാസിലിന് ഫിൻലാൻഡ് റിപ്പബ്ലിക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
സിസു ലോഞ്ച് പാഡ് പോലുള്ള അന്താരാഷ്ട്ര വേദിയിലേക്ക് എത്താൻ കഴിഞ്ഞത് കേരളത്തിലെ സംരംഭകശേഷിയുടെ അംഗീകാരം ആണെന്ന് ഫാസിൽ പറഞ്ഞു. കോഴിക്കോട്ടെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ക്യൂബേയ്ക്ക് കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പിന്തുണയോടെയാണ് ആഗോള വിപണിയിലെത്താൻ സഹായകമായത്. ഇത്തരമൊരു നേട്ടത്തോടെ ക്യൂബേ കരിയർ യൂറോപ്യൻ വിപണിയിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ നിർണ്ണായക ചുവടുവെപ്പാണ് നടത്തുന്നതെന്നും ഫാസിൽ പറഞ്ഞു.
യൂറോപ്യൻ യൂണിയനു പുറത്തുള്ള സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേകിച്ച് ഫിൻലാൻഡ് വിപണിയിൽ പ്രവേശിക്കാൻ സഹായിക്കുന്നതിനു വേണ്ടിയുള്ള ആക്സിലറേറ്റർ പദ്ധതിയാണ് സിസു ലോഞ്ച്പാഡ്. മെന്റോർഷിപ്പ്, ഇൻവെസ്റ്റർ ബന്ധങ്ങൾ, പ്രായോഗിക ബിസിനസ് പരിശീലനം എന്നിവ നൽകുകയും, ഫിൻലാൻഡിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മനസിലാക്കുന്നതിനായി സ്ഥാപകരെ സഹായിക്കുകയും ചെയ്യുന്നു. യൂറോപ്യൻ വിപണിയിലെ നിക്ഷേപകരിലേക്കും അവസരങ്ങളിലേക്കും സ്റ്റാർട്ടപ്പുകൾക്ക് നേരിട്ടുള്ള പ്രവേശനവും ഈ പ്രോഗ്രാം ഒരുക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.